അവഗണനയുടെ ഭാണ്ഡക്കെട്ട് അഴിച്ച് കോവളം ജനത; ആവേശമായി എന്റെ കേരളം

Monday 11 April 2016 11:09 pm IST

വിഴിഞ്ഞം: ബിജെപിയുടെ പ്രകട പത്രിക തയ്യാറാക്കാനായി നേരിട്ട് ജനങ്ങളുമായി സംവദിക്കുവാന്‍ ബിജെപി സംഘടിപ്പിച്ച എന്റെ കേരളം കോവളത്ത് വലിയ ആവേശമായി മാറി. വികസനത്തിനായി ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത ഇടതുവലതു മുന്നണികള്‍ക്കെതിരെ രൂക്ഷമായ ജനവികാരമാണ് എന്റെ കേരളം ചര്‍ച്ചയില്‍ ഉയര്‍ന്നത്. വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികള്‍ നടപ്പിലാവുന്ന അവസരത്തില്‍ ഇനിയും അവഗണന സഹിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ഒരേസ്വരത്തില്‍ പങ്കുവച്ചത്. മണ്ഡലം നേരിടുന്ന വികസനമുരടിപ്പിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചു കൊണ്ടാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട ജി.പി. ശ്രീകുമാര്‍ സംസാരിച്ചത്. മുരടിപ്പിന്റെ വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം നിറഞ്ഞ കൈയ്യടികളോടെയാണ് പൊതുസമൂഹം എതിരേറ്റത്. ടൂറിസം മേഖലയില്‍ വികസനം മുരടിച്ചു നില്‍ക്കുന്നതിനാല്‍ ശക്തമായ നടപടികളിലൂടെ അതിനെ പുനരുജ്ജീവിപ്പിക്കുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും വെള്ളായണി കായലിന്റെ തനിമ നിലനിറുത്തി കായല്‍ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും ടൂറിസം വിഷയം അവതരിപ്പിച്ച വെങ്ങാനൂര്‍ സതീഷ് ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ചും കാര്‍ഷിക മേഖലയെക്കുറിച്ചും വെങ്ങാനൂര്‍ ഗോപന്‍ അവതരിപ്പിച്ചത് നാടിന്റെ യഥാര്‍ഥ സ്പന്ദനമായിരുന്നു. കടലോര മേഖലയിലെ ശുദ്ധജല ലഭ്യതയാണ് മറ്റൊരു പ്രധാന വിഷയമായി അവതരിപ്പിക്കപ്പെട്ടത്. ആയിരത്തോളം സ്വര്‍ണ തൊഴിലാളികള്‍ പാര്‍പ്പിടമില്ലാതെ ഈ മേഖലയിലുണ്ട്. അവര്‍ക്ക് സ്വന്തമായി ഭവനം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കണം. വാരാണസിയുടെ മാതൃകയില്‍ ബാലരാമപുരം കൈത്തറിയെ ദേശീയ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടാകണം. എന്‍ഡിഎ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അയ്യന്‍കാളി സ്മാരകത്തെ ദേശീയ സ്മാരകമാക്കാനുളള നടപടി സ്വീകരിക്കണം. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കോവളത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെങ്കിലും ഇരുപത്തിനാല് മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം. നിലവില്‍ ചേരിപ്രദേശത്തിന് സമാന്തരമായ സാഹചര്യത്തില്‍ ജീവിക്കുന്ന മുസ്ലിം ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കണം. നീരയുടെ ഉത്പാദനത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് അതുവഴി തെങ്ങു കര്‍ഷകരെ സംരക്ഷിക്കണം. നെല്ലുത്പാദനത്തെ ഫലപ്രദമായി തൊഴിലുറപ്പ് പദ്ധതിയുമായി യോജിപ്പിച്ച് അരി വില പിടിച്ചുനിര്‍ത്തണം. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായും ഹൈവേ വികസനവുമായും ബന്ധപ്പെട്ട് തൊഴിലും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥിരവരുമാനമുള്ള തൊഴില്‍ ലഭിക്കാനുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഇക്കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും ഗോപന്‍ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കണമെന്നും ബാലരാമപുരം കേന്ദ്രമാക്കി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കണമെന്നും യുവജന പ്രതിനിധിയായി സംസാരിച്ച അഭിലാഷ് അഭിപ്രായപ്പെട്ടു. സ്വപ്‌നപദ്ധതിയായ പൂവാര്‍ കപ്പല്‍ നിര്‍മാണശാല ആരംഭിക്കാനുള്ള സമഗ്രപദ്ധതിക്ക് വേഗം കൂടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ സമൂഹം അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വനിതാ പ്രതിനിധി സുധര്‍മ സംസാരിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍പെട്ട സ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി പിടിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതിനെതിരെ നിയമം ഉണ്ടാകണമെന്നും സുധര്‍മ പറഞ്ഞു. അവസാന ഘട്ടത്തില്‍ ഗീതാ മധു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തോട് കോവളത്തെ ടൂറിസത്തിന്റെ ദയനീയസ്ഥിതി അവതരിപ്പിച്ചു. എന്‍ഡിഎയുടെ വികസനപദ്ധതികളില്‍ കോവളത്തിന് പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും നിക്ഷേപ സൗഹൃദ പദ്ധതികളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. അഞ്ജനാ സുരേഷ് മോഡറേറ്ററായിരുന്നു. സ്ഥാനാര്‍ത്ഥിടി.എന്‍. സുരേഷ് ഉള്‍പ്പെടെ ഒട്ടനവധി ബിജെപി, ബിഡിജെസ് പ്രവര്‍ത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത എന്റെ കേരളം പരിപാടി അക്ഷരാര്‍ഥത്തില്‍ മണ്ഡലവികസനത്തിന്റെ ചര്‍ച്ചയുടെ യഥാര്‍ഥ മുഖമായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.