മെയ്ക്ക് ഇന്‍ ഇന്ത്യ വലിയ വിജയം: മൂഡീസ്

Friday 8 April 2016 10:43 pm IST

മുംബയ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വന്‍വിജയമാണെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഭാരതത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 2016ല്‍ സര്‍വ്വകാല റിക്കാര്‍ഡാണ് ഉണ്ടായിട്ടുള്ളത്. ഇതുതന്നെ പദ്ധതിയുടെ വിജയമാണ് സൂചിപ്പിക്കുന്നത്. മൂഡീസ് വിലയിരുത്തി. മെയ്ക്ക് ഇന്‍ ഇന്ത്യാ പ്രചാരണത്തിന്റെ ഭാഗമായി വന്ന വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമൂലം 2004ന് ശേഷം ഇതാദ്യമായി കറന്റ് അക്കൗണ്ട് കമ്മി ഇല്ലാതായെന്നും മൂഡീസ് ചൂണ്ടിക്കാണിക്കുന്നു. ശക്തമായ സാമ്പത്തിക വളര്‍ച്ചയുള്ള ഭാരതത്തില്‍ നിക്ഷേപിക്കാനുള്ള നിക്ഷേപകരുടെ താല്‍പ്പര്യമാണ് വിദേശ നിക്ഷേപത്തിലെ വര്‍ദ്ധന സൂചിപ്പിക്കുന്നത്. വിദേശ നിക്ഷേപച്ചട്ടങ്ങള്‍ ഉദാരവല്‍ക്കരിച്ചതു പോലെയുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്കും മെയ്ക്ക് ഇന്‍ ഇന്ത്യാ പോലുള്ള പദ്ധതികള്‍ക്കും ഫലം കണ്ടു തുടങ്ങിയെന്നാണ് ഇതിന്റെയര്‍ഥം, മൂഡിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജനുവരിയിലെ കണക്കനുസരിച്ച് വിദേശ നിക്ഷേപം 300 കോടി ഡോളറാണ്.ഇത് സര്‍വ്വകാല റെക്കാര്‍ഡാണ്. ഇതുവഴി ഭാരതത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയും നികത്താനായി. മാത്രമല്ല കമ്മി മിച്ചമായി മാറുകയും ചെയ്തു. മൂല്യം സ്ഥിരമായി ഇടിഞ്ഞുകൊണ്ടിരുന്ന രൂപയ്ക്കും ഇത് ഗുണകരമായി. ഭാരതത്തിനുമേലുളള കാര്‍മേഘം ഗള്‍ഫില്‍ നിന്നുള്ള വരവ് കുറഞ്ഞതു മാത്രമാണ്. പ്രവാസി ഭാരതീയര്‍ അയക്കുന്ന പണത്തില്‍ 30 ശതമാനം കുറവുണ്ടായി. മധ്യേഷ്യയിലെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം. വ്യവസായ ഇടനാഴി, ഉല്പ്പാദന മേഖലകള്‍, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ പദ്ധതികള്‍വഴി ഇനിയും വിദേശ നിക്ഷേപം വര്‍ദ്ധിക്കുമെന്നും മൂഡി വിലയിരുത്തുന്നു. വിദേശ നിക്ഷേപം വര്‍ദ്ധിക്കുന്നത് ഭാരതത്തിന് സുസ്ഥിരമായ സാമ്പത്തിക അടിത്തറയുണ്ടാക്കും. റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.