നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇടതുസംഘടന കയ്യടക്കിയിട്ട് കാല്‍നൂറ്റാണ്ട്

Wednesday 6 April 2016 9:55 pm IST

ജോസഫ് ചാക്കോ ചങ്ങനാശ്ശേരി: നഗരസഭയുടെ ഉടമസ്ഥതയില്‍ ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടം ഇടതുപക്ഷ സംഘടന കയ്യടക്കിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. നഗരസഭയുടെ ഒമ്പതാം വാര്‍ഡില്‍ പെരുന്നയിലുള്ള കെട്ടിടമാണ് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഇടതുപക്ഷ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കയ്യടിക്കിയിട്ടുള്ളത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടില്‍ വനിതാ ഹോസ്റ്റല്‍ നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ സംഘടനയ്ക്ക് വിട്ടുനല്‍കിയതാണ് കെട്ടിടം. പിന്നീട് ഇതുവരെ കെട്ടിടത്തെ സംബന്ധിച്ച യാതൊരു വിവരവും നഗരസഭയ്ക്ക് അറിയില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. എന്നാല്‍ തൊണ്ണൂറ്റി രണ്ടിലെ കരാറിന്റെ അടിസ്ഥാനത്തില്‍ നാമമാത്ര വാടക നഗരസഭയില്‍ സംഘടന അടയ്ക്കുന്നതായി അധികൃതര്‍ വാക്കാല്‍ പറയുന്നു. നഗരസഭ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം വനിതാ തൊഴില്‍ സംരഭത്തിന്റെ ഭാഗമായാണ് സംഘടനയ്ക്ക് വിട്ടുനല്‍കിയത്. എല്ലാ വര്‍ഷവും കരാര്‍ പുതുക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിനായി ടെന്‍ഡര്‍ നടപടികള്‍ ഒന്നും നടത്തിയതായി നഗരസഭാ രേഖകളില്‍ ഇല്ല. കരാര്‍ പുതുക്കലിനായി സംഘടന വയ്ക്കുന്ന അപേക്ഷകള്‍ കരാര്‍ ഭേദഗതികളില്ലാതെ അംഗീകരിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്. നഗരസഭ വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടത്തിന് കൃത്യമായ വാടക നിശ്ചയിച്ചിട്ടില്ലെന്നതാണ് യാതാര്‍ത്ഥ്യം. വനിതാ ഹോസ്‌റ്്‌റലിന്റെ വരുമാനത്തിന്റെ ഒരു വിഹിതം അടയ്ക്കണം എന്നാണ് കരാര്‍. വരുമാനത്തിന്റെ എത്ര ശതമാനമാണ് സംഘടന നല്‍കേണ്ടതെന്ന് നഗരസഭാ അധികൃതര്‍ക്ക് അറിയില്ല. വനിതാ ഹോസ്റ്റല്‍ സംബന്ധിച്ച രേഖകളില്‍ വാടക വിഹിതത്തെ സംബന്ധിച്ച യാതൊരു വിവരവും രേഖപ്പെടുത്തിയിട്ടില്ല. വനിതാ ഹോസ്റ്റലിന്റെ നടത്തിപ്പ് ഇനത്തില്‍ സംഘടനയ്ക്ക് എത്രരൂപ വരുമാനമുണ്ടെന്ന് പരിശോധിക്കാനും നഗരസഭ നിരീക്ഷകനെ നിശ്ചയിച്ചിട്ടില്ല. തത്വത്തില്‍ സംഘടന പറയുന്ന കണക്ക് അനുസരിച്ച് ഒരു ചെറിയ വിഹിതം കൈപ്പറ്റുക മാത്രമാണ് നഗരസഭ ചെയ്യുന്നത്. നഗരമദ്ധ്യത്തില്‍ ഒരു മുറിക്ക് ആയിരക്കണക്കിന് രൂപ വാടക ലഭിക്കുമെന്നിരിക്കെ മൂന്നുനിലകളിലുള്ള എല്ലാ മുറികള്‍ക്കും കൂടി നഗരസഭയില്‍ സംഘടന കഴിഞ്ഞമാസം അടച്ചത് 9,000 രൂപ മാത്രമാണ്. എത്ര വരുമാനം ഉണ്ടായാലും സംഘടന പറയുന്ന കണക്ക് വിശ്വസിക്കേണ്ട സ്ഥിതിയില്‍ കാര്യങ്ങളെത്തിച്ചതില്‍ മാറിമാറിവന്ന ഇടതുവലതു ഭരണസമിതികള്‍ക്ക് തുല്ല്യപങ്കുണ്ടെന്നാണ് ആക്ഷേപം. നഗരസഭയുടെ നിരീക്ഷണത്തിലല്ലാതെ കരാറില്‍ യാതൊരു ഉപാധിയും വയ്ക്കാതെ എല്ലാവര്‍ഷവും ബഹുനില കെട്ടിടം സംഘടനയ്ക്ക് വിട്ടുനല്‍കിയതിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളതായാണ് ആരോപണം. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിട്ടുള്ളത്.നഗരസഭാ കൗണ്‍സിലിന്റെ ഐകകണ്‌ഠേനയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം സംഘടനയ്ക്ക് വിട്ടുനല്‍കിയതെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും നഗരസഭാ ചെയര്‍മാന്‍ മാത്യു മണലേല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.