മുംബൈ സ്‌ഫോടന പരമ്പര: മൂന്നു പേര്‍ക്ക് ജീവപര്യന്തം

Wednesday 6 April 2016 9:09 pm IST

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പേരില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുഖ്യപ്രതി മുസാമില്‍ അന്‍സാരി അടക്കം മൂന്ന് പേര്‍ക്കാണ് ജീവപര്യന്തം. പ്രത്യേക പോട്ട കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷവും രണ്ടുപേര്‍ക്ക് രണ്ടുവര്‍ഷം വീതം തടവ് ശിക്ഷയും വിധിച്ചു. 2002 ഡിസംബര്‍ മുതല്‍ 2003 മാര്‍ച്ച് വരെ നടന്ന വിവിധ സ്‌ഫോടന പരമ്പരകളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിമി മുന്‍ അംഗങ്ങളായ വാഹിദ് അന്‍സാരി, ഫാര്‍ഖാന്‍ ഖോട്ട് എന്നിവരാണ് ജീവപര്യന്തം ലഭിച്ച മറ്റ് രണ്ടുപേര്‍. പ്രത്യേക ജഡ്ജി പി.ആര്‍. ദേശ്മുഖ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞമാസം പോട്ട കോടതി പത്ത് പേരെ കുറ്റവാളികളായി കണ്ടെത്തിയിരുന്നു. മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയുടെ ജനറല്‍ സെക്രട്ടറി സാക്വിബ് നാച്ചന്‍, അതീഫ് നസീര്‍ മുല്ല, ഹസീബ് അസീസ് മുല്ല, ഖുലാം ഖോട്ടല്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചു. സ്‌ഫോടന പരമ്പരയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നീതി ലഭിക്കേണ്ടതുണ്ടെന്ന് മുന്‍പോലീസ് ഓഫീസര്‍ സച്ചിന്‍ വാസ് പറഞ്ഞു. അന്വേഷണ സംഘം നല്ലരീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതില്‍ അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം നീണ്ടുനിന്ന സ്‌ഫോടന പരമ്പരകളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് ഗുരുതരമായി പരിക്കേള്‍ക്കുകയും ചെയ്തിരുന്നു. 2002 ഡിസംബര്‍ രണ്ടിനാണ് സ്‌ഫോടനങ്ങള്‍ തുടങ്ങുന്നത്. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മാക് ഡൊണാള്‍ഡ് റെസ്റ്ററന്റിലാണ് ആദ്യ സ്‌ഫോടനം നടക്കുന്നത്. 2003 ജനുവരി 27നാണ് വിലേ പാര്‍ലെ ഈസ്റ്റ് മാര്‍ക്കറ്റില്‍ രണ്ടാമത്തെ സ്‌ഫോടനമുണ്ടാകുന്നത്. 2003 മാര്‍ച്ച് 13ന് മുലൈന്ദ് റെയില്‍വേ സ്റ്റേഷന് സമീപം ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 പേരാണ് അറസ്റ്റിലായത്. ഇതില്‍ 15 പേര്‍ക്ക് 2011ല്‍ ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതി മുസാമില്‍ അന്‍സാരിയുടെ ജാമ്യാപേക്ഷ നിരവധി വട്ടം കോടതി നിരസിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.