സൈന സെമിയില്‍; സിന്ധു പുറത്ത്

Friday 8 April 2016 9:17 pm IST

ക്വാലാലംപൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സെമിയില്‍. കഴിഞ്ഞ ദിവസം ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൈന ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ പോണ്‍ടിപ് ബര്‍ണപ്രസര്‍സുക്കിനെ തകര്‍ത്താണ് ടൂര്‍ണമെന്റിലെ മൂന്നാം സീഡായ സൈന സെമിയിലേക്ക് കുതിച്ചത്. 58 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 19-21, 21-14, 21-14 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് സൈന വിജയവും സെമി ബര്‍ത്തും നേടിയത്. സെമിയില്‍ ചൈനീസ് തായ്‌പേയി താരം തായ് സു യിങാണ് സൈനയുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്ത്. നാലാം സീഡ് രചനോക് ഇന്റാനോണിനോട് ഒന്നു പൊരുതാന്‍ പോലും കഴിയാതെയായിരുന്നു സിന്ധുവിന്റെ കീഴടങ്ങല്‍. 29 മിനിറ്റ് മാത്രം നീണ്ട കളിയില്‍ 21-7, 21-8 എന്ന സ്‌കോറിനായിരുന്നു സിന്ധു പരാജയപ്പെട്ടത്. ലോക ഒന്നാം നമ്പര്‍ താരം ജര്‍മ്മനിയുടെ കരോലിന മാരിനും ക്വാര്‍ട്ടറില്‍ പുറത്തായി. ആറാം സീഡ് ചൈനയുടെ വാങ് സിയാന്‍21-13, 21-15 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് മാരിനെ തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.