ആക്രമണങ്ങള്‍ അവരുടെ ഡിഎന്‍എ

Saturday 9 April 2016 8:00 pm IST

  രാഷ്ട്രീയ ധ്രുവീകരണത്തിനു വിധേയമായി കഴിഞ്ഞിരിക്കുന്ന കേരളത്തിലെ ചില മാധ്യമങ്ങള്‍ സ്ഥിരം പാടുന്ന ഒരു പല്ലവിയുണ്ട് : 'ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളും കൊലകളും മൂലം കേരളത്തിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുന്നു.' നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കാന്‍ കൂട്ടാക്കാത്ത ചില നിര്‍ദോഷ മനസ്‌കരും ഇതേറ്റു പാടുന്നു. അവര്‍ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ പേരുകളും സ്ഥിതിവിവര കണക്കുകളും ഉദ്ധരിച്ചുകൊണ്ടേയിരിക്കുന്നു. സാധാരണക്കാര്‍ ഈ ജാടകളില്‍ എളുപ്പം വീഴുന്നു. എന്നാല്‍, വസ്തുത എന്താണ് ? പരാമര്‍ശിക്കപ്പെടുന്നവയെല്ലാം വാസ്തവത്തില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളാണോ? അതോ, അതെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സിപിഎം നടത്തുന്ന വണ്‍വെ ട്രാഫിക് ആക്രമണങ്ങളാണോ? ഇവിടെ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു വസ്തുതയുണ്ട്. അതായത്, കമ്മ്യൂണിസ്റ്റുകള്‍, പുത്തന്‍ പദപ്രയോഗമനുസരിച്ചാണെങ്കില്‍ മാര്‍ക്‌സിസ്റ്റുകള്‍, അവര്‍ മറ്റ് തത്വശാസ്ത്രങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറല്ല എന്നുമാത്രമല്ല, അവയോടു സഹിഷ്ണുത പുലര്‍ത്താന്‍ പോലും ഒരിക്കലും തയ്യാറല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ലോകമെമ്പാടും നാം കണ്ടത് ഇതുതന്നെ. തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനശില. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ എപ്പോഴും സ്വന്തം പാര്‍ട്ടിയുടെ ഏകാധിപത്യത്തിനുവേണ്ടി നില കൊള്ളുന്നു. അതാണ് നാം മുമ്പ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടതും ഇപ്പോള്‍ ഉത്തര കൊറിയയിലും ക്യൂബയിലും കണ്ടുകൊണ്ടിരിക്കുന്നതും. ഇത്തരത്തിലുള്ള ഏകാധിപത്യ സംതൃപ്തി അവരെ നയിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെ. കമ്മ്യൂണിസ്റ്റ് എവിടെയായാലും ഇങ്ങനെ തന്നെ. അവര്‍ ഭരിക്കുന്നിടങ്ങളില്‍ ആണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കും. കേരളത്തിന്റെ കാര്യമെടുക്കാം. ഇവിടെ ഏതു രാഷ്ട്രീയസംഘട്ടനങ്ങള്‍ ഉണ്ടായാലും അതിന്റെയെല്ലാം ഒരു ഭാഗത്ത് സിപിഎം ഉണ്ടാകും. അത് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലാകാം; സിപിഎമ്മും ആര്‍എസ്എസും തമ്മിലാകാം; സിപിഎമ്മും കേരളാ കോണ്‍ഗ്രസും തമ്മിലാകാം; സിപിഎമ്മും ആര്‍എംപിയും തമ്മിലാകാം. സിപിഎമ്മും സിപിഐയും തമ്മിലാകാം. സിപിഎമ്മും നേതൃത്വത്തെ വിമര്‍ശിക്കുന്ന പാര്‍ട്ടിക്കകത്തെ ഗ്രൂപ്പുകളും തമ്മിലാകാം. ഒരു ഭാഗത്ത് സിപിഎം ഇല്ലാത്ത ഒരു രാഷ്ട്രീയ സംഘര്‍ഷം കേരളത്തില്‍ അചിന്തനീയം. ഇത് തന്നെ തെളിയിക്കുന്നത് അവര്‍ക്ക് മറ്റു പ്രസ്ഥാനങ്ങളോടും തത്വശാസ്ത്രങ്ങളോടുമുള്ള അസഹിഷ്ണുതയാണ്. സിപിഎം അഴിച്ചുവിടുന്ന ആക്രമങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സംഘവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമാണ്. ഇത് 1940കളില്‍ തുടങ്ങിയതാണ്. സിപിഎം കേരളത്തില്‍ ആര്‍എസ്എസിനെതിരെ നടത്തിയ ആദ്യത്തെ അറിയപ്പെടുന്ന ആക്രമണം 1947ലാണ്. ആക്രമണം സംഘത്തിന്റെ ദ്വിദീയ സര്‍ സംഘചാലക് പരമ പൂജനീയ ഗുരുജി ഗോല്‍വള്‍ക്കര്‍ക്ക് നേരെയായിരുന്നു എന്നതിനാല്‍ അത് ശ്രദ്ധേയമാണ്. ഗുരുജി വേദിയില്‍ ഉള്ളപ്പോഴാണ് തിരുവനന്തപുരത്തെ സാംഘിക് ആക്രമിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാരായ അക്രമകാരികള്‍ എത്തിയത്. ഗുരുജിയെ ശാരീരികമായി ആക്രമിക്കുക തന്നെയായിരുന്നു ലക്ഷ്യം. പി. പരമേശ്വര്‍ജിയായിരുന്നു ആ സാംഘിക്കിന്റെ മുഖ്യശിക്ഷക്ക്. സ്വയംസേവകര്‍ ആ അക്രമകാരികളെ സുധീരം നേരിട്ടപ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ വന്ന കമ്മ്യൂണിസ്റ്റു ഗുണ്ടകള്‍ ഓടി രക്ഷപ്പെട്ടു. ആ സംഘത്തില്‍ കവി പ്രൊഫ. ഒ.എന്‍.വി. കുറുപ്പും ഉണ്ടായിരുന്നുവെന്നു അദ്ദേഹം ഈയിടെ അന്തരിച്ചപ്പോള്‍ ഒരു ആരാധകന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ വായിച്ചതോര്‍ക്കുന്നു. ഏതായാലും സാംഘിക് മുടക്കം കൂടാതെ നടന്നു. അവിടെ നടന്നതൊന്നും താന്‍ കണ്ടതേയില്ല എന്ന മട്ടിലാണ് ഗുരുജി പങ്കെടുത്തതും പ്രസംഗിച്ചതും. പിന്നീട് അതുപോലുള്ള ഒരു ആക്രമണം നടന്നത് 1952ല്‍ ആലപ്പുഴയിലായിരുന്നു. അതും പൂജനീയ ഗുരുജിയുടെ പരിപാടി തന്നെ. അവിടെയും സ്വയംസേവകരുടെ ചെറുത്തുനില്‍പ്പില്‍ സഖാക്കള്‍ ഓടിക്കളഞ്ഞു. ഗുരുജി, താനതൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ ഉജ്ജ്വലമായ പ്രസംഗം ചെയ്തു. അന്നത്തെ അക്രമികളില്‍ ഒരാള്‍ പിന്നീടു സംഘത്തില്‍ ചേര്‍ന്നു, നിരവധി വര്‍ഷങ്ങള്‍ പ്രചാരകനായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എറണാകുളത്തുനിന്നു പോയിരുന്ന ചില പഴമക്കാര്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. പിന്നെ കുറേക്കാലം കമ്മ്യൂണിസ്റ്റുകള്‍ ആര്‍എസ്എസിനെതിരായ ശാരീരിക ആക്രമണങ്ങളില്‍ നിന്ന് വിട്ടു നിന്നു. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. സിപിഐ പൊതുവേ സംഘത്തിനെതിരെ ശാരീരികാക്രമണങ്ങള്‍ നടത്തുന്നതില്‍ താല്‍പര്യം കാണിച്ചില്ല. സിപിഎം ആകട്ടെ തങ്ങളുടെ സ്റ്റാലിനിസ്റ്റ് നയങ്ങളില്‍ ഉറച്ചു നിന്നു. അങ്ങനെ അവര്‍ നടത്തിയ സംഘത്തിനെതിരായ ആക്രമങ്ങളുടെ തുടക്കമാണ് 1969 ജനുവരിയില്‍ തൃശൂര്‍ ശ്രീ കേരളവര്‍മ കോളെജിലെ ആക്രമം. അതിന്റെ ചരിത്രം ഇങ്ങനെ: കോളേജ് മാനേജ്‌മെന്റ് കാമ്പസില്‍ ഒരു പ്രസംഗം നടത്താനായി സ്വാമി ചിന്മയാനന്ദജിയെ ക്ഷണിക്കുന്നു. പക്ഷെ സ്വാമിജി എത്തിയപ്പോള്‍ സ്ഥിതി വഷളായി. എസ്എഫ്‌ഐയുടെ മുന്‍ രൂപമായ കെഎസ്എഫ്, സിപിഎം കോട്ടയായിരുന്ന സ്ഥലത്തെ പാര്‍ട്ടി സഖാക്കളുടെ ശക്തമായ പിന്തുണയോടെ പരിപാടി കലക്കാനുള്ള എല്ലാ ആസൂത്രണങ്ങളും ചെയ്തു. സ്വാമിജിയെ അപമാനിക്കാനും ശാരീരികമായി ആക്രമിക്കാനുമായിരുന്നു അവരുടെ ലക്ഷ്യം. കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ കൈകോര്‍ത്തു വൃത്താകാരമായി സ്വാമിജിക്ക് ചുറ്റും നിന്ന് അദ്ദേഹത്തെ ശാരീരികാക്രമണത്തില്‍ നിന്ന് രക്ഷിച്ചു. അവര്‍ അദ്ദേഹത്തെ സുരക്ഷിതമായി കാറിലേക്ക് ആനയിച്ചു അവിടെ നിന്നും രക്ഷപെടുത്തി. പിറ്റേന്ന് എബിവിപിക്കാര്‍ കെഎസ്എഫ്-സിപിഎം പ്രവര്‍ത്തകരുടെ ജനാധിപത്യരഹിതമായ നടപടിക്കെതിരെ പ്രകടനം നടത്തി. ആ പ്രകടനത്തെ ആക്രമിക്കാന്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിപിഎംകാരെത്തി. അവരും വിരലില്‍ എണ്ണാവുന്നത്ര സംഘ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റു മുട്ടി. അതൊരു ഘോരമായ തെരുവുയുദ്ധമായി മാറി. കേരളത്തിലെ സിപിഎം-ആര്‍എസ്എസ് ചരിത്രത്തില്‍ അത്തരമൊന്നു ആദ്യത്തേതായിരുന്നു. നിരവധി സിപിഎം പ്രവര്‍ത്തകര്‍ സാരമായ മുറിവുകളോടെ ആശുപത്രിയിലായി. അതിനുശേഷം കേരള വര്‍മയിലും പരിസര പ്രദേശങ്ങളിലും എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷങ്ങള്‍ തുടര്‍ സംഭവങ്ങളായി. 1969-ല്‍ തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകര്‍ ഒരു പാവപ്പെട്ട മിഠായി ത്തൊഴിലാളിയായ വാടിയ്ക്കല്‍ രാമകൃഷ്ണന്‍ എന്ന സംഘപ്രവര്‍ത്തകനെ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ മൃഗീയമായി കൊലപ്പെടുത്തി. അതിനു നേതൃത്വം കൊടുത്തത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണെന്നു തദ്ദേശവാസികള്‍ ആരോപിച്ചിരുന്നു. അവര്‍ ആ കേസില്‍ പ്രതികളുമായിരുന്നുവെന്നാണ് ഓര്‍മ. കഷ്ടിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ കോട്ടയത്തിനടുത്തു പൊന്‍കുന്നത്തെ ശ്രീധരന്‍ നായര്‍ എന്ന സംഘപ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. മുന്‍ പ്രചാരകനും മുതിര്‍ന്ന സംഘപ്രവര്‍ത്തകനുമായിരുന്ന വെളിയത്ത് നാട് ചന്ദ്രനെ സിപിഎംകാര്‍ കൊലപ്പെടുത്തിയത് 1970 ജനുവരി 11 നായിരുന്നു, വടക്കന്‍ പറവൂരിലെ കൈതാരത്ത് 1973-ല്‍ തൃശൂര്‍ ജില്ലയിലെ നല്ലെങ്കരയില്‍ മണ്ഡല്‍ കാര്യവാഹ് ശങ്കരനാരായണനെ സിപിഎംകാര്‍ വധിച്ചു. അതേ വര്‍ഷം തൃശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി യിലെ മണ്ഡല്‍ കാര്യവാഹ് ഭക്തന്‍ കൊല ചെയ്യപ്പെട്ടു. പക്ഷെ, അത് ചെയ്തത് സിപിഐക്കാരായിരുന്നു. പിറ്റേ വര്‍ഷം സിപിഎമ്മുകാര്‍ കൊച്ചിയിലെ മണ്ഡല്‍ കാര്യവാഹ് സുധീന്ദ്രനെ കൊലപ്പെടുത്തി. അടിയന്തരാവസ്ഥയില്‍ ഈ സംഘര്‍ഷങ്ങള്‍ക്ക് വിരാമം വന്നെങ്കിലും 1978 മുതല്‍ സിപിഎം വീണ്ടും അക്രമ രാഷ്ട്രീയം പുനരാരംഭിച്ചു. ഇതിനു ഒരു ചരിത്ര പാശ്ചാത്തലമുണ്ട്. അടിയന്തരവസ്ഥക്കെതിരെയുള്ള സമരം ആര്‍എസ്എസിന്റെ മാത്രം ചുമതലയായി മാറി എന്നതു ചരിത്രമാണല്ലോ. ഇത് സ്വാഭാവികമായും സാഹസികരായ യുവ സിപിഎംകാരെ നിരാശപ്പെടുത്തി. നേതൃത്വം അടിയന്തരവസ്ഥയോട് വെച്ചുപുലര്‍ത്തിയ തണുത്ത സമീപനം അവര്‍ക്ക് സ്വീകാര്യമായില്ല. എസ്റ്റാബ്ലിഷ്‌മെന്റിനെ പിണക്കാതെയുള്ള ഒരു നയമാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ ആര്‍എസ്എസ് യുവാക്കള്‍ നടത്തിയിരുന്ന പോസ്റ്ററിങ്, ലഘുലേഖ വിതരണം, കടുത്തതും മാരകവുമായ മര്‍ദ്ദനത്തെ ക്ഷണിക്കുന്ന അഹിംസാത്മകമായ സത്യഗ്രഹ സമരം എന്നിവയെല്ലാം സിപിഎം പ്രവര്‍ത്തകരെ അമ്പരപ്പിച്ചു. ഇതിന്റെയെല്ലാം ഫലമായി നിരവധി സിപിഎം യുവാക്കള്‍ ആര്‍എസ്എസിന്റെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥക്കു ശേഷം അവരെല്ലാം സജീവ സംഘ പ്രവര്‍ത്തകരായി മാറി. ഈ പ്രതിഭാസം കാര്യമായി ഉടലെടുത്തതു സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന കണ്ണൂര്‍ ജില്ല, ആലപ്പുഴ ജില്ല, തൃശൂര്‍ ജില്ലയിലെ തീരദേശങ്ങള്‍ എന്നിവിടങ്ങളിലാണ്. അണികളുടെ ഈ കൊഴിഞ്ഞുപോക്ക് സിപിഎം നേതൃത്വത്തിനു സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിനപ്പുറമായിരുന്നു. പാര്‍ട്ടി വിട്ടുപോകുന്നവരെ കൊന്നൊടുക്കുകയാണ് കൂടുതല്‍ കൊഴിഞ്ഞു പോക്കിന് തടയിടാന്‍ പറ്റിയ പോംവഴിയെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. തലശ്ശേരിയിലെ പാനുണ്ട ശാഖ മുഖ്യശിക്ഷക്ക് ചന്ദ്രന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയെ സംഘസ്ഥാനില്‍ വെച്ച് വെട്ടി ക്കൊലപ്പെടുത്തിക്കൊണ്ട് 1978 സെപ്തംബറില്‍ അവര്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ആരംഭിച്ചു. ചന്ദ്രന്റെ അച്ഛന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. സിപിഎം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ആര്‍എസ്എസിലേക്ക് പോകുന്നതിനു തടയിടാന്‍ ഇത് ഉപകരിക്കുമെന്ന് സിപിഎം ചിന്തിച്ചു. പിന്നിടുള്ള വര്‍ഷങ്ങളില്‍ തലശ്ശേരി താലൂകില്‍ മാത്രം 78 ഓളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതില്‍ പ്രമുഖ പ്രവര്‍ത്തകര്‍ ഖണ്ഡ് കാര്യവാഹ് കരിമ്പില്‍ സതീശന്‍ (1981), ബിജെപി ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന്‍ (1986), യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ (ആറാം ക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ അവരുടെ മുന്നില്‍ വെച്ച് മൃഗീയമായി കൊലചെയ്യപ്പെട്ടു), കണ്ണൂര്‍ ജില്ല ശാരീരിക് പ്രമുഖ് മനോജ് (2014) എന്നിവരാണ്. കൊലചെയ്യപ്പെട്ടവര്‍ ഭൂരിപക്ഷവും മുന്‍ സിപിഎം പ്രവര്‍ത്തകരോ പ്രവര്‍ത്തകരുടെ കുടുംബങ്ങളില്‍പെട്ടവരോ ആയിരുന്നു. കത്തിയും വാളും മാത്രം പോരാ എന്ന് തോന്നിയപ്പോള്‍ സിപിഎം ബോംബ് നിര്‍മ്മാണം തുടങ്ങി. കണ്ണൂര്‍ ജില്ല സഹകാര്യവാഹായിരുന്ന സദാനന്ദന്‍ മാസ്റ്റരുടെ രണ്ടുകാലുകളും വെട്ടി മാറ്റി; അവ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഭവം നടന്നത് 1994 നവംബറില്‍. കൃത്രിമ കാലുകള്‍ ഉപയോഗിച്ച് നടക്കുന്ന മാസ്റ്റര്‍ പിന്നീടു നാട്ടിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെ പേരാമംഗലത്തുള്ള ശ്രീ ദുര്‍ഗ്ഗാവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നു. ഇപ്പോള്‍ അദ്ദേഹം കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. ഇതേ സിപിഎമ്മിലെ കൊലപാതകികള്‍ 1979-ല്‍ ആലപ്പുഴയിലും കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിച്ചു. അവിടെ കൊല്ലപ്പെട്ടവരില്‍ പ്രമുഖനാണ് കുട്ടനാട്ടിലെ ഖണ്ഡ് കാര്യവാഹ് ആയിരുന്ന വിശ്വംഭരന്‍ (1986). അടിയന്തരാവസ്ഥക്ക് ശേഷം തൃശൂര്‍ ജില്ലയില്‍ നിരവധി പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ കൊന്നുതള്ളി. തീരദേശങ്ങളില്‍ ഭീകരമായ ആക്രമണ പരമ്പരകളാണ് അരങ്ങേറിയത്. 1984-ല്‍ കൊടുങ്ങല്ലൂരിലെ താലുക്ക് കാര്യവാഹ് ടി. സതീശനെ സിപിഎമ്മുകാര്‍ തെരുവില്‍ വെച്ചു കുത്തിക്കൊന്നു. അതെ വര്‍ഷം തന്നെ മുന്‍ പ്രചാരകനായ അയ്യപ്പനെ അങ്കമാലിക്കടുത്തു തന്റെ സ്വന്തം പ്രദേശമായ നായത്തോടുവെച്ച് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു കൊന്നു. തൃപ്പുണിത്തുറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ 1984-ല്‍ സിപിഎംകാര്‍ കൊലചെയ്തു. 1987-ല്‍ തിരുവനന്തപുരം ജില്ലയിലെ മുരിക്കുംപുഴയില്‍ നടന്ന ഒറ്റ സംഭവത്തില്‍ തന്നെ മൂന്ന് സ്വയംസേവകരുടെ ജീവനാണ് മാര്‍ക്‌സിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. 1996 സെപ്തംബറില്‍ ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പുഴയില്‍ മുക്കിയാണ് കൊന്നത്. പിറ്റേ മാസം ചങ്ങനാശേരിയിലെ ബിംബി എന്ന സ്വയംസേവകനെ സിപിഎമ്മുകാര്‍ തലയില്‍ തൂക്കുകട്ടി കൊണ്ട് അടിച്ചു കൊന്നു. സിപിഎമ്മുകാര്‍ എന്നും എപ്പോഴും ഹിംസയുടെ പാതയിലാണെങ്കിലും അധികാരം കിട്ടുമ്പോള്‍ അക്രമം അവര്‍ക്ക് ഒരു ഹരമായി മാറുന്നു. ഇതു തന്നെയാണല്ലോ നാം ബംഗാളിലും കണ്ടത്. അവര്‍ മാറി മാറി അധികാരത്തില്‍ വരുന്നതിനാല്‍ കേസുകള്‍ എളുപ്പത്തില്‍ മാനിപ്പുലേറ്റ് ചെയ്യുന്നു. അതുപിന്നെ അവര്‍ക്ക് അനുകൂലമാവുന്നു. ഇവിടെ മാറിമാറി ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും ഈ കാര്യത്തില്‍ പരസ്പര സഹകരണത്തിലാണ് എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് പലപ്പോഴും ഇരു കൂട്ടരും പെരുമാറുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ ക്കുറിച്ച് നടക്കുന്ന അന്വേഷണത്തെ കുറിച്ച് ജനങ്ങള്‍ക്ക് പല സംശയങ്ങളും ഉണ്ടാകുന്നത് അങ്ങനെയാണ്. ഏതെങ്കിലും ഒരു ജഡ്ജി അവര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി നേതൃത്വവും അണികളും തെരുവില്‍ ഇറങ്ങി അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അവര്‍ക്കെതിരെ പ്രതീകാത്മക നാടുകടത്തലും മരണവാറന്റ് പുറപ്പെടുവിക്കലും വരെ ഉണ്ടാകുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികളെ വധശിക്ഷക്ക് വിധിച്ച ജഡ്ജിയുടെ അനുഭവം മറക്കാറായിട്ടില്ല. വധഭീഷണി കേള്‍ക്കേണ്ടി വന്ന ജഡ്ജി പിന്നീടു പോലിസ് സംരക്ഷണയോടെയാണ് ജീവിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലയില്‍ (2014) പി. ജയരാജന് പങ്കുണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. സിപിഎം അക്രമ രാഷ്ട്രീയം നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരെയും വെറുതെ വിടാറില്ല. അവര്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നിരവധി പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടി വിട്ടുപോയി റിബല്‍ ആയ ടി.പി. ചന്ദ്രശേഖരന് നേരിടേണ്ടി വന്നത് എന്തെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. ആ കൊലയില്‍ സിപിഎമ്മിന്റെ പങ്കിനെപ്പറ്റി വിഎസ് സൂചന നല്‍കിയിട്ടുള്ളതാണല്ലോ ശ്രദ്ധാപൂര്‍വമായ വാക്കുകളിലൂടെയും സ്വന്തം പ്രവര്‍ത്തികളിലൂടെയും ! മേല്‍ പറഞ്ഞവ ഇവിടെ നടമാടുന്ന അക്രമ രാഷ്ട്രീയത്തിന്റെ ചില ബിന്ദുക്കള്‍ മാത്രം. ചെങ്കൊടിയുടെ ചോരക്കൊതിയ്ക്ക് ഇരയായവരുടെ പേരുകള്‍ പോലും മുഴുവന്‍ ഇവിടെ ചേര്‍ത്തിട്ടില്ല. രാഷ്ട്രീയ വൈരം മൂത്ത കൊലക്കോമരങ്ങള്‍ കേരളത്തില്‍ ഇതുവരെയും ഇരുനൂറിലേറെ സംഘ പ്രവര്‍ത്തകരെ കൊലചെയ്തിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും സിപിഎം കൊലക്കത്തിക്ക് ഇരകളായവരാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം സിപിഎമ്മുകാര്‍ കൊന്നത് 78 സംഘപ്രവര്‍ത്തകരെയാണ്. സംഘപ്രവര്‍ത്തകരെ കൊല്ലാനും കൊല്ലാതെ കൊല്ലാനും കൊല്ലുന്നവര്‍ക്ക് കൂട്ടുനില്‍ക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും പിന്നിലല്ല. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹത്തോടെ കൊച്ചിന്‍ കോളേജ് എബിവിപി നേതാവ് പി. വിജയനെ നട്ടെല്ലില്‍ കുത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ എങ്ങനെ അഹിംസാവാദികളാകും ? പതിനെട്ടു വര്‍ഷത്തോളം അരക്ക് കീഴ്‌പ്പോട്ടു തളര്‍ന്നു കിടന്നാണ് വിജയന്‍ മരിച്ചത്. നേരിട്ടുള്ള ആക്രമണത്തേക്കാള്‍ കോണ്‍ഗ്രസ് രീതി അക്രമകാരികള്‍ക്ക് സംരക്ഷണം നല്‍കലാണ്. ഭരണം കോണ്‍ഗ്രസിനാണെങ്കില്‍ പോലീസിന്റെ സംരക്ഷണം നിയമ സഹായങ്ങള്‍. കോണ്‍ഗ്രസുകാര്‍ക്ക് പഴയ ചോരക്കൊതിയന്‍ ചെന്നായയുടെ ആത്മാവാണ് ഇക്കാര്യത്തില്‍. അതേ സമയം നേരിട്ടുള്ള ഓപ്പറേഷനും മടിയില്ലാത്തവരുമുണ്ട്; കെ. സുധാകരന്‍ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തപ്പോള്‍ മുതല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വര്‍ഷങ്ങളോളം നടന്ന ആക്രമണ-പ്രത്യാക്രമണങ്ങള്‍ ചരിത്രമാണ്. കുപ്രസിദ്ധമായ വിമോചന സമര കാലത്ത് കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകളെ കൊന്നതും ചരിത്രമല്ലേ, അവസരവാദപരമായ അഡ്ജസ്റ്റ്‌മെന്റ് സമരക്കാലത്ത് സിപിഎമ്മും സിപിഐയും അതെല്ലാം മറന്നെങ്കിലും! സമാധാനശ്രമങ്ങള്‍ തല്ലിയുടച്ചതാര്? 1977 പകുതിയോടെ പരമേശ്വര്‍ജി എന്ന പി. പരമേശ്വരന്‍ ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആയിക്കഴിഞ്ഞിരുന്നു. അദ്ദേഹം 1981 അവസാന മാസങ്ങള്‍ വരെ ആ ചുമതലയില്‍ തുടര്‍ന്നു. കേരളമാകെ, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്, തൃശൂര്‍ ജില്ലയിലെ തീരദേശങ്ങള്‍, ആലപ്പുഴയിലെ കുട്ടനാട് എന്നിവിടങ്ങളില്‍ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം ഉറഞ്ഞു തുള്ളുന്ന കാലം. നിരപരാധികളായ സംഘപ്രവര്‍ത്തകരുടെ രക്തം തലശ്ശേരിയിലും മറ്റിടങ്ങളിലും തെരുവുകളില്‍ പ്രവഹിക്കുന്ന ദിനരാത്രങ്ങള്‍. 