ആവേശത്തിരയിളക്കി നെടുമങ്ങാട് ബിജെപി കണ്‍വെന്‍ഷന്‍

Tuesday 12 April 2016 10:33 am IST

നെടുമങ്ങാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട്: അണികളിലും പ്രവര്‍ത്തകരിലും ജനങ്ങളിലും ആവേശത്തിരയിളക്കി നെടുമങ്ങാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. കേരളത്തെ സംബന്ധിച്ച് വ്യവസായ രംഗത്ത് അന്താരാഷ്ട്രതലത്തില്‍ പേരെടുത്ത വ്യക്തികള്‍ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കും കേരളത്തിന് വ്യാവസായികരംഗം സംഭാവനചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ വ്യവസായം ജനിക്കുന്നതിന് മുമ്പ് മരിക്കുന്ന അവസ്ഥയാണ്. കശുവണ്ടി, റബ്ബര്‍, കയര്‍ തുടങ്ങിയ വ്യവസായങ്ങളെല്ലാം ഇതില്‍പ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും ദിശാബോധമില്ലാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുവലത് നേതാക്കളെല്ലാം വ്യവസായികളായ സാഹചര്യമാണ് കാണുന്നത്. ആരോഗ്യപരമായി എല്‍ഡിഎഫ് എന്ന സംഘടനയ്ക്ക് ഉള്‍ക്കാമ്പില്ല. ഇടതുപ്രവര്‍ത്തകര്‍ക്ക് എന്നും ദരിദ്രരായി കഴിയാനാണ് വിധി. ഐസിയുവില്‍ നിന്നും വെന്റിലേറ്ററില്‍ നിന്നും അല്‍പ്പാല്‍പ്പം ശ്വാസം വലിച്ച് നിവര്‍ന്ന് നില്‍ക്കേണ്ട സ്ഥിതിയാണ്. അവിടെയാണ് മോദിയുടെ ജന്‍ധന്‍യോജന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്നത്. 1971 ല്‍ ബാങ്കുകള്‍ ദേശസാത്കരിച്ചു. അന്ന് മൂന്നു കോടി ജനങ്ങള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ജന്‍ധന്‍ പദ്ധതി വന്നശേഷം 21 കോടി പേര്‍ അക്കൗണ്ട് തുറന്നു. ഇപ്പോള്‍ പാവപ്പെട്ടവര്‍ ദേശീയതയുടെ ഭാഗമായി മാറി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ തൊഴിലാളി യൂണിയനുകള്‍ പുറംതിരിഞ്ഞിക്കുന്നതായും മന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇരുമുന്നണികളും കൈകോര്‍ത്ത് മത്സരിക്കുന്നു. എന്നാല്‍ ഇവിടെ എതിര്‍ചേരികളില്‍ നിന്ന് വോട്ടുചോദിക്കുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും വികസനം കൊണ്ട് നേട്ടം ഏറെയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് അവാര്‍ഡുകളൊന്നും വാങ്ങുന്നില്ലെന്നും നദ്ദ ചോദിച്ചു. കുറച്ചുനാള്‍മുമ്പ് ഭാരതം അഴിമതിയിലും ആരോപണങ്ങളിലും മുങ്ങികിടക്കുകയായിരുന്നു. ബിജെപി ഭരണത്തോടെ രണ്ടുവര്‍ഷം കൊണ്ട് ഉദിച്ചുയര്‍ന്ന ഭാരതമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം അറിഞ്ഞ് 15 മിനിട്ടിനകത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടികളാരംഭിച്ചു. തിരുവനന്തപുരത്തെത്തി 20 മിനിട്ടകത്തുതന്നെ സംഭവസ്ഥലവും സന്ദര്‍ശിച്ചു. ഇതാണ് ഭരണം, ഇതാണ് രാഷ്ട്രീയം, ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാരതസ്‌നേഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുമങ്ങാട് പാളയം എന്‍എന്‍ പണ്ടാരത്തില്‍ നഗറില്‍ ഒരുക്കിയ വേദിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡന്റ് ബാലമുരളി അധ്യക്ഷത വഹിച്ചു. അഡ്വ സിന്തില്‍കുമാറാണ് മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. സ്ഥാനാര്‍ഥി വി.വി.രാജേഷ്, നേതാക്കളായ കെ.എ. ബാഹുലേയന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പൂവത്തൂര്‍ ജയന്‍, ബിജെഡിഎസ് മണ്ഡലം പ്രസിഡന്റ് സുധീശന്‍, ബിജെപി മുന്‍ മേഖലാ വൈസ് പ്രസിഡന്റ് അശ്വനിദേവ്, അനില്‍വട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.