കൊച്ചി: രഞ്ജിത്തിന്റെ ലീല എന്ന സിനിമയുടെ പോസ്റ്ററുകള്‍ അംഗീകരിച്ചു ഇന്നു തന്നെ സീല്‍ ചെയ്തു നല്കാന് കേരള ഫിലിം ചേംബേഴ്സ് ഓഫ് കൊമേഴ്സിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ പരിശോധിച്ച് അശ്ലീലമില്ലെന്ന് ബോധ്യപ്പെട്ട് സീല്‍ ചെയ്തു നല്‍കേണ്ട ഫിലിം ചേംബര്‍ അധികൃതര്‍ ഇതിനു തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന് രഞ്ജിത്ത് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് ഇടക്കാല ഉത്തരവു നല്‍കിയത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ സീല്‍ ചെയ്തു നല്‍കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സംവിധായകന് എന്ന നിലയില്‍ തനിക്ക് നിര്‍മ്മാതാക്കളുമായോ സര്‍ക്കാരുമായോ തര്‍ക്കമുണ്ടാകാം. ഇതൊന്നും പോസ്റ്റര്‍ സീല്‍ ചെയ്തു നല്കാതിരിക്കാനുള്ള കാരണമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
സിനിമയുടെ പോസ്റ്ററുകള്‍ സീല്‍ ചെയ്യുന്നതിനുള്ള അധികാരം സ്വകാര്യ സംഘടനയായ ഫിലിം ചേംബറില്‍ നിന്ന് മാറ്റി ചലച്ചിത്രഅക്കാഡമിയെയോ സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷനെയോ ഏല്പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: