ഗതാഗതം മുട്ടിച്ച് വീണ്ടും ജല അതോറിറ്റിയുടെ കുഴിയെടുപ്പ്

Thursday 7 April 2016 9:28 pm IST

എടത്വാ: കുടിവെള്ള പദ്ധതിക്കായി ഗതാഗതം മുട്ടിച്ച് ജല അഥോറിറ്റിയുടെ വീണ്ടും കുഴിയെടുപ്പ്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനമാണ് യാത്രക്കാരെ വലക്കുന്നത്. എടത്വാ-കളങ്ങര-മാമ്പുഴക്കരി റോഡില്‍ എടത്വാ-വെട്ടുതോടെ പാലത്തിന് സമീപമാണ് വീണ്ടും കുഴിയെടുപ്പ് നടക്കുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനല്ല ഇത്തവണ കുഴിയെടുക്കുന്നത്. ജംഗ്ഷന്‍ വാല്‍വും, വെന്റും സ്ഥാപിക്കാനാണ് വീണ്ടും റോഡ് വെട്ടിപൊളിച്ചത്. ഇതോടെ എ.സി റോഡിലേക്കുള്ള ഗതാഗതം ഭാഗികമായി നിലച്ച മട്ടാണ്. റോഡിന്റെ പകുതിയിലധികം ഭാഗവും വെട്ടിപൊളിച്ച നിലയിലാണ്. കെ.എസ്.ആര്‍.ടി.സി ബസ് കടന്നുപോകാന്‍ പറ്റാത്തതരത്തില്‍ റോഡിന്റെ കിഴക്ക്ഭാഗം ഇടിഞ്ഞുതാണു. നീരേറ്റുപുറം കുടിവെള്ള പദ്ധതിക്ക് വേണ്ടി മാത്രമല്ല കുട്ടനാട്ടില്‍ വീണ്ടും കുഴിയെടുപ്പ് നടത്തുന്നത്. ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീല്‍ പൂര്‍ത്തിയാക്കി ടാറിംങ്ങ് നടത്തിയ എടത്വാ-തകഴി സംസ്ഥാന പാതയിലും കുഴിയെടുപ്പ് നടക്കുകയാണ്. വാല്‍വും, വെന്റും സ്ഥാപിക്കാനാണ് വീണ്ടും കുഴിയെടുക്കുന്നത്. കോഴിമുക്ക്, മരിയാപുരം ജംഗ്ഷനുകളില്‍ മൂന്നിലേറെ സ്ഥലങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുപ്പ് തുടങ്ങി. ടാറിംങ്ങ് കഴിഞ്ഞ് ഒരുമാസം പിന്നിടും മുമ്പ് റോഡ് വീണ്ടും കുത്തിപൊളിക്കുന്നതില്‍ യാത്രക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. എടത്വാ സെന്റ് ജോര്‍ജ് ഫെറോന പള്ളി തിരുനാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജല അഥോറിറ്റിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം പള്ളി അധികാരികളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന മാമ്പുഴക്കരി-കളങ്ങര-എടത്വാ റോഡിനാണ് വീണ്ടും ഈ ദുര്‍ഗതി. കൊടിയേറ്റിന് മുമ്പ് കുഴിമൂടി സഞ്ചാര യോഗ്യമാക്കി തീര്‍ക്കാനുള്ള നടപടി സ്വീകരിക്കുമോ എന്നറിയാന്‍ എഡിഎം വിളിച്ചുകൂട്ടിയ യോഗം പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചിരുന്നു. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതി തുടങ്ങിയതോടെ കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നു. ജനപ്രതിനിധികളും ഇതിനെതിരെ പ്രതികരിക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്യുന്നില്ലന്ന് വ്യാപക പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.