ദേശീയ ഗെയിംസ് അഴിമതി സിബിഐ അന്വേഷിക്കണം: ബിജെപി

Thursday 7 April 2016 11:02 pm IST

തിരുവനന്തപുരം: ദേശീയഗെയിംസുമായി ബന്ധപ്പെട്ട് സിഎജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ ഗെയിംസ് നടത്തിപ്പിന്റെ തുടക്കം മുതല്‍ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിച്ചതായി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പദ്മകുമാര്‍ പറഞ്ഞു. സിഎജി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ഗെയിംസ് നടത്തിപ്പില്‍ വന്‍ അഴിമതി നടന്നെന്ന സിഎജിയുടെ കണ്ടെത്തല്‍ പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്താത്ത മേഖലകള്‍ ഇനി വേറെയില്ലെന്ന് തെളിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കേരളാ പതിപ്പായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി. ഭൂമിയിലും ആകാശത്തും വെള്ളത്തിലും പാതാളത്തിലും വരെ അഴിമതി നടത്തിയ യുപിഎ സര്‍ക്കാരിനെ വെല്ലുന്ന പ്രകടനമാണ് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും നടത്തിയിരിക്കുന്നത്. കുടിവെള്ളം വാങ്ങിയതില്‍ പോലും അഴിമതി നടത്തിയത് അതിക്രൂരമാണ്. ഈ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. മുഖ്യമന്ത്രി അറിയാതെ ഒരു ഇല പോലും മാറ്റിവയ്ക്കാത്ത ആളാണ് തിരുവഞ്ചൂര്‍. ആരോപണം ഉയര്‍ന്നപ്പോള്‍ സ്വന്തക്കാരെ കൊണ്ട് അന്വേഷണം നടത്തി ക്ലീന്‍ചിറ്റ് വാങ്ങിയ തിരുവഞ്ചൂര്‍ മലയാളിയുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നേരത്തെയുള്ള നിലപാടില്‍ ബിജെപി ഉറച്ച് നില്‍ക്കുകയാണ്. കേരളാ കല്‍മാഡിയായ തിരുവഞ്ചൂരിന്റെ ശിഷ്ടജീവിതം പൂജപ്പുരയിലായിരിക്കുമെന്ന കാര്യം ഉറപ്പാണ്. ഇടതുസഹയാത്രികനും പോലീസ് മേധാവിയുമായിരുന്ന ജേക്കബ് പുന്നൂസിന്റെ ഇക്കാര്യത്തിലുള്ള പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.