വനവാസികള്‍ക്ക് ഭൂമി നല്‍കാതെ മുന്നണികള്‍ വഞ്ചിച്ചു: വനവാസി വികാസ കേന്ദ്രം

Monday 11 April 2016 11:43 pm IST

പാലക്കാട്: വനവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിനല്‍കുന്നതില്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ വഞ്ചനകാണിച്ചിരിക്കുകയാണെന്ന് ഭാരതീയ വനവാസി കല്യാണാശ്രമം ദക്ഷിണക്ഷേത്രീയ സംഘടനാകാര്യദര്‍ശ്ശി എസ്.എസ്.രാജ് പറഞ്ഞു. കേരള വനവാസി കേന്ദ്രം സംസ്ഥന സമിതി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഖില കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വനവാസികള്‍ക്ക് വിതരണത്തിനായി സംസ്ഥാനത്തിന് കൈമാറിയ 7693ഹെക്ടര്‍ വനഭൂമിപോലും വിതരണം ചെയ്യാതെ സര്‍ക്കാര്‍ വഞ്ചിച്ചു. വനഭൂമിയില്‍ വനവാസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വനാവകാശനിയമം നടപ്പിലാക്കണമെന്ന കേന്ദ്ര നിര്‍ദേശവും അട്ടിമറിച്ചുവെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. സംസ്ഥാനപ്രസിഡന്റ് മധുക്കര്‍ വി ഗോറെ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തനം എത്താതതുമൂലമാണ് അട്ടപ്പാടിയില്‍ നവജാതശിശുമരണം നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനമേഖലയില്‍ സജീവമായി ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലെ ആശുപത്രി ജീവനക്കാരനായ പ്രശാന്തിനെ മുന്‍ എം.പി. കൃഷ്ണദാസ് മര്‍ദ്ദിച്ച സംഭവത്തിലും വിക്ടോറിയ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.സരസുവിനെ എസ്.എഫ്.ഐക്കാര്‍ അപമാനിച്ച സംഭവത്തിലും സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട ആതിരപ്പള്ളി ജലസേചന പദ്ധതി മൂലം ആദിവാസികള്‍ക്കും ജൈവവൈവിധ്യം നിറഞ്ഞ വനത്തിനും ദോഷമുണ്ടാക്കുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊല്ലം പരവൂര്‍ ദേവിക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്ക് നിത്യശാന്തിക്കായി യോഗം പ്രാര്‍ത്ഥിച്ചു. ടി.എസ്. നാരായണന്‍, കെ.കെ. സത്യന്‍, കൃഷ്ണമൂര്‍ത്തി, സി.കെ. സുരേഷ് ചന്ദ്രന്‍, വി.ബി. സഹദേവന്‍, രാജശേഖരന്‍, പി.കെ. വത്സമ്മ, കെ.എസ്. ശ്രീകുമാര്‍, ബോസ്, എം. രാമചന്ദ്രന്‍, വി.പി. മുരളീധരന്‍, ഹരിഹരനുണ്ണി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.