1978 മുതല്‍ അതായിരുന്നു സ്ഥിതി. ഈ അരുംകൊലകള്‍ക്ക് ഒരു അന്ത്യം വേണമെന്ന് സമാധാന പ്രേമികളായ സംഘനേതാക്കള്‍ സ്വാഭാവികമായും ആഗ്രഹിച്ചു. സിപിഎമ്മിന്റെ സീനിയര്‍ നേതാക്കളുമായി എന്തുകൊണ്ട് ഒരു ചര്‍ച്ച ആയിക്കൂടാ എന്നായിരുന്നു ആ ചിന്ത. ദല്‍ഹിയിലുള്ള പരമേശ്വര്‍ജി സംഘത്തിന്റെ കേരള പ്രാന്തപ്രചാരകായ കെ. ഭാസ്‌കര്‍ റാവുമായി ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ പരമേശ്വര്‍ജി ദല്‍ഹിയിലുണ്ടായിരുന്ന ഈഎംഎസ് നമ്പൂതിരിപ്പാടിന് ഒരു കത്തയച്ചു. ആ കാലത്ത് അദ്ദേഹം സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദല്‍ഹി കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. പരമേശ്വര്‍ജിയുടെ ആശയത്തോട് യോജിച്ചു കൊണ്ട് ഈഎംഎസ് മറുപടി അയച്ചു. പിന്നീട് പരമേശ്വര്‍ജി ഈഎംഎസ്സുമായി ഫോണിലും ബന്ധപ്പെട്ടു. കാര്യം കേരള വിഷയമായതിനാല്‍ അടുത്ത ദിവസം ദല്‍ഹിയില്‍ എത്തുന്ന മുഖ്യമന്തി ഇ.കെ.നായനാരുമായി ചര്‍ച്ച നടത്താന്‍ ഇഎംഎസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ദല്‍ഹിയിലെ കേരള ഹൗസില്‍വെച്ച് നായനാരുമായി ചര്‍ച്ച നടത്താനുള്ള തീയതിയും സമയവും നിശ്ചയിക്കപ്പെട്ടു. ആര്‍. ഹരിയേട്ടനും അന്നത്തെ പ്രാന്ത പ്രചാരക് ഭാസ്‌കര്‍ റാവുവും ദല്‍ഹിലെത്തി. പക്ഷെ, അന്നേ ദിവസം അപ്രതീക്ഷിതമായി ചില സംഭവവികാസങ്ങള്‍ ഉണ്ടായി. തലേന്ന് തലശ്ശേരിയിലെ സംഘര്‍ഷത്തോടനുബന്ധിച്ചു കേരളത്തിലെ ഒരു പ്രമുഖ എബിവിപി പ്രവര്‍ത്തകനായ വി. മുരളീധരനെ (മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍) അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ദല്‍ഹിയിലെ എബിവിപി വൃത്തങ്ങള്‍ക്ക് കിട്ടിയ വിവരം സംസ്ഥാന സംഘടന സെക്രട്ടറിയും പ്രചാരകനുമായ കെ.ജി. വേണുഗോപാലിനെ അറസ്റ്റ് ചെയ്തു എന്നായിരുന്നു. അവര്‍ രോഷാകുലരായി. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച ആ ദിവസം രാവിലെ തന്നെ ദല്‍ഹി സര്‍വ്വകലാശാലയിലെ എബിവിപിക്കാര്‍ നായനാരെ കേരള ഹൗസില്‍വെച്ച് ഘെരാവോ ചെയ്തു. ഘെരാവോ മണിക്കൂറുകളോളം നീണ്ടു. അസുഖകരമായ ഈ സംഭവം മൂലം ചര്‍ച്ച മുടങ്ങുമോ എന്ന ആശങ്ക പരമേശ്വര്‍ജിയെയും, കേരളത്തില്‍ നിന്ന് ചര്‍ച്ചക്ക് വേണ്ടി മാത്രം ദല്‍ഹിയിലെത്തിയ ഭാസ്‌കര്‍ റാവുജിയെയും ആര്‍. ഹരിയേട്ടനെയും ബാധിച്ചു. പരമേശ്വര്‍ജി നായനാരെ ഫോണില്‍ വിളിച്ചു. ഇങ്ങനെ അസുഖകരമായ സംഭവങ്ങളൊക്കെ ഉണ്ടായ സ്ഥിതിക്ക് ചര്‍ച്ച നടക്കുമോ എന്ന് അദ്ദേഹം നായനാരോട് ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി രസകരവും ആവേശദായകവുമായിരുന്നു. 'അതിനെന്തിനാ പരമേശ്വരാ ചര്‍ച്ച നീട്ടി വെക്കുന്നത്. അതൊക്കെ പിള്ളാരുടെ ഒരു കളിയല്ലേ. നിങ്ങള്‍ വാ, നമുക്ക് ചര്‍ച്ച നടത്താം.' ആദ്യചര്‍ച്ചയില്‍ സിപിഎം ഭാഗത്തുനിന്ന് നായനാരെ കൂടാതെ അന്നത്തെ നായനാര്‍ മന്തിസഭയിലെ അംഗവും കോണ്‍ഗ്രസ് (എസ്) നേതാവുമായിരുന്ന പി.സി. ചാക്കോ (ഇന്നത്തെ കോണ്‍ഗ്രസ് ദേശീയ വക്താവ്) ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗത്തുനിന്ന് ഭാസ്‌കര്‍ റാവുജിയും പരമേശ്വര്‍ജിയും ഹരിയേട്ടനും പങ്കെടുത്തു. പ്രസ്തുത യോഗത്തില്‍ വെച്ചും നായനാര്‍ 'കുട്ടികള്‍ രാവിലെ നടത്തിയ കുട്ടിക്കളി'യെ കുറിച്ച് സരസമായി സംസാരിച്ചു. 