ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണലിന് സമനില. വെസ്റ്റ് ഹാമിനെതിരായ എവേ മത്സരത്തിലാണ് ഗണ്ണേഴ്സ് സമനിലയില്‍ കുടുങ്ങിയത്. ആദ്യം രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനില്ക്കുയും പിന്നീട് പിന്നിലാവുകയും ചെയ്തശേഷമാണ് ആഴ്സണല്‍ സമനില നേടിയത്.
വെസ്റ്റ് ഹാം താരം ആന്‍ഡി കരോളിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് മത്സരത്തിലെ സവിശേഷത. 44-ാം മിനിറ്റിലും പരിക്കു സമയത്തും 52-ാം മിനിറ്റിലുമായിരുന്നു കരോൡന്റെ ഹാട്രിക്ക്. ആഴ്സണലിന് വേണ്ടി 18-ാം മിനിറ്റില്‍ മെസ്യൂട്ട് ഒാസില്‍, 35-ാം മിനിറ്റില്‍ അലക്സി സാഞ്ചസ്, 72-ാം മിനിറ്റില്‍ ലോറന്റ് കോസിയന്സിലി എന്നിവര്‍ ലക്ഷ്യം കണ്ടു.
പന്തടക്കത്തില്‍ ആഴ്സണലായിരുന്നു മുന്നിട്ടുനിന്നതെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ വെസ്റ്റഹാം ഒന്നാമതെത്തി. 19 ഷോട്ടുകള്‍ വെസ്റ്റ് ഹാം താരങ്ങള്‍ പായിച്ചപ്പോള്‍ ആഴ്സണല്‍ ഉതിര്‍ത്തത് 11 എണ്ണം.
കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേങ്ങളുമായി കളം നിറഞ്ഞപ്പോള്‍ പോരാട്ടം ആവേശത്തിലേക്കുയര്‍ന്നു. 11-ാം മിനിറ്റില്‍ ആഴ്സണലിന്റെ മുഹമ്മദ് എല്‍നെനിയുടെ ഷോട്ട് വെസ്റ്റ് ഹാം പ്രതിരോധം ബ്ലോക്ക് ചെയ്തപ്പോള്‍ 14-ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ ആന്‍ഡി കരോള്‍ അവസരം നഷ്ടപ്പെടുത്തി. 18-ാം മിനിറ്റില്‍ ഓസില്‍ ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് വെസ്റ്റ്ഹാം ഗോളിയെ കീഴടക്കി വലയില്‍. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ഡാനി വെല്‍ബാക്ക് നഷ്ടപ്പെടുത്തി.
30-ാം മിനിറ്റില്‍ സാഞ്ചസിന്റെ ഷോട്ടും വെസ്റ്റ്ഹാം ഗോളി രക്ഷപ്പെടുത്തി. 35-ാംമിനിറ്റില്‍ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് അലക്സിസ് സാഞ്ചസ് പായിച്ച ഷോട്ട് വലയില്‍ കയറിയതോടെ ആഴ്സണല്‍ 2-0ന്റെ ലീഡ് സ്വന്തമാക്കി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ വെസ്റ്റ്ഹാം ആക്രമണത്തിന് മൂര്‍ച്ചകൂട്ടി.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 44-ാം മിനിറ്റില്‍ വെസ്റ്റ് ഹാം ആദ്യ ഗോള്‍ മടക്കി. ആരോണ്‍ ക്രസ്വെല്‍ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ആന്‍ഡി കരോള്‍ ഗണ്ണേഴ്സ് വലയിലെത്തിച്ചു. കളി പരിക്കുസമയത്തേക്ക് നീങ്ങിയതോടെ അവര്‍ സമനില ഗോളും നേടി. കോര്‍ണറിനൊടുവില്‍ ബോക്സിനുള്ളില്‍ വച്ച് പന്ത് കിട്ടിയ കരോള്‍ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ഗണ്ണേഴ്സ് ഗോളി ഓസ്പിനയെ മറികടന്ന് വലയിലെത്തിയത്. ഇതോടെ ആദ്യപകുതി 2-2ന് സമനിലയില്‍.
രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് പിന്നിട്ടപ്പോഴേക്കും മറ്റൊരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കരോള്‍ തന്റെയും ടീമിന്റെയും മൂന്നാം ഗോള്‍ നേടി. ഒരു ഗോളിന് പിന്നിലായതോടെ ഗണ്ണേഴ്സ് ആക്രമണം കനപ്പിച്ചു. 70-ാം മിനിറ്റില്‍ ലോറന്റ് കോസിയന്സിലി സമനില ഗോളും കണ്ടെത്തി.
തുടര്‍ന്ന് വിജയ ഗോളിനായി ഇരുടീമുകളും കനത്ത മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. സമനിലയില്‍ പിരിഞ്ഞെങ്കിലും 32 കളികളില്‍ നിന്ന് 59 പോയിന്റുമായി ആഴ്സണല്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 52 പോയിന്റുള്ള വെസ്റ്റ്ഹാം ആറാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: