കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ: നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് പ്രകടനം

Friday 8 April 2016 10:51 pm IST

തൃശൂര്‍: കയ്പമംഗലം സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇന്നലെ യുഡിഎഫ് നേതൃതലത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. ആര്‍എസ്പിക്ക് പകരം പയ്യന്നൂര്‍ നല്‍കും. കയ്പമംഗലത്ത് ടി.എന്‍.പ്രതാപന്റേയും കെഎസ്‌യു ജില്ലാപ്രസിഡണ്ട് ശോഭസുബിന്റേയും പേരുകളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഇരുവര്‍ക്കും വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ ചേരിതിരിഞ്ഞ് കയ്പമംഗലത്ത് പ്രകടനം നടത്തുകയും ചെയ്തു. പ്രതാപന്‍ മത്സരിക്കാനില്ല എന്ന നിലപാടെടുത്തതോടെയാണ് കയ്പമംഗലം ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയ പ്രതാപന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് ആദ്യം കെപിസിസി പ്രസിഡണ്ടിന് കത്തെഴുതുകയും പിന്നീട് കയ്പമംഗലം ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തതോടെ പരിഹാസ്യനായി മാറുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പ്രതാപന്റെ നാടകത്തില്‍ എതിര്‍പ്പ് രൂക്ഷമായതോടെയാണ് പ്രതാപന്‍ പിന്മാറാന്‍ തീരുമാനിച്ചത്. മാറിയ സാഹചര്യത്തില്‍ വീണ്ടും സീറ്റ് തരപ്പെടുത്താന്‍ പ്രതാപന്‍ രഹസ്യനീക്കം ആരംഭിച്ചിട്ടുണ്ട്. അണികളെ രംഗത്തിറക്കി സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് തന്ത്രം. പ്രതാപന്‍ നിന്നാലെ ജയിക്കൂ എന്നും അണികള്‍ പ്രചരിപ്പിക്കുന്നു. അതേസമയം ജില്ലയിലെ എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് അനഭിമതനായ പ്രതാപന് സീറ്റ് നല്‍കേണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. യുവാവായ ശോഭസുബിനെ രംഗത്തിറക്കിയാല്‍ നേട്ടം കൊയ്യാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണയം പിഴച്ചതോടെ ഇവിടെ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസ്സിന്റെ ഉണ്ണികൃഷ്ണന്‍ തഷ്ണാത്തും എല്‍ഡിഎഫിനുവേണ്ടി സിപിഐയിലെ ഇ.ടി.ടൈസണും പ്രചരണം തുടങ്ങി ഏറെ മുന്നിലാണ്. ഇനി പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് രംഗത്തിറങ്ങിയാലും ഇവിടെ യുഡിഎഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.