സിപിഎമ്മുകാരില്‍ നിന്ന് കൃഷ്ണപിള്ളയ്ക്കും രക്ഷയില്ലാതായി: കുമ്മനം

Thursday 7 April 2016 4:58 pm IST

ആലപ്പുഴ: സിപിഎമ്മിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നഷ്ടമായതോടെ കമ്മ്യൂണിസത്തെ കേരളത്തില്‍ വളര്‍ത്തിയെടുത്ത പി. കൃഷ്ണപിള്ളയുടെ പ്രതിമയ്ക്കും രക്ഷയില്ലാതായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുട്ടനാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള സ്മാരകം കത്തിച്ചിട്ടും പ്രതിഷേധം പ്രകടനം നടത്താന്‍ പോലും കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. കോടിയേരിയും, പിണറായിയുമെല്ലാം പി. കൃഷ്ണപിള്ളയുടെ കാലത്തെ കമ്മ്യൂണിസത്തിന്റെ ആള്‍ക്കാരല്ല. അവരൊക്കെ മുതലാളിത്ത കമ്മ്യൂണിസത്തെയാണ് പിന്തുണയ്ക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹത്തിന് നേരെ ആക്രമണമുണ്ടായാല്‍ കേരളത്തിലെ ജനങ്ങള്‍ പ്രതികരിക്കും. അതിന് കാരണം ഗുരുദേവന്റെ ദര്‍ശനങ്ങളാണ്. പ്രത്യയശാസത്രങ്ങള്‍ കാലഹരണപ്പെടും. എന്നാല്‍ ദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ദേശീയ പ്രസ്ഥാനങ്ങളെ കേരളജനത ഇരുകൈയ്യുംനീട്ടി സ്വീകരിക്കും. അക്രമത്തിന്റെയും അഴിമതിയുടെയും വക്താക്കളെ പുറംതള്ളുമെന്നും കുമ്മനം പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. എന്‍ഡിഎ കുട്ടനാട് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. സജീവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്ര രാജ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി സുഭാഷ് വാസു, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. രാജന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ് ബാബു, കെ.പി. സുരേഷ്‌കുമാര്‍, ജസ്റ്റിന്‍ രാജന്‍, കെ. ജയകുമാര്‍, അഡ്വ. പി.പി. മധുസൂദനന്‍, ടി.സി. രാജേന്ദ്രന്‍, കെ.കെ. തങ്കപ്പന്‍, പി. ബൈജു, ടി.കെ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.