ഭൂരഹിതരെ വഞ്ചിച്ചവര്‍ക്ക് മാപ്പില്ല: ഹിന്ദുഐക്യവേദി

Saturday 9 April 2016 10:30 am IST

പുനലൂര്‍: ഭൂരഹിതരായ ആദിവാസി ദളിത് സമൂഹത്തെ അവഗണിക്കുന്ന ഇടതുവലതു രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്നത് ഭരണകൂടഭീകരതയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍. ആയിരത്തി ഇരുന്നൂറിലേറെ ദിവസം പിന്നിടുന്ന അരിപ്പയിലെ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി അഞ്ചലില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടുംക്രിമിനലായ സന്തോഷ് മാധവന് വരെ ഭൂമി ഇഷ്ടദാനമായി നല്‍കുന്ന സര്‍ക്കാരാണ് മഞ്ഞും മഴയും പൊരിവെയിലും സഹിച്ച് സമരം നടത്തുന്ന ഭൂരഹിതരെ അവഗണിക്കുന്നത്. കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ മൂന്ന് സെന്റ് ഭൂമിക്ക് പട്ടയം നല്‍കി പാവപ്പെട്ടവനെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരഹിതരെ വഞ്ചിക്കുന്ന രാഷ്ട്രീയത്തോട് മാപ്പില്ലാത്ത നിലപാട് കേരളം സ്വീകരിക്കുമെന്ന് ഐക്യ വേദി സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ഭൂസമര നായകരെ വിളിച്ചുചേര്‍ത്ത് നടത്തിയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ മുന്നോട്ടു വെച്ച പരിഹാര നിര്‍ദേശങ്ങള്‍ അട്ടിമറിക്കുന്ന നിലപാടാണ് പിന്നീട് സര്‍ക്കാര്‍ എടുത്തത്. വന്‍കിട കുത്തകക്കാര്‍ കയ്യേറിയ ഭൂമിക്ക് കരമൊടുക്കാന്‍ അനുവാദം നല്‍കുക വഴി റവന്യൂ വകുപ്പും സര്‍ക്കാരും ആദിവാസി സമൂഹത്തെ ചതിക്കുകയായിരുന്നുവെന്ന് തെക്കടം പറഞ്ഞു. രാജ്യത്താകെ ദളിത് പ്രേമം പ്രസംഗിച്ച് നുണക്കഥകള്‍ സൃഷ്ടിക്കുന്നവര്‍ പക്ഷേ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കഴുത്തില്‍ മരണക്കുടുക്കുമായി കഴിയുന്നവരെ കാണുന്നില്ല. പാലക്കാട് വിക്‌ടോറിയ കോളേജില്‍ ദളിത് വിഭാഗത്തില്‍ പെട്ട പ്രിന്‍സിപ്പാളിന് കുഴിമാടം ഒരുക്കി യാത്രയയപ്പ് നല്‍കിയവരാണ് രോഹിത് വെമുലെയുടെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ജാതിയുടെ പേര് പറഞ്ഞ് മുതലെടുക്കുകയും ജാതിവിവേചനം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഭൂസമരം നടത്തുന്ന ആദിവാസി സമൂഹത്തോടും ഇക്കൂട്ടര്‍ നടത്തുന്നതെന്ന് തെക്കടം ചൂണ്ടിക്കാട്ടി. അഞ്ചല്‍ ആര്‍ഒ ജങ്ഷനില്‍ നടന്ന ധര്‍ണയില്‍ ഹിന്ദുഐക്യവേദി പുനലൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് ഡോ. മോഹന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ലാപ്രസിഡന്റ് രമേശന്‍ ഇളവൂര്‍, താലൂക്ക് സെക്രട്ടറി ബിജു ആര്‍ച്ചല്‍, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി എം.കെ. അജയന്‍, താലൂക്ക് സെക്രട്ടറി ശ്രീധര്‍, ട്രഷറര്‍ ഇടമണ്‍ സുദേശന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി പുനലൂര്‍ ഹരി സ്വാഗതവും അഞ്ചല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് മാവിള അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.