കുട്ടനാട്ടില്‍ രണ്ടാംകൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങി

Wednesday 6 April 2016 8:46 pm IST

എടത്വ: പുഞ്ചക്കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ രണ്ടാംകൃഷിയുടെ ഒരുക്കങ്ങള്‍ കാലേകൂട്ടി ആരംഭിച്ചു. കഴിഞ്ഞ സീസണില്‍ രണ്ടാംകൃഷി വൈകിയതുമൂലം പുഞ്ചകൃഷിയും താമസിച്ചിരുന്നു. അതിനാലാണ് ഇക്കുറി കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഉടനെ ഒരുക്കങ്ങള്‍ ആരംഭിച്ചത്. വൈക്കോല്‍ കത്തിച്ച ശേഷം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിക്കുകയും, കുമ്മായം വിതറി മണ്ണിനോടൊപ്പം ചേര്‍ത്ത് വെള്ളം കയറ്റി മുക്കിയിടുകയും പിന്നീട് വെള്ളം പമ്പുചെയ്ത് വറ്റിച്ച് പുളികളയുകയുമാണ് ആദ്യഘട്ടം ചെയ്യുന്നത്. ഒരു മാസത്തിനകം വിതയിറക്കാനാണ് ലക്ഷ്യം. കഴിഞ്ഞ സീസണില്‍ പതിനായിരത്തില്‍ താഴെ ഹെക്ടറില്‍ മാത്രമാണ് കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയത്. ഇക്കുറി 15,000 ഹെക്ടറില്‍ കൃഷിയിറക്കാനാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ രണ്ടാംകൃഷി ഇറക്കിയ പാടങ്ങളില്‍ ഇതുവരെ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. മുന്‍കാലങ്ങളില്‍ 20000 ഹെക്ടര്‍ വരെ രണ്ടാംകൃഷി ഇറക്കിയിരുന്നു. പുറംബണ്ടുകള്‍ക്കു ബലക്ഷയം സംഭവിച്ച് പാടം മട വീഴാന്‍ തുടങ്ങിയതോടെ കൃഷി കുറഞ്ഞുവന്നു. കുട്ടനാട് പാക്കേജില്‍ ഒന്നാമത്തെ പരിഗണന പുറംബണ്ട നിര്‍മിക്കാനായിരുന്നു. പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ചോ കരിങ്കല്ല് കെട്ടിയോ പാടത്തിന്റെ ബണ്ട്ടുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ചില പാടശേഖരങ്ങളുടെ ബണ്ട് നിര്‍മ്മിച്ചതല്ലാതെ കൂടുതല്‍ ഫലവത്തായില്ല. ഇപ്പോള്‍ പാക്കേജിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കര്‍ഷകരുടെ പ്രതീക്ഷ തീര്‍ത്തും അസ്തമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.