കേരളത്തെ വികസന മുരടിപ്പില്‍ നിന്നും രക്ഷിക്കണം: കുമ്മനം

Thursday 7 April 2016 9:31 pm IST

കായംകുളം: കേരളത്തെ ഇടത് വലത് കക്ഷികള്‍ ഭരിച്ച് മുരടിപ്പിലേക്കാണ് കൊണ്ടുപോകുന്നതെന്നും കൊലപാതകവും കോഴയും കേരളത്തെ ഭ്രാന്താലയമാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം കായംകളം നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ മാറി മാറി ഭരിച്ച ഇടത് വലത് കക്ഷികള്‍ ഇനി കേരളത്തില്‍ വരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. ആത്മഹത്യ, തൊഴിലില്ലായ്മ എന്നിവ കേരളത്തെ കാര്‍ന്നു തിന്നുന്നു. ഭരണകര്‍ത്താക്കള്‍ യഥേഷ്ടം സുഖിക്കുന്നു. 15,000കോടി രൂപയാണ് കേരളത്തിന് കടമുള്ളത്. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു. സംസ്‌ക്കാരവും പൈതൃകവും എന്തെന്ന് അറിയാത്ത ഭരണാധികാരികളാണ് ഇത്രയും നാള്‍ കേരളം ഭരിച്ചത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ അധികാരത്തിലെത്തണം. സാധാരണക്കാരുടെ സ്വപ്‌നമാണ് കേരളത്തില്‍ ഇടത്-വലത് കക്ഷികളെ തൂത്തെറിഞ്ഞ് ബിജെപിയുടെ നേതൃത്വത്തില്‍ ഒരു ഭരണം വരണമെന്നുള്ളത്. പ്രകൃതിപോലും എന്‍ഡിഎയ്ക്ക് അനുകൂലമായാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂര്‍ രാജേന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു. കുമ്മനം രാജശേഖരനെ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബി. ജയചന്ദ്രന്‍പിള്ള പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്‍, റെജി മാവനാല്‍, പ്രദീപ്‌ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.