'ജന്മഭൂമി'ക്കെതിരായ മാനനഷ്ടക്കേസ് സ്റ്റേ ചെയ്തു

Friday 8 April 2016 8:58 pm IST

കൊച്ചി: ജന്മഭൂമിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആദം മുല്‍സി നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ സ്റ്റേ ചെയ്തു. 2014 ല്‍ മാറാട് കൂട്ടക്കൊലക്ക് മുമ്പ് പാക്കിസ്ഥാന്‍ ചാരന്‍ മുഹമ്മദ് ഫഹദിന്റെ ഫോണിലേക്ക് മുല്‍സിയുടെ ഫോണില്‍നിന്നും വിളിപോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പേരിലാണ് മുല്‍സി മാനനഷ്ടക്കേസ് നല്‍കിയത്. മുല്‍സിയെ സംരക്ഷിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട.എസ്പി സി.എം. പ്രദീപ് കുമാര്‍ വെളിപ്പെടുത്തിയതും വാര്‍ത്തയില്‍ നല്‍കിയിരുന്നു. മുല്‍സിയും ഫഹദുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പോലീസ് ചോദ്യം ചെയ്ത വിവരം നോട്ടീസിലോ ഹര്‍ജിയിലോ പറയുന്നില്ല. കൂടാതെ തന്റെ പേരിലുള്ള ഫോണില്‍നിന്നു ആരും വിളിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നില്ലെന്നും ജന്മഭൂമിക്കുവേണ്ടി ഹാജരായ അഡ്വ.വി. സജിത്ത് കുമാര്‍ വാദിച്ചു. സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനെ മാനനഷ്ടത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ വാദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.