'അവര്‍ മിടുക്കന്മാരാ, മലയാളി പിള്ളേരെപോലെയല്ല. പിള്ളേര്‍ ഉഷാറാ' എന്നൊക്കെ നായനാര്‍ പറഞ്ഞു എന്ന് ഹരിയേട്ടനില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എബിവിപിക്കാര്‍ കത്തിയും മറ്റും കടലാസ്സില്‍ പൊതിഞ്ഞുകൊണ്ട് വന്നിരുന്നു എന്നെല്ലാം പറഞ്ഞു രാജാവിനേക്കാള്‍ കൂടുതല്‍ രാജഭക്തി കാണിക്കാന്‍ ചാക്കോ ശ്രമിച്ചു, പക്ഷെ, നായനാര്‍ തന്റെ മന്ത്രിയെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. അവര്‍ ഒരു ആയുധവും കൊണ്ടു വന്നിരുന്നില്ലെടോ എന്നായിരുന്നു നായനാര്‍ ചാക്കോയ്ക്ക് കൊടുത്ത മറുപടി. സംഘര്‍ഷങ്ങള്‍ക്ക് ഒരു അറുതി വരുത്തേണ്ടതിനെ കുറിച്ച് സിപിഎമ്മിന് ഒരു എതിരഭിപ്രായവും ഉള്ളതായി ആര്‍എസ്എസ് നേതാക്കള്‍ക്ക് തോന്നിയില്ല. ചര്‍ച്ചയുടെ രണ്ടാം ഭാഗം കേരളത്തില്‍ വെച്ചാകാം എന്ന് തീരുമാനമായി. ചര്‍ച്ചയുടെ വിവരം താന്‍ കേരളത്തില്‍ ചെന്ന് മാധ്യമങ്ങളോട് 'പൊട്ടിക്കാം' എന്ന് നായനാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു. കേരളത്തില്‍ ചര്‍ച്ച നടത്താനുള്ള സ്ഥലം തീരുമാനിക്കാനുള്ള ചുമതല ഹരിയേട്ടനില്‍ നിക്ഷിപ്തമായി. അങ്ങനെ സാങ്കേതികമായി പറഞ്ഞാല്‍ കേരളത്തില്‍ നടന്ന ചര്‍ച്ചയുടെ കണ്‍വീനര്‍ അദ്ദേഹം തന്നെയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഹരിയേട്ടന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സമുന്നത സിപിഎം നേതാവുമായി ബന്ധപ്പെട്ടു. ചര്‍ച്ച സിപിഎം ഓഫീസില്‍ ആകാന്‍ തങ്ങള്‍ക്കു സമ്മതമാണെന്ന് ഹരിയേട്ടന്‍ പറഞ്ഞു. പക്ഷെ, സിപിഎമ്മിന് അത് അചിന്തനീയമായിരുന്നു. പാര്‍ട്ടി അണികള്‍ അതെങ്ങനെ കാണും എന്നതായിരുന്നു നേതാവിന്റെ ആശങ്ക. എങ്കില്‍ എളമക്കരയിലെ ആര്‍എസ്എസ് ആസ്ഥാനത്താകാം എന്ന് ഹരിയേട്ടന്‍ നിര്‍ദ്ദേശിച്ചു. 'അത് തീയില്‍ ചവിട്ടുന്നത് പോലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും' എന്നായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണം. അങ്ങനെയാണ് ഇരുകൂട്ടര്‍ക്കും അറിയാവുന്ന ഒരു വീടാകാം ചര്‍ച്ചയ്ക്കുള്ള ഇടം എന്ന തീരുമാനമായത്. അതുപ്രകാരം എറണാകുളത്തെ ഒരു വ്യവസായിയായ സ്വയംസേവകന്റെ വീട്ടില്‍ ആയിരുന്നു ആ ചര്‍ച്ച സൗകര്യപ്പെടുത്തിയത്. ആ യോഗത്തില്‍ സിപിഎം പിബി അംഗം പി. രാമമൂര്‍ത്തി, ആഭ്യന്തര മന്ത്രി ടി.കെ. രാമകൃഷ്ണന്‍, സിപിഎം നേതാവ് എം.എം. ലോറന്‍സ് എന്നിവര്‍ സിപിഎം ഭാഗത്തുനിന്നും ദത്തോപാന്ത് ഠേംഗ്ഡിജി, ആര്‍. ഹരിയേട്ടന്‍, പി. മാധവ്ജി എന്നിവര്‍ സംഘത്തിന്റെ ഭാഗത്തുനിന്നും പങ്കെടുത്തു. രാമമൂര്‍്ത്തിയുടെ മുറുക്ക് സ്വഭാവം മുന്‍നിര്‍ത്തി യോഗം നടന്ന വീട്ടില്‍ മുറുക്കാനുള്ള സാമഗ്രികള്‍ ഒരുക്കിയിരുന്നുവന്നു ഹരിയേട്ടന്‍ ഓര്‍ക്കുന്നു. അദേഹത്തിന്റെ പ്രസിദ്ധമായ 'ചെയിന്‍ മുറുക്കി'നെ ക്കുറിച്ച് അറിയാമായിരുന്ന ഠേംഗ്ഡിജിയാണ് അതിനുള്ള സാമഗ്രികള്‍ കരുതാന്‍ നിര്‍ദ്ദേശിച്ചത്. എം.എം. ലോറന്‍സും ഹരിയേട്ടനും സ്‌കൂള്‍ ജീവിതകാലത്ത് സഹപാഠികള്‍ ആയിരുന്നു എന്നത് ചര്‍ച്ചയില്‍ വ്യക്തിപരമായ ഒരു റാപ്പോ ഉണ്ടാക്കാന്‍ സാധിച്ചു എന്നതും സ്മരണീയമാണ്. രണ്ടു പ്രാവശ്യം നടന്ന ചര്‍ച്ചകളിലും പങ്കെടുത്ത ആള്‍ എന്ന നിലയില്‍ ഹരിയേട്ടന്‍ ഓര്‍ക്കുന്നത് ആക്രമങ്ങള്‍ക്ക് ഒരു അറുതി വരണമെന്ന് ഇരുഭാഗത്തും ആത്മാര്‍ത്ഥമായ ആഗ്രഹം കണ്ടു എന്നാണ്. എറണാകുളത്തെ വ്യവസായിയായ സ്വയംസേവകന്റെ വീട്ടില്‍ ഉച്ചവരെ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വന്നു. പ്രാദേശികമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇരുഭാഗത്തുമുള്ള അവിടുത്തെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ തമ്മില്‍ ബന്ധപ്പെട്ടു സംഘര്‍ഷം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നുള്ള നിര്‍ദ്ദേശം ഇരുകൂട്ടര്‍ക്കും സ്വീകാര്യമായി. ഉച്ചഭക്ഷണത്തിനുശേഷം ചര്‍ച്ച എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കിലും അവസാനഘട്ടത്തില്‍ ബിഎംഎസ് നേതാവ് ആര്‍. വേണുഗോപാലും സ്ഥലത്ത് എത്തിയിരുന്നു എന്ന് ഹരിയേട്ടന്‍ ഓര്‍ക്കുന്നു. ചര്‍ച്ച കഴിഞ്ഞു