അഹമ്മദാബാദ്: ഭാരത വൈഭവത്തെ ലോക നേതൃത്വത്തിലെത്തിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും അതുമാത്രമായിരിക്കണം പ്രതിജ്ഞയെന്നും ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇതു സാധിച്ചാല്‍ ലോകം മുഴുവന്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സ്വയം മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ഒരു സംഘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര് സംഘചാലക്.
ഭാരതത്തെ ലോക നേതൃത്വത്തിലെത്തിക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിയ്ക്കാം. അങ്ങനെ ലോകം മുഴുവന്‍ ‘വിശ്വഗുരു ഭാരത് മാതാ കീ ജയ്’ എന്നു മുഴക്കും. ഇത് നമ്മുടെ വ്യക്തിപരമായ പ്രതിജ്ഞയായിരിക്കണം, നമ്മുടെ യോജിച്ച പ്രതിജ്ഞയായിരിക്കണം, നമ്മുടെ ഒരേയൊരു പ്രതിജ്ഞയായിരിക്കണം, അദ്ദേഹം പറഞ്ഞു.
സമൂഹത്തെയാകെ ദേശീയവാദ വികാരത്തിലൂടെ ഒന്നിപ്പിക്കണം. അങ്ങനെയേ ഈ ലക്ഷ്യം സാധ്യമാക്കാനാകൂ. സംഘത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു ജെയ് വിളിയേ ഉള്ളു. അത് സാധ്യമാക്കാന്‍ ആദ്യം നമ്മുടെ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ആലോചിക്കണം, അവ നേടിയെടുക്കണം. ഹിന്ദു രാഷ്ട്രമെന്ന ഡോ. ഹെഡ്ഗേവാറിന്റെ പ്രതിജ്ഞ സഫലമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നാം ആലോചിക്കേണ്ടത് ആ ലക്ഷ്യം എങ്ങനെ നേടാമെന്നാണ്. ഇതിന് നാം സ്വയം അച്ചടക്കം പാലിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
ദേശീയവാദത്തെക്കുറിച്ച് സംഘത്തിന് വളരെ വ്യക്തമായ കാഴ്ചപ്പാടാണുള്ളത്. നമ്മുടെ ദേശീയത ലോകം ഒരു കുടുംബമാണെന്നതുതന്നെയാണ്. എന്നാല്‍, ഇതു സാധ്യമാക്കാന്‍ ആദം വേണ്ടത് നമ്മിലുള്ള ഭേദഭാവങ്ങള്‍ ഇല്ലാതാക്കുകയാണ്. സമൂഹത്തില്‍ ആര്‍എസ്എസ്സിനെ എതിര്‍ക്കുന്നവരെപ്പോലും ആര്‍എസ്എസ് പ്രവര്‍ത്തകരാക്കണം.
ഇത് പക്ഷേ പ്രസംഗങ്ങളിലൂടെ മാത്രം സാധിക്കില്ല, സ്വയം പ്രവര്‍ത്തിച്ച് മാതൃകയാകണം. ആര്‍ക്കും എതിരല്ലാത്ത നമ്മുടെ ദേശീയതയെക്കുറിച്ച് കൂടുതല്‍ പഠിച്ച് അക്കാര്യത്തില്‍ നമുക്ക് സ്വയം ആശയക്കുഴപ്പം ഇല്ലാതാക്കണം. സമൂഹത്തെയൊന്നടങ്കം ഒപ്പം നിര്‍ത്തുന്നതിലാണ് നാം വിശ്വസിക്കുന്നത്. ഭാരതമാതാവാണ് നമുക്ക് ഈ ചിന്താപദ്ധതി നല്‍കിയത്, അതു വളര്‍ത്താനാണ് നാമോരോരുത്തരുമുള്ളത്, ഡോ. ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: