ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമായി

Monday 4 July 2011 4:17 pm IST

പാറ്റ്ന: കനത്ത മഴയെത്തുടര്‍ന്ന് ബിഹാറില്‍ വെളളപ്പൊക്കം രൂക്ഷമായി. ബാഗ്മതി, മഹാനന്ദ, ഗാന്ധക്, കോസി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മുസാഫര്‍പുര്‍, സീതാമര്‍ഹി ജില്ലകളില്‍ രണ്ടു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ഗോപാല്‍ഗജ്ജ്, പൂര്‍ണിയ, അരാരിയ, സഹര്‍ഷാ, മധേപ്പൂര, ബാഗഹ ജില്ലകളിലും പ്രളയം നാശം വിതച്ചു. ബാഗ്മതി നദി കവിഞ്ഞൊഴുകിയതു 2000 കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ സുരക്ഷാ സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു‍. പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പു മുന്നറിയിപ്പു നല്‍കി. ബിഹാറില്‍ നിന്നു നേപ്പാളിലേക്ക് ഒഴുകുന്ന കോസി നദി കര കവിഞ്ഞൊഴുകുന്നതിനാല്‍ നേപ്പാളിലും വെളളപ്പൊക്കം രൂക്ഷമാണ്. 2008ല്‍ ഈ നദി കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു ബിഹാറിലും നേപ്പാളിലുമായി 60,000ത്തിലധികം പേരാണു ദുരിതമനുഭവിച്ചത്.