പൊതുവായ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ സംഘത്തിന്റെ പ്രചാരക പദ്ധതിയെകുറിച്ച് മന്ത്രി ടികെ വിശദമായി ചോദിച്ചറിഞ്ഞു എന്ന് ഹരിയേട്ടന്‍ ഈ ലേഖകനോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ആദ്യവര്‍ഷങ്ങളില്‍ ഇതുപോലുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും പിന്നീടാണ് കുടുംബജീവിതമുള്ള പ്രവര്‍ത്തകരുടെ പദ്ധതി കൊണ്ടുവന്നത് എന്നും ടികെ പറഞ്ഞുവത്രേ. സംസ്‌കൃതത്തില്‍ നല്ല അറിവുണ്ടായിരുന്ന ടികെ ആ വിഷയത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ആയിടെ റിലീസ് ആയ ബോക്‌സ് ഓഫീസ് ഹിറ്റ് 'ശങ്കരാഭരണം' എന്ന ചിത്രത്തെക്കുറിച്ചും ടികെ സംസാരിച്ചു എന്ന് പി. മാധവ്ജി ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പക്ഷെ, നേതാക്കള്‍ ഇരുന്നുണ്ടാക്കിയ ധാരണകളെ സിപിഎം കാറ്റില്‍ പറത്തുകയായിരുന്നു എന്ന് പില്‍ക്കാല ചരിത്രം പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഹരിയേട്ടന്‍ പ്രാന്തപ്രചാരകനായിരുന്ന കാലത്ത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുന്‍കൈയെടുത്തു കോട്ടയ്ക്കല്‍ വെച്ച് ഒരു ചര്‍ച്ച നടന്നിരുന്നു. അത് 1984 നും 1989 നും ഇടയ്ക്ക് എപ്പോഴെങ്കിലും ആയിരിക്കാം. ആ യോഗത്തില്‍ വിഎസ് പങ്കെടുത്തിരുന്നു എന്ന് ഹരിയേട്ടന്‍ ഓര്‍ക്കുന്നു. സംഘത്തിന്റെ പ്രതിനിധികളായി അഡ്വ. ടി.വി. അനന്തേട്ടനും എസ്. സേതുവേട്ടനും പങ്കെടുത്തു. ഒരുപക്ഷെ, ലോറന്‍സും ഉണ്ടായിരുന്നിരിക്കണം. അവിടെയും ചില ധാരണകള്‍ ഉണ്ടായെങ്കിലും അതൊന്നും തന്നെ സിപിഎം പാലിച്ചില്ല. പിന്നീട്, തലശ്ശേരിയില്‍ സമാധാനം പുലര്‍ത്താന്‍ എന്ന പേരില്‍ എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഭവനത്തില്‍ 2000 നവംബര്‍ 29 നോ 30 നോ ഒരു ചര്‍ച്ച നടന്നു എന്ന് കേട്ടിട്ടുണ്ട്. അന്ന് സംഘത്തിന്റെ കൊച്ചി ജില്ല സഹകാര്യവാഹായിരുന്ന എനിക്ക് പോലും 'കേട്ടിട്ടുണ്ട്' എന്നുമാത്രം പറയേണ്ടി വരുന്നു ! കാരണം ആ ചര്‍ച്ചയില്‍ സംഘത്തിന്റെ പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല; ആരെയും ക്ഷണിച്ചിരുന്നില്ല എന്നതാണ് സത്യം. തലശ്ശേരിയിലെ സംഘര്‍ഷം സംഘവും (ബിജെപിയേയും സാങ്കേതികമായി ചേര്‍ക്കാം) സിപിഎമ്മും തമ്മില്‍ ആയിരുന്നെകിലും ആ ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനകളുടെ പട്ടിക കേട്ടാല്‍ ചിരിക്കണോ, പുച്ഛിക്കണോ, ദു:ഖിക്കണോ, സഹതപിക്കണോ എന്ന കണ്‍ഫ്യൂഷന്‍ തന്നെ ഉണ്ടാകും! സിപിഎം, കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളാണ് അതില്‍ പങ്കെടുത്തത്! അവര്‍ തലശ്ശേരിയില്‍ സമാധാനം സ്ഥാപിക്കും എന്ന് 'തീരുമാനിച്ച്' ചായയും കുടിച്ചു മടങ്ങി. രണ്ടാം ദിവസം ജയകൃഷ്ണന്‍ മാസ്റ്റര്‍ ആറാം ക്ലാസിലെ പിഞ്ചുകുട്ടികളുടെ മുന്നില്‍ വെച്ച് മൃഗീയമായി കൊല്ലപ്പെടുകയും ചെയ്തു ! അന്നത്തെ ആ യോഗത്തില്‍ സംഘത്തിന്റെ പ്രതിനിധി ഉണ്ടാവാതിരിക്കാന്‍ 'കഷ്ടപ്പട്ടത്' ആരാണ് എന്നത് ഇന്നും അജ്ഞാതം. ആ വീഴ്ചയെക്കുറിച്ച് കൃഷ്ണയ്യര്‍ മരണം വരെ ദുഃഖിച്ചിരുന്നു. അത് അദ്ദേഹം ഒന്നിലധികം തവണ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ്-സിപിഎം ചര്‍ച്ചകളുടെ ഈ ചരിത്രം നോക്കുമ്പോള്‍ ഒന്ന് സംശയാതീതമായി തെളിയുന്നു : ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് ആര്‍എസ്എസ് തന്നെ. അപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ആരെന്നും അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ ആരെന്നും വിശദീകരിക്കേണ്ടതില്ലല്ലോ.        

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.