അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളുടെ സൗഹൃദ കൂട്ടായ്മ

Thursday 7 April 2016 9:04 pm IST

പയ്യന്നൂര്‍: പഠനം കഴിഞ്ഞ ഓട്ടോഗ്രാഫുകളില്‍ സ്‌നേഹ വാചകങ്ങള്‍ പങ്കുവെച്ച് പടിയിറങ്ങിയ കടന്നപ്പള്ളി യുപി സ്‌കൂൡല വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധിക്കാലം വെറുമൊരു കളിക്കാലമല്ല വിദ്യാലയത്തില്‍ നിന്നും രൂപപ്പെടുത്തിയ അഭിനയ മികവിലൂടെ നാടകാവതരണവുമായി ഒഴിവുകാലം ആഘോഷിക്കുകയായണ് കുട്ടികളുടെ സൗഹൃദ കൂട്ടായ്മ. ഒരു വ്യാഴവട്ടക്കാലമായി സ്‌കൂളില്‍ സക്രിയമായ ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ ബാനറിലാണ് ഇവര്‍ അരങ്ങുകള്‍ കയ്യടക്കുന്നത്. പ്രൈമറി പഠനകാലത്ത് കളിച്ചും കലഹിച്ചും പഠിച്ചും രസിച്ചും ഒന്നിച്ച ഇവരുടെ നാടകവും മറ്റൊന്നല്ല ''ആത്മാര്‍ത്ഥ സുഹൃത്ത്''. ആരാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന ചോദ്യവുമായാണ് നാടകം തുടങ്ങുന്നത്. സമ്പത്തില്‍ അന്തരമുള്ള മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സുഹൃദ് ബന്ധത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു അപ്പൂപ്പന്‍ കഥപറയുന്ന രീതിയിലുള്ള നാടകം നല്ലൊരു സുഹൃത്ത് എങ്ങനെയായിരിക്കണമെന്ന ഗുണപാഠം ചൊല്ലുന്നു. സ്‌കൂളിലെ അധ്യാപകനായ കെ.കെ.സുരേഷാണ് രചനയും സംവിധാനവും. ഓഫീസ് അസിസ്റ്റന്റായ ഇ.പി.ഉണ്ണികൃഷ്ണന്റെ സാങ്കേതിക സഹായത്തോടെയാണ് നാടകം വേദികളിലെത്തുന്നത്. ദീപു ചന്ദ്രനാണ് സംവിധാന സഹായി. ഒ.കെ.സുബ്രഹ്മണ്യന്‍, അശ്വിന്‍, അജയ്, അനുജിത്ത്, അഭിനവ്, അജിത, അനഘ, ജിതിന്‍, സൗരഭ് എന്നീ വിദ്യാര്‍ത്ഥികള്‍ അഭിനിയിക്കുന്ന നാടകത്തിന്റെ സംഗീതം സത്യന്‍ കാനായിയും ചമയവും രംഗപടവും രാജു പരിയാരവുമാണ്. 10ന് സ്‌കൂളിനടുത്ത് മംഗലശ്ശേരി അങ്കണവാടി പരിസരത്ത് നാടകം അരങ്ങേറും. രംഗത്തെ രംഗാവതണത്തിലുപരി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിക്കൊണ്ട് നിരവധി അംഗീകാരം നേടിയ ചില്‍ഡ്രന്‍സ് തിയേറ്റര്‍ 12വര്‍ഷംകൊണ്ട് 15ലധികം കുട്ടികളുടെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാബൂളിബാല, ഒറൈസസെറ്റേവ, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി തിയേറ്റര്‍ രൂപപ്പെടുത്തിയ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് നാടകങ്ങള്‍ സബ്ജില്ലയിലും ജില്ലയിലും സ്‌കൂള്‍ കലോല്‍സവങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. മടിയന്‍ മലചുമക്കും, കേളീപാത്രം എന്നീ നാടകങ്ങള്‍ ജില്ലാ മത്സരത്തില്‍ ഒന്നാംസ്ഥാനവും മികച്ച നാടകവും സംഭാവന ചെയ്തവയാണ്. എസ്എസ്എയുടെ ഈ വര്‍ഷത്തെ വിജയോത്സവത്തില്‍ പഞ്ചായത്ത്, സബ്ജില്ലാ ജില്ലാ മത്സരങ്ങളില്‍ കടന്നപ്പള്ളി യുപി സ്‌കൂള്‍ നേട്ടം കൊയ്തതും പഠന പ്രവര്‍ത്തനങ്ങളെ ശാസ്ത്രനാടകങ്ങളിലൂടെയും മറ്റുമായി പഠന മികവിന് ഉപയോഗിച്ചതിലൂടെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.