കലഹം ഒഴിയാതെ കോണ്‍ഗ്രസ്: റിബലുകള്‍ രംഗത്തെത്തും

Wednesday 6 April 2016 9:25 pm IST

ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ കലഹങ്ങള്‍ ഒഴിയുന്നില്ല, ഗ്രൂപ്പുകള്‍ക്കുള്ളിലും പൊട്ടിത്തെറി. ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. അമ്പലപ്പുഴ ജനതാദള്‍ യുവിന് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. ഡിസിസി നേതാക്കളും ഇക്കാര്യത്തില്‍ വ്യത്യസതരല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസുകാര്‍ റിബലുകളായി മത്സരരംഗത്തിറങ്ങും. ജനതാദളിന് സീറ്റ് വിട്ടുകൊടുത്തതിനെതിരേ കോണ്‍ഗ്രസ് ജനപ്രതിനിധികളുള്‍പ്പടെയുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, മഹിളാകോണ്‍ഗ്രസ് മുന്‍ സംസ്ഥാനാധ്യക്ഷ ഷാനിമോള്‍ ഉസ്മാന്‍, എം.എം ഹസന്‍, നെടുമുടി ഹരികുമാര്‍ തുടങ്ങിയവരാണ് അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥികളാകാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ ഷുക്കൂറും ഷാനിമോളും പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന അന്തിമ ചര്‍ച്ചയില്‍ സീറ്റ് ജനതാദളിന് വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ ഷേക്ക് പി. ഹാരീസാണ് സ്ഥാനാര്‍ഥിയാകുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നാസര്‍ എം. പൈങ്ങാമഠം താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പത്രസമ്മേളനിത്തില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ ആലപ്പുഴ രൂപത കോണ്‍ഗ്രസിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലും വിവാദമായിട്ടുണ്ട്. എറണാകുളത്തുനിന്ന് ലാലി വിന്‍സന്റിനെ മത്സരിപ്പിക്കുന്നതാണ് രൂപതയെ ചൊടിപ്പിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ പ്രമുഖ ആരാധനാലയങ്ങളുളള കൊച്ചിരൂപതയില്‍ ഉള്‍പ്പെടുന്ന ലാലിക്കെതിരേ ആലപ്പുഴ രൂപത രംഗത്തുവന്നത് ശരിയായില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ രൂപത പരസ്യമായി കോണ്‍ഗ്രസിനെതിരേ പ്രതികരിച്ചത് തെറ്റായിപ്പോയെന്നും അത് മറ്റ് സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകുമെന്നും അവര്‍ പറയുന്നു. ആലപ്പുഴയിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ആലപ്പുഴ രൂപതയുടെ പിന്തുവണയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുത്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയത്.കായംകുളത്ത് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ ചിലര്‍ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്തുവന്നിരുന്നു. അവിടെയും പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കോണ്‍ഗ്രസിന് തിരിച്ചടിയാകും. കുട്ടനാട്ടില്‍ കേരളാകോണ്‍ഗ്രസിന് സീറ്റ് വീണ്ടും നല്‍കിയതില്‍ കോണ്‍ഗ്രസിലെ അണികളും, നേതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.