സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Saturday 9 April 2016 9:20 pm IST

കല്‍പ്പറ്റ:സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ബാലനീതി നിയമപ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടിക്കള്‍ക്കായി ഒരുക്കിയ സംസ്ഥാനത്തല ചില്‍ഡ്രന്‍സ് മേള ജില്ലാ സെക്ഷന്‍സ് ജഡ്ജ് ഡോ. വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിറം മങ്ങിയ ബാല്യത്തില്‍ നിന്ന് വര്‍ണ്ണങ്ങള്‍ ചാലിച്ച സ്വപ്നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ഇത്തരം മേളകളിലൂടെ കുട്ടിക്കള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി കണിയാമ്പറ്റ ഗവണ്‍മന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന മേളയില്‍ 300 ലധികം കുട്ടികളാണ് വിവിധ കലാ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്. സമൂഹത്തിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ കുരുന്നുകളുടെ കലാഭിരുചികള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് വകുപ്പ്. കബനി, പഴശ്ശി, കരിന്തണ്ടന്‍, ബാവലി എന്നീ നാല് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി 20 ഓളം മത്സരങ്ങളിലാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം മത്സരങ്ങള്‍ നടക്കുക. വിവിധ സാഹചര്യങ്ങളാല്‍ ബാലസംരക്ഷണ കേന്ദ്രങ്ങളില്‍ എത്തപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ അടിസ്ഥാന, ആരോഗ്യ, വിദ്യാഭ്യാസ, കലാ- കായിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കുകയുമാണ് മേളകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 14 ചില്‍ഡ്രന്‍സ് ഹോമുകളിലായി 600 ഓളം കുട്ടികളാണ് താമസിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ശതമാനം തുക കേന്ദ്രസര്‍ക്കാറും 40 ശതമാനം സംസ്ഥാന സര്‍ക്കാറും വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പരിരക്ഷയ്ക്കായി 15 ഒബ്‌സര്‍വേഷന്‍ ഹോമുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. നാളത്തെ തലമുറ ഇന്ന് വളരുന്ന കുട്ടികളായതിനാല്‍ നല്ല ചിന്തകളിലൂടെ, പ്രവര്‍ത്തികളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തുവാന്‍ ഓരോരുത്തരം നിരന്തരം പരിശ്രമിക്കണമെന്നും ഇത്തരം മേളകള്‍ കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉയര്‍ത്തുവാന്‍ അവസരമൊരുക്കട്ടെയെന്നും മുഖ്യപ്രഭാഷണത്തില്‍ ജില്ലാ അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് അദ്ധ്യക്ഷയായ പരിപാടിയില്‍ സി.ഡബ്ല്യൂ.സി. ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, ജില്ലാ സാമൂഹ്യനീതി ഏഫീസര്‍ വി.കെ രത്‌നസിങ്ങ്, തിരുവനന്തപുരം ഐ.സി.പി.എസ് പ്രോഗ്രാം മാനേജര്‍ എ.എസ്. ഗണേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഇന്ന് (ഏപ്രില്‍10) വൈകിട്ട് 7 ന് കോഴിക്കോട് സാമൂഹ്യ നീതി വകുപ്പ് ജീവനക്കാര്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പം, കലാപരിപാടികള്‍, എന്നിവയുണ്ടാകും. 11 ന് വനം വകുപ്പ്, സാമൂഹ്യവനവല്‍ക്കരണ വിഭാഗം, കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട്, ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാരാപ്പുഴ ഡാം പരിസരത്ത് വൃക്ഷത്തൈ നടും. 2.30ന് നടക്കുന്ന സമാപന സമ്മേളനം എ.ഡി.എം. സി.എം. മുരളിധരന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ജുവനൈല്‍ ജസ്റ്റിസ്റ്റ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കെ. നൗഷാദ് അലി ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്‍ സമ്മാനം നല്‍ക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍. ഐ.റ്റി.ഡി.പി. പ്രൊജക്ട് ഏഫീസര്‍ പി.വാണിദാസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.കെ രത്‌നസിങ്ങ്, ഡി.എം.ഒ ഡോ. ആശാ ദേവി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍, കൊല്ലം ഡി.സി.പി.ഒ കെ.കെ സുബൈര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ. സുരേഷ് ബാബു എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.