മെട്രോ റെയിലിന്‌ ആസൂത്രണ കമ്മീഷന്റെ പച്ചക്കൊടി

Tuesday 24 January 2012 11:17 pm IST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക്‌ കേന്ദ്ര അനുമതി യാഥാര്‍ത്ഥ്യമാകുന്നു. ഒട്ടേറെ കാത്തിരിപ്പിന്‌ ശേഷം ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ പച്ചക്കൊടി കാട്ടി. ഇന്നലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടേക്‌ സിംഗ്‌ ആലുവാലിയയാണ്‌ ഇക്കാര്യത്തിലുള്ള അനുകൂല നിലപാട്‌ പ്രഖ്യാപിച്ചത്‌.പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി ഉടന്‍ നല്‍കുമെന്നും ഏതാനും ആഴ്ചകള്‍ക്കകം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ആലുവാലിയ പറഞ്ഞു.മെട്രോ റയില്‍ പദ്ധതിക്കുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മണപ്പാട്ടിപ്പറമ്പില്‍ ഡല്‍ഹി മെട്രോറയില്‍ കോര്‍പറേഷന്റെ നിര്‍മാണ സൈറ്റിലെത്തിയ ഡോ.ആലുവാലിയ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണിത്‌. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ:കെ.വി.തോമസ്‌ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുപോലെ ഏപ്രിലോടെ പദ്ധതിയുടെ ആദ്യഘട്ടപ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കാന്‍ കഴിയും. സര്‍ക്കാര്‍ -സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം പദ്ധതികള്‍ നടപ്പാക്കണമെന്നതാണ്‌ ആസൂത്രണ കമ്മീഷന്റെ നയം. എന്നാല്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊളളുന്ന തീരുമാനത്തിന്‌ കമ്മീഷന്റെ പൊതുനയം തടസമാകില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും മെട്രോ റയില്‍ സൗകര്യം വേണമെന്നതാണ്‌ ആസൂത്രണ കമ്മീഷന്റെ നിലപാട്‌. എന്നാല്‍ അവ മറ്റ്‌ ഗതാഗത ശ്യംഖലയില്‍ നിന്നും വേറിട്ട്നില്‍ക്കരുത്‌. മൊത്തം പൊതുഗതാഗത വികസനവും ഒന്നിച്ചുകണ്ടുളള സമീപനമാണ്‌ അഭികാമ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ തൃപ്തികരമാണെന്ന്‌ ഡപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു. 12-ാ‍ം പഞ്ചവത്സര പദ്ധതി കാലയളവില്‍ കേരളത്തിന്റെ വന്‍വികസനത്തിനുളള പല പ്രമുഖ പദ്ധതികള്‍ക്കും അനുമതി ലഭിക്കുമെന്ന്‌ ഡോ.ആലുവാലിയ വ്യക്തമാക്കി. ഇന്‍ഡ്യയില്‍ വികസന മുന്നേറ്റമുണ്ടാകേണ്ട പ്രമുഖസംസ്ഥാനമായാണ്‌ കേരളത്തെ കാണുന്നത്‌. സംസ്ഥാനത്ത്‌ തൃപ്തികരമായ സാമ്പത്തിക വളര്‍ച്ചാനിരക്കുമുണ്ട്‌. അവ കണക്കിലെടുത്തുകൊണ്ടുളള സമീപനം സംസ്ഥാനത്തിന്റെ പുതിയ പദ്ധതികള്‍ക്ക്‌ നല്‍കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കെ.എസ്‌.ആര്‍.ടി.സി സ്റ്റേഷനുസമീപം സലിംരാജന്‍ റോഡില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ സൈറ്റിലാണ്‌ അദ്ദേഹം ആദ്യമെത്തിയത്‌. പെയിലിംഗ്‌ ജോലികളുടെ പുരോഗതി അവലോകനം ചെയ്ത ശേഷം നോര്‍ത്ത്‌ മേല്‍പ്പാലം സൈറ്റിലെത്തി പ്രവൃത്തികള്‍ നിരീക്ഷിച്ചു. അതിനുശേഷമാണ്‌ മണപ്പാട്ടിപ്പറമ്പിലെത്തി ഗര്‍ഡര്‍ നിര്‍മാണവും അനുബന്ധജോലികളും വിലയിരുത്തിയത്‌. മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മെട്രോ സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ്‌, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌, ഡപ്യൂട്ടി കളക്ടര്‍ കെ.പി.മോഹന്‍ദാസ്‌ പിളള, ആര്‍.ഡി.ഒ എസ്‌.ഷാനവാസ്‌, ഡി.എം.ആര്‍.സി പ്രോജക്ട്‌ ഡയറക്ടര്‍ പി.ശ്രീറാം, ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ വി.ആര്‍.സുധി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.