ആരാണ് വനിത ?

Friday 19 May 2017 10:42 pm IST

  ഒരൊറ്റ ചോദ്യത്തിന് ഒരായിരം ഉത്തരങ്ങള്‍ ലഭിച്ചേക്കാം. എല്ലാം ചുരുക്കി 'അവള്‍' എന്നവാക്കിലൊതുക്കിയാല്‍ അതും ശരിതന്നെ. ഭ്രൂണാവസ്ഥയിലെ വിവേചനം തൊട്ട് അന്ത്യേഷ്ടിയിലെ ശാന്തിമന്ത്രം വരെ പലരാലും ഒറ്റപ്പെട്ടും ആക്രമിക്കപ്പെട്ടും തേങ്ങലടക്കി കഴിയുന്ന ദുരവസ്ഥ ആഗോള വനിതകളുടെ പൊതു സാഹചര്യമാണ്. ഭ്രൂണഹത്യകളുടെ അഗ്‌നിപരീക്ഷ പാസായി മകളായി ജനിക്കുന്നത് 10 ല്‍ ഏഴുപേര്‍ മാത്രമാണെന്ന ലോകാരോഗ്യസംഘടന പറയുന്നു. ആ മകള്‍ക്ക് വഴികാട്ടിയാകേണ്ട സമൂഹം, അവള്‍ക്ക് ഭീതിയുടെയും സദാചാരത്തിന്റെയും ബാലപാഠമാണ് ആദ്യമേ പകര്‍ന്നു നല്‍കുന്നത്. ബാലികാ പീഠനത്തിന് ദേശാന്തരമില്ലെന്ന എല്ലാക്കാലത്തേയും സത്യം സ്മരണീയമാണ്. വാക്കിനാലും നോക്കിനാലും ഉറ്റവര്‍ വരെ ചൂഷണം ചെയ്യുന്ന പെണ്ണെന്ന വസ്തു, ദുര്‍ബ്ബലതയുടെ പ്രതിരൂപമാണെന്നാണ് സാമൂഹ്യപാഠത്തിലെ ആദ്യത്തെ അധ്യായം. ആക്രമിക്കാന്‍ വരുന്നവരുടെ ആര്‍ത്തിയുടെയും സാന്ത്വനിപ്പിക്കാന്‍ വരുന്നവരുടെ സഹതാപത്തിന്റെയും ദൃഷ്ടികള്‍ക്കപ്പുറത്ത് സഹജീവിയെ കാണുന്ന ദൃഷ്ടിയുടെ സ്‌നേഹം പെണ്ണെന്ന വര്‍ഗ്ഗത്തിന് ഇന്നും കിട്ടാക്കനിയാണ്. വനിതാ ശാക്തീകരണത്തിന് പല വ്യക്തികളും പ്രസ്ഥാനങ്ങളും നിലകൊള്ളുന്ന വര്‍ത്തമാന സാഹചര്യത്തിലും സ്ത്രീ എന്ന വാക്കിനെ ചൂഷണം ചെയ്യുക എന്നതിനപ്പുറം ശക്തിയുടെ അംശം ആവാഹിച്ചു ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വനിതകള്‍ക്ക് സാധിച്ചിട്ടില്ല. നാരികള്‍ പൂജിക്കപ്പെടേണ്ടവരാണെന്നു പറഞ്ഞ ദര്‍ശനത്തെ സ്ത്രീവിരുദ്ധമായി ചിത്രീകരിച്ച നാട്ടില്‍, നാരികള്‍ വിശ്വവിപത്തിന്റെ നാരായവേരാണെന്നു പറഞ്ഞ കവികളെ പുരോഗമനവാദികളാക്കിയതും സ്ത്രീ സംരക്ഷകരുടെ പൊയ്മുഖങ്ങളുടെ ദൃഷ്ടാന്തമാണ്. സ്ത്രീക്കും പുരുഷനും തുല്യനീതിയെന്നത് സാമൂഹ്യവിഷയമായി ചര്‍ച്ചചെയ്യുന്നതിനു പകരം, സംഘടിത മതങ്ങളുടെ മതിലില്‍ തട്ടി തിരിച്ചുവരുന്ന വെറും കളിപ്പന്തുകളുടെ അവസ്ഥയാണ് വനിതാ ശാക്തീകരണവും സ്ത്രീ സംരക്ഷണവുമെല്ലാം. പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീസങ്കല്‍പ്പങ്ങളുടെ സെമറ്റിക് ദര്‍ശനങ്ങള്‍ക്ക് താങ്ങായും തണലായും മാറുന്നതും പുരോഗമനവാദത്തിന്റെ കവചമണിഞ്ഞ അഭിനവ സ്ത്രീ സംരക്ഷകരാണെന്നുള്ളത് രസിക്കാത്ത സത്യമായിരിക്കും. രാഷ്ട്രീയം സാംസ്‌കാരിക മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം പുരോഗമനവാദികള്‍ക്കുള്ള സൂചനയായിട്ടും, അതൊന്നും കാണാത്തഭാവത്തില്‍ ഇന്നും വൈദിക സംസ്‌കൃതിയെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുകയാണത്രെ യഥാര്‍ത്ഥ സ്ത്രീ വിമോചനം. മതങ്ങളുടെ കറുപ്പുവസ്ത്രത്തില്‍ തളയ്ക്കപ്പെട്ട സ്ത്രീയെ മോചിപ്പിക്കാതെ, പുരുഷന്റെ കൃഷിഭൂമിയായും അടിമയായും ചിത്രീകരിച്ച പ്രാകൃത വിശ്വാസങ്ങള്‍ക്ക് വിധേയമായിക്കഴിയുന്ന പുരോഗമനവാദത്തിന് സ്ത്രീ രക്ഷിക്കാന്‍ സാധിക്കുമെന്ന ആരും വിശ്വസിക്കില്ല. പതിവ്രതയെന്ന പദത്തിന്റെ പുരുഷശബ്ദമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കാത്ത പുരോഗമനവാദത്തെ ആരാണ് അംഗീകരിക്കേണ്ടത്..? വിധവയെന്ന വസ്തുവിന് പെന്‍ഷന്‍ നല്‍കി സംരക്ഷിക്കാന്‍ മത്സരിക്കുന്ന രാഷ്ട്രീയവത്കൃതമായ ഭരണസംവിധാനങ്ങള്‍ക്ക് ഭാര്യമരിച്ച ഭര്‍ത്താവിനെപറ്റിയുള്ള കാഴ്ചപ്പാടും ബഹുരസമാണ്. ആ സമയത്ത് സ്ത്രീ അബലയാണെന്ന വാദവുമായി അവര്‍ തടിതപ്പും. കന്യകയായും, പതിവ്രതയായും, വിധവയായും കഴിയേണ്ടവളാണ് സ്ത്രീയെന്ന് വിശ്വസിക്കുന്ന പരിഷ്‌കൃതസമൂഹത്തിന് പുരുഷന്റെ ഈ സാഹചര്യങ്ങളെ പറ്റിയുള്ള നിര്‍വചനം നല്‍കുവാന്‍ ആവശ്യപ്പെടേണ്ടത് അനിവാര്യതയാണ്. കാരണം പുരുഷന്റെ (കന്യക,പതിവ്രത) ഇവയുടെ പുരുഷശബ്ദങ്ങളുടെ ചൂഷണമാണ് സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുരുഷനെ കന്യകനാക്കാന്‍ സാധിക്കാത്ത പത്‌നീവ്രതനാക്കാന്‍ സാധിക്കാത്ത സാമൂഹ്യ വ്യവസ്ഥിതി വെച്ചു നീട്ടുന്ന സ്ത്രീ സ്വാതന്ത്ര്യവും സംരക്ഷണവുമെല്ലാം വെറും പാഴ്വാക്കുകള്‍ മാത്രമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.