ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു

Thursday 7 April 2016 11:39 pm IST

കറുകച്ചാല്‍: ഇടഞ്ഞ ആന രണ്ടു പാപ്പാന്മാരെ കുത്തിക്കൊന്നു. കോട്ടയം കറുകച്ചാല്‍ തൊമ്മച്ചേരി സുബാഷ് സ്‌കൂളിനു സമീപം തടിപിടിക്കാനെത്തിയ ആനയാണ് ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ചാന്നാനിക്കാട് സ്വദേശി ശശിയുടെ രാജന്‍ ആണ് ഇടഞ്ഞത്. തടി പിടിച്ചുകൊണ്ട് നില്‍ക്കേ ഇടഞ്ഞ ആന ഒന്നാം പാപ്പാന്‍ ശാന്തിപുരം സന്തോഷ് ഭവനില്‍ ഗോപിനാഥന്‍ നായരെ (64) കുത്തിവീഴ്ത്തിയ ശേഷം ഓട്ടം ആരംഭിച്ചു. ആന പാലമറ്റം വഴി ചിറയ്ക്കല്‍ കവലയ്ക്ക് സമീപം എത്തി രണ്ടാം പാപ്പാന്‍ ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ മണിയപ്പന്റെ മകന്‍ കണ്ണനെ (26) മതിലിനോട് ചേര്‍ത്ത് നിര്‍ത്തി കുത്തിയെങ്കിലും ഒഴിഞ്ഞു മാറിയ കണ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന തൊമ്മച്ചേരി ഭാഗത്തു നിന്നും ഓടി കോട്ടയം റോഡിലെത്തി തിരികെ കറുകച്ചാല്‍ എന്‍. എസ്. എസ്. ആശുപത്രി ജംഗ്ഷനില്‍ എത്തി. ഈ സമയം കറുകച്ചാല്‍ - കോട്ടയം റോഡിലും, കറുകച്ചാല്‍ - ചങ്ങനാശ്ശേരി റോഡിലും വാഹനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അവിടെ നിന്നും ഓടിയ ആന ചിറയ്ക്കല്‍ വഴി പടനിലം കവലയില്‍ എത്തി നടുറോഡില്‍ നിലയുറപ്പിച്ചു. ആനയുടെ പിന്നാലെ ഓടിയെത്തിയ നൂറുകണക്കിനാള്‍ക്കാര്‍ ആനയുടെ ചുറ്റും കൂടിയത് ആനയെ വീണ്ടും പ്രകോപിതനാക്കി. വേലിക്കകത്ത് ആന്റണിയുടെ ഗേറ്റില്‍ കുത്തിയതിനു ശേഷം ആന അവിടെ നിലയുറപ്പിച്ചു. നാട്ടുകാര്‍ പഴക്കുല എറിഞ്ഞുകൊടുത്തതോടെ വീണ്ടും പടംനിലം കവലയില്‍ എത്തി നിലയുറപ്പിച്ചു. ഈ സമയം കോട്ടയം എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടര്‍ സാബുവും സംഘവും എത്തി മയക്കു വെടിവച്ചു. കിലോമീറ്ററുകളോളം ഓടി തളര്‍ന്നതിനാല്‍ മയക്കുവെടി വെച്ചിട്ടും ആന പ്രകോപിതനായില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആന മയക്കത്തിലെത്തി. മോഹനദാസ കുറുപ്പിന്റെ നേതൃത്വത്തില്‍ എത്തിയ പാപ്പാന്മാര്‍ ആനയെ തളച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.