കോഴിക്കോട്: വികസന മുരടിപ്പും ജനകീയ പ്രശ്നങ്ങളും ചര്‍ച്ചചെയ്ത് ബിജെപിയുടെ എന്റെ കേരളം പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പുതുമകളോടെ ശ്രദ്ധേയമാകുന്നു. 140 മണ്ഡലങ്ങളിലൂടെ പത്തു ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷണം എല്ലാ ദിവസവും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു എന്നതാണ്. ഇന്നലെ 14 ജില്ലകളിലെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നടന്ന എന്റെ കേരളം ചര്‍ച്ചാ പരിപാടിയില്‍ കുമ്മനം രാജശേഖരന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. കോഴിക്കോട് ജില്ല ബിജെപി ഓഫീസില്‍ തയ്യാറാക്കിയ സ്റ്റുഡിയോവിലൂടെയാണ് കുമ്മനം മറുപടി പറഞ്ഞത്.
അങ്കമാലി, ബാലുശ്ശേരി, വൈക്കം, തൃക്കാക്കര, നാദാപുരം, ചെങ്ങന്നൂര്‍, വര്‍ക്കല, കോവളം, തവനൂര്‍, കല്യാശ്ശേരി, നാട്ടിക, നെന്മാറ, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് വോട്ടര്‍മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കുമ്മനം രാജശേഖരന് മറുപടി പറഞ്ഞത്. വര്‍ക്കലയിലെ ടൂറിസം വികസനത്തെക്കുറിച്ചും തവനൂരിലെ കേളപ്പജിയുടെ പേരിലുള്ള അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദയനീയാവസ്ഥയെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. കല്യാശ്ശേരിയില്‍ നിന്നുള്ള ഉണ്ണികൃഷ്ണന് ചോദിക്കാനുണ്ടായിരുന്നത് പരിയാരം മെഡിക്കല്‍ കോളജ് പുനരുജ്ജീവിപ്പിക്കാനാവുമോ എന്നുള്ളതായിരുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റാന്‍ എന്‍ഡിഎ യുടെ പദ്ധതി എന്തെന്നൊയിരുന്നു നാട്ടികയില്‍ നിന്നുള്ള ചോദ്യം. ആത്മഹത്യ ചെയ്യുന്ന നെല്‍കര്‍ഷകരെ സംരക്ഷിക്കാനും നെല്‍ കൃഷിയെ പുനരൂജ്ജീവിപ്പിക്കാനും മുന്‍ഗണന നല്‍കുമോ എന്ന് നെന്മാറയില് നിന്നും ശാസ്താംകോട്ട കായലിന്റെ ദയനീയാവസ്ഥയെക്കുറിച്ച് കുന്നത്തൂരില്‍ നിന്നും ചോദ്യങ്ങളുണ്ടായി. ടൂറിസം വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
കേരളം കാശ്മീരിന് സമാനമായ ടൂറിസം സാധ്യതകളുള്ള സംസ്ഥാനമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും കടലോരത്തെയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ കോടികള്‍ പാഴായിപ്പോയി. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സമുദ്ര സമ്പത്ത് നിലനിര്‍ത്താന്‍ എന്‍ഡിഎ പദ്ധതികളാവിഷ്കരിക്കും. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് പ്രകടന പത്രിക രൂപീകരിക്കുക എന്നും വോട്ടര്‍മാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: