മലാപ്പറമ്പ് എ യു പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല ഉപരോധം ഇന്നാരംഭിക്കും

Monday 11 April 2016 12:23 pm IST

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് അനിശ്ചിതകാല ഉപരോധം ആരംഭിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ എത്തിയിരുന്നു എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ പൂട്ടാനായില്ല. താ ക്കോല്‍ സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുത്തിരിക്കുകയാണ്. വിഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 57 ഓളം പേര്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2016-17 അധ്യയന വര്‍ഷത്തേക്ക് 20 ഓളം പേര്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. 145 വര്‍ഷത്തെ പഴക്കമുള്ളതും പ്രൈമറി വിദ്യാഭ്യാസം ഫലപ്രദമായി നടത്തിവരുന്നതുമായ ഈ സ്‌കൂള്‍ 2014 ഏപ്രില്‍ 10 ന് അര്‍ദ്ധരാത്രി അന്നത്തെ സ്‌കൂള്‍ മാനേജര്‍ പി.കെ. പത്മരാജനും സഹോദരന്‍ പി.കെ. അജിത്തും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശക്തമായ ബഹുജനരോഷത്തെ ത്തുടര്‍ന്ന്കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 40 ദിവസത്തിനകം പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എല്ലാ ഭാഗത്തു നിന്നും കിട്ടിയസഹകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പുനര്‍നിര്‍മാണം നടത്തിസുഗമമായ അധ്യയനം നടന്നുവരികയാണ് ഇതിനിടെ കേരള വിദ്യാഭ്യാസ ചട്ടത്തിലെ പഴുതുപയോഗിച്ച് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനായി സ്‌കൂള്‍ മുന്‍ മാനേജര്‍ ഹൈക്കോടതിയെസമീപിച്ച് അനുമതി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ സ്‌കൂള്‍ സംരക്ഷണസമിതി, പിടിഎ എന്നിവര്‍ സ്‌കൂള്‍ പൂട്ടിയ ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാറിനും കക്ഷി ചേരുന്നതിനായി നിവേദനം നല്‍കുകകയും ചെയ്തു. എന്നാല്‍ ഈ ഏപ്രില്‍ 8 ന് ഉച്ചക്ക് 12 ന് കോഴിക്കോട് സിറ്റി എഇഒ സ്‌കൂള്‍ അടച്ചുപൂട്ടി താക്കോല്‍ വൈകു. 5 മണിക്കകം ഓഫീസിലെത്തിക്കണെമന്ന ഡിപിഐയുടെ ഉത്തരവുണ്ടെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചു. സ്‌കൂള്‍ സംരക്ഷണസമിതിയും ബഹുജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുകയും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ പ്രധാനാധ്യാപികയില്‍ നിന്നും താക്കോല്‍ ഏറ്റെടുക്കുകയും ചെയ്തു. ഡിപിഐയുടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ 9 മുതല്‍ മലാപ്പറമ്പ് എയുപി സ്‌കൂളില്‍ അനിശ്ചിതകാല ഉപരോധം ആരംഭിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍കൂടിയായ ഇ.പ്രശാന്ത് കുമാര്‍, ഭാസി മലാപ്പറമ്പ്, അഡ്വ.എം. ജയദീപ്, പി.പി. പ്രഭാകരകുറുപ്പ്, അരവിന്ദനാഥന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.