സര്‍ക്കാരുകള്‍ പറഞ്ഞ് പറ്റിക്കുന്നു; ജീവിക്കാനുള്ള ശമ്പളമില്ലാതെ അങ്കണവാടി ജീവനക്കാര്‍

Wednesday 6 April 2016 9:36 am IST

ഇടുക്കി: കുരുന്നുകള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന അങ്കണവാടി അധ്യാപകര്‍ക്കും ആയമാര്‍ക്കും മെച്ചമായ ശമ്പളം ലഭ്യമാക്കാന്‍ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. അധ്യാപകര്‍ക്ക് മാസം 5600 രൂപയും ആയമാര്‍ക്ക് 4100 രൂപയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ ജോലി നോക്കിയാല്‍ ശരാശരി 200 രൂപയില്‍ താഴെയാണ് ഇവരുടെ ദിവസവരുമാനം. മറ്റ് ഏത് ജോലിക്ക് പോയാലും ഈ തുകയുടെ ഇരട്ടി കൂലി ലഭിക്കും. എന്നാല്‍ ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി ഈ മേഖലയില്‍ ജോലിനോക്കുന്ന ജീവനക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഭരണവര്‍ഗ്ഗത്തിന് ബാധ്യതയുണ്ട്. സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ കുരുന്നുകളുടെയും അമ്മമാരുടെയും ക്ഷേമത്തിനായി അങ്കണവാടിക്കാര്‍ വിയര്‍പ്പൊഴുക്കുന്നതിന്റെ നാലിലൊന്ന് പ്രതിഫലംപോലും ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ 32000ത്തിലധികം അങ്കണവാടികളുണ്ട്. ഈ അങ്കണവാടികളിലായി 72000 ജീവനക്കാര്‍ ജോലിനോക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാരും അങ്കണവാടി ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന രൂപീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കും പ്രതിഷേധ പരിപാടികള്‍ക്കും ഇവരെ തരാതരം ഉപയോഗിക്കുകയാണ്. ഇതിനോട് എതിര്‍പ്പ് പറഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരും ജനപ്രതിനിധികളും ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിക്കും. എല്ലാ ജീവനക്കാരും ഒറ്റസംഘടനയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവരുടെ അവകാശസമരങ്ങള്‍ എത്തേണ്ടിടത്ത് എത്തുന്നുമില്ല. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ ദേശീയതലത്തില്‍ അങ്കണവാടി ജീവനക്കാരോട് പുലര്‍ത്തിയ മാനവികസമീപനം പിന്നീട് വന്ന ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും പുലര്‍ത്തിയില്ല. ഇപ്പോള്‍ അങ്കണവാടികളുടെ സംരക്ഷണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. കഴിഞ്ഞ ബജറ്റില്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. അധ്യാപകരുടെ ശമ്പളം 10000വും ആയമാരുടെ ശമ്പളം 7000വും ആക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ പ്രഖ്യാപനം നടപ്പായിട്ടില്ല. സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെന്നു പറയുന്ന ശമ്പളം നല്‍കേണ്ട ചുമതല അതാത് പഞ്ചായത്തുകളുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ നീക്കം പ്രാവര്‍ത്തികമാകുമോയെന്ന് കാത്തിരുന്ന് കാണണം. മോദി സര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ് ജീനവക്കാര്‍ക്ക് അല്‍പം ആശ്വാസം പകരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.