ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ ആരംഭിക്കും

Saturday 9 April 2016 10:53 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷത്രത്തിലെ പൈങ്കുനി ഉത്സവം 11 ന് ആരംഭിച്ച് 20 ന് ആറാട്ടോടെ സമാപിക്കും. മീനമാസത്തില്‍ രോഹിണിനക്ഷത്രദിവസം കൊടിയേറി അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടൂമ്പോഴാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. മണ്ണുനീരുകോരല്‍, മുളപൂജ, കലശം തുടങ്ങിയ കര്‍മ്മങ്ങള്‍ അതിനുശേഷം നടക്കും. രോഹിണിനാളില്‍ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളില്‍ കൊടിയേറ്റുന്നു. ഉത്സവദിനങ്ങളില്‍ വിശേഷാല്‍ പൂജകളും കലാപരിപാടികളുമുണ്ടാകും. എന്നാല്‍ കൊടിയേറ്റ് ദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. ഉത്സവത്തിനു മുന്നോടിയായുള്ള മണ്ണുനീര്‍ കോരല്‍ ചടങ്ങ് 5ന് നടന്നു. ഇന്നു രാവിലെ 7 ന് ബ്രഹ്കലശവും 9 ന് തിരുവോലക്കവും നടക്കും. 11 ന് രാവിലെ 9 ന് തൃക്കൊടിയേറ്റ്. 18 ന് രാത്രി 8.30 ന് വലിയകാണിക്ക. 19 ന് രാത്രി 8.30 ന് പള്ളിവേട്ട ആരംഭിക്കും. കൂടാതെ രണ്ടുനേരവും വിശേഷാല്‍ ശീവേലികളുമുണ്ടാകും. എഴുന്നെള്ളത്തിന് ആറുതരം വാഹനങ്ങളാണ് ഉപയോഗിക്കുക. ആദ്യദിവസം സിംഹാസനം, രണ്ടാം ദിവസം അനന്തന്‍, മൂന്നാം ദിവസം കമലം, നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളില്‍ പല്ലക്ക്, ആറാം ദിവസം ഇന്ദ്രന്‍, മറ്റുദിവസങ്ങളില്‍ ഗരുഡന്‍, ഇങ്ങനെയാണ് എഴുന്നെള്ളിപ്പ്. പത്മനാഭസ്വാമിയുടേത് സ്വര്‍ണ്ണവാഹനവും നരസിംഹമൂര്‍ത്തി, ശ്രീകൃഷ്ണന്‍ എന്നിവരുടേത് വെള്ളിവാഹനവുമാണ്. എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ ഭഗവാന് കാണിക്ക സമര്‍പ്പിക്കുന്നു. തുടര്‍ന്ന് വലിയതമ്പുരാനും കാണിക്ക സമര്‍പ്പിക്കുന്നു. പിന്നീട് ഭക്തര്‍ ഒന്നായി കാണിക്ക സമര്‍പ്പിക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക. ഒമ്പതാം ദിവസം പള്ളിവേട്ട നടക്കും. പള്ളിവേട്ട രാത്രി 8.30 ന് ആരംഭിക്കും. പത്താം ദിവസമാണ് ആറാട്ട്. ആറാട്ട് ഘോഷയാത്ര 20 ന് വൈകുന്നേരം 5 ന് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. ക്ഷേത്രത്തില്‍ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങള്‍ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. വലിയതമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചുകൊണ്ട് ഭഗവാന് അകമ്പടി സേവിക്കും. വാദ്യമേളങ്ങളും കലാപരിപാടികളും കൊണ്ട് സമ്പന്നമായ എഴുന്നെള്ളിപ്പ് പടിഞ്ഞാറേ നടവഴി ശംഖുമുഖം കടപ്പുറത്തെത്തിച്ചേരും. തുടര്‍ന്ന് തന്ത്രവിധിയനുസരിച്ച് ആറാട്ട് നടത്തുന്നു. പിന്നീട് തിരിച്ചെഴുന്നള്ളുന്നെള്ളുന്നതോടെ കൊടിയിറക്കും. അതോടെ ഈ വര്‍ഷത്തെ പൈങ്കുനി ഉത്സവത്തിന് സമാപനമാകും. ആറാട്ട് ദിവസം നഗരത്തിലെ സര്‍ക്കാര്‍ ആഫീസുകള്‍ക്ക് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കുശേഷം അവധിയായിരിയ്ക്കും. ഉത്സവത്തിനുമുന്നോടിയായി കിഴക്കേ കോട്ടവാതിലിനോടുചേര്‍ന്ന് പഞ്ചപാണ്ഡവരുടെ പടുകൂറ്റന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് തുലാഭാരമണ്ഡപത്തിലും ശ്രീപാദമണ്ഡപത്തിലുമായി വൈകുന്നേരം 6.30 മുതല്‍ സംഗീതക്കച്ചേരികളും ശാസ്ത്രീയ നൃത്തവും അരങ്ങേറും. ദിവസവും രാത്രി 10 ന് നാടകശാല മുഖപ്പില്‍ നാട്യശാല കഥകളിസംഘം അവതരിപ്പിക്കുന്ന കഥകളി ഉണ്ടായിരിക്കും. 18 ന് വൈകുന്നേരം 5.15ന് കിഴക്കേനടത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.