ചാത്തന്നൂരിന്റെ ഹൃദയം തൊട്ടറിഞ്ഞ് ബിജെപി സാരഥി ബി.ബി.ഗോപകുമാര്‍

Thursday 7 April 2016 2:51 pm IST

ചാത്തന്നൂര്‍: ക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമായ നാടിന്റെ സമഗ്രവികസനത്തിനായി ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ വോട്ടര്‍മാരെ സമീപിക്കുകയാണ്. ചാത്തന്നൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറിന്റ വീട്ടിലും പരദേവതമാര്‍ കാത്തരളുന്ന ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതും ഗോപകുമാര്‍ തന്നെയാണ്. ദിനവും ഈ ക്ഷേത്രത്തില്‍ പൂജ ചെയ്ത് കൊണ്ടണ് ഗോപകുമാറിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. രാഷ്ട്രീയസാമൂഹ്യ സാംസ്‌കാരികരംഗത്ത് പടിപടിയായി ഉയര്‍ന്ന് ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ചാത്തന്നൂരില്‍ മത്സരിക്കുന്നതും താന്‍ പൂജിക്കുന്ന പരദേവതമാരും മീനാട് ധര്‍മ്മശാസ്താവിന്റെയും അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കുന്ന ഗോപകുമാര്‍ എം.എ, ബി.എഡ് ബിരുദധാരിയാണ്. ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രഥമാധ്യാപകാനായി ജോലി ചെയ്തുവരുന്നു. ഒപ്പം തന്നെ 19 വര്‍ഷമായി ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റായും 96 മുതല്‍ 99 വരെ ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായും 2000 മുതല്‍ പ്രസിഡന്റായും തുടരുന്നു. പടിപടിയായി ഉയര്‍ന്ന് വരുമ്പോള്‍ തന്നെ രാഷ്ട്രീയ രംഗത്തും വിജയക്കൊടി നാട്ടിയിരുന്നു. 1993ല്‍ ഇഷ്ടികകമ്പനികളുടെ നാടായ മീനാട് ഇഷ്ടിക തൊഴിലാളികളുടെ കൂലി കൂട്ടുന്നതിന് ബി.ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മുപ്പത് ദിവസം നീണ്ട സമരം വിജയം കണ്ടപ്പോള്‍ അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവിന്റെ വിജയം കൂടി പിറന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവാകുകയും ചെയ്തു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പകരക്കാരനില്ലാത്ത അമരക്കാരനായിരിക്കുന്ന ഗോപകുമാര്‍ ചാത്തന്നൂരിലെ ഹൈന്ദവസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ഹിന്ദുഐക്യവേദിയുടെയും ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ഹൃദയബന്ധമുള്ള ഗോപകുമാര്‍ ബിജെപി തനിക്ക് നല്‍കിയ സ്ഥാനാര്‍ത്ഥിത്വം തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി ശക്തമായ ഒരു രാഷ്ട്രീയബദല്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഇരുമുന്നണികളേയും മടുത്ത ജനങ്ങള്‍ക്ക് ഒരു വലിയ പ്രതീക്ഷയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി നല്‍കുന്നത്. ലോകശക്തിയായി ഭാരതത്തെ മാറ്റിയെടുക്കാനുള്ള നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനയങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ഗോപകുമാര്‍ പറഞ്ഞു. സ്വഛ് ഭാരതും മെയ്ക്ക് ഇന്‍ ഇന്ത്യയും അടക്കവുമുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്കൊപ്പമാണ് ഇന്ന് കേരളത്തിലെ ജനങ്ങള്‍. ഞാന്‍ ഒരു സ്‌കൂളിലെ പ്രഥമ അധ്യാപകനാണ്. എന്റെ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഞാനാണ്. ദേശസ്‌നേഹവുമുള്ള ജനതയെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും അശ്രാന്ത പരിശ്രമം നടത്തുന്നത്. ഭാരതത്തിലെ ലോകം അറിയുന്ന സര്‍വകലാശാലയില്‍ നടക്കുന്നത് എന്താണ്. അധ്യാപകരും വിസിയുമായി ചേര്‍ന്ന് പരിഹരിക്കേണ്ട ചെറിയ പ്രശ്‌നങ്ങള്‍ ഊതിപെരുപ്പിച്ച് വാര്‍ത്തയാക്കി കേന്ദ്രസര്‍ക്കാരിന്റെ വികസനനയങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഗോപകുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ ഗോപകുമാറിന്റെ സുദൃഡമായ വ്യക്തിബന്ധവും ബിജെപിയുടെ സംഘടനാശേഷിയും സമന്വയിപ്പിച്ച ശക്തമായ പ്രവര്‍ത്തനമാണ്. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടക്കുന്നത്. ഇരുമുന്നണികളെയും വളരെയേറെ പിന്നിലാക്കി പ്രചരണ പ്രവര്‍ത്തനത്തില്‍ ബിജെപി മുന്നിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.