കൊടുങ്ങല്ലൂര്‍ മീനഭരണി

Friday 8 April 2016 7:50 pm IST

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സമാനതകളില്ല. ഇത്തരമൊരു ഉത്സവം ഭാരതത്തില്‍ അത്യപൂര്‍വമാണ്. മീനമാസത്തിലെ ശക്തമായ സൂര്യരശ്മികള്‍ക്ക് പോലും തളര്‍ത്താനാവാത്ത ഭക്തിലഹരി കുരുംബക്കാവിന്റെ മാത്രം പ്രത്യേകതയാണ്. മീനമാസത്തിലെ തിരുവോണം മുതല്‍ ഭരണിവരെയുള്ള ദിവസങ്ങളില്‍ ദേവി-ദാരികയുദ്ധത്തെ അനുസ്മരിച്ചാണ് ചടങ്ങുകള്‍. കോഴിക്കല്ല് മൂടലോടെയാണ് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായുള്ള ഭക്തജനപ്രവാഹം. ചെമ്പട്ടണിഞ്ഞ് അരമണിയും ചിലമ്പും കുലുക്കി ഉടവാള്‍കൊണ്ട് ശിരസ്സില്‍ വെട്ടി നിണമൊഴുക്കിയെത്തുന്ന ആയിരക്കണക്കിന് കോമരങ്ങള്‍ ദേവീസന്നിധിയിലെത്തിച്ചേരും. ഏഴ് ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ അശ്വതി നാളില്‍ ദാരികനിഗ്രഹം നടക്കും. യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് പാലയ്ക്കവേലന്റെ നിര്‍ദ്ദേശമനുസരിച്ച് നടത്തുന്ന ചികിത്സയാണ് തൃച്ചന്ദനച്ചാര്‍ത്ത്. ശാക്തേയവിധിപ്രകാരമാണ് അശ്വതിനാളിലെ അശ്വതിപൂജ. ദാരികനെ നിഗ്രഹിച്ചതോടെ അനാഥരായ ഭൂതഗണങ്ങള്‍ സര്‍വസ്വവും ദേവിക്ക് മുന്നില്‍ അര്‍പ്പിക്കുന്നതിന് അനുസ്മരിച്ച് നടത്തുന്ന കാവ്തീണ്ടലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. നൂറ്റാണ്ടുകളുടെ തനിമയോടെ കൊടുങ്ങല്ലൂര്‍ ഭരണിമഹോത്സവം ഇന്ന് ആഘോഷിക്കപ്പെടുന്നു എന്നതാണ് അതിന്റെ പ്രത്യേകത. ഓരോ ഭക്തസംഘങ്ങളും തങ്ങളുടേതായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച് സംതൃപ്തിയോടെയും സമാധാനത്തോടെയുമാണ് തിരിച്ചുപോവുക. കാവ്തീണ്ടുന്ന ഭക്തര്‍ മുളവടികൊണ്ട് ക്ഷേത്രത്തില്‍ തട്ടിയും കാഴ്ചവസ്തുക്കള്‍ ക്ഷേത്രാങ്കണത്തിലേക്ക് എറിഞ്ഞ് സമര്‍പ്പിച്ചും സായൂജ്യമടയും. ഭക്തിയുടെ ചുവപ്പില്‍ പള്ളിവാളേന്തിവരുന്ന സംഘങ്ങളെ ക്ഷേത്രനഗരിസ്വീകരിച്ച്ആനയിക്കും. അമ്മയ്ക്കുവേണ്ടി സര്‍വവും സമര്‍പ്പിക്കുവാന്‍ എത്തുന്നവര്‍ നടന്നും വാഹനമാര്‍ഗ്ഗവുംഎത്തിച്ചേര്‍ന്ന് നടയില്‍ ദണ്ഡനമസ്‌ക്കാരം നടത്തും. അമ്മേ!ദേവീ!വിളികള്‍കൊണ്ട് മുഖരിതമാണിവിടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.