മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഇന്നു മുതല്‍ ബഹുജന ഉപരോധം

Tuesday 12 April 2016 5:03 pm IST

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന ഡിപിഐയുടെ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സ്‌കൂളിന് മുന്നില്‍ ബഹുജന ഉപരോധം സംഘടിപ്പിക്കാന്‍ തീരുമാനം. ഇന്നലെ സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയന്‍-വിദ്യാര്‍ത്ഥി സംഘടനകളുടെയും ജനപ്രതിനിധികളുടെയും സമര സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. 2016 ജനുവരി 18ന് ഹൈക്കോടതി പുറപ്പടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഏഴിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. 8ന് എഇഒ മലാപ്പറമ്പ് എയുപി സ്‌കൂള്‍ പ്രധാനാധ്യാപികക്ക് ശിപായി വശം ഉത്തരവ് കൊടുത്തയച്ചു. എന്നാല്‍ പ്രധാനാധ്യാപിക ഉത്തരവ് കൈപ്പറ്റിയില്ല. 2016 മാര്‍ച്ച് 31 ന് മുമ്പായി സ്‌കൂള്‍ അടച്ചപൂട്ടണമെന്ന ഉത്തവായതായി നോട്ടീസില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിനായി എഇഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂളിന്റെ റിക്കാര്‍ഡുകള്‍, താക്കോല്‍ എന്നിവ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഏല്‍പ്പിക്കേണ്ടതുണ്ടെന്നായിരുന്നു സിറ്റി എഇഒ നല്‍കിയ ഉത്തരവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എഇഒ ഓഫീസില്‍ എത്തി പ്രധാനാധ്യാപിക പ്രീതി ഉത്തരവ് കൈപ്പറ്റുകയായിരുന്നു. എന്നാല്‍ സ്‌കൂളിന്റെ താക്കോല്‍, മറ്റു രേഖകള്‍ സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്‌കൂള്‍ സംരക്ഷണ സമിതി. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് സ്‌കൂളിന്റെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരുന്നു. മാനേജര്‍ പി.കെ. പത്മരാജനെ അയോഗ്യനാക്കുകയും ചെയ്തു. എന്നാല്‍ പത്മരാജന്‍ നല്‍കിയ റിട്ട് ഹരജിയില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജഡ്ജ് എ.കെ. ജയശങ്കറിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. നിയമ വകുപ്പിന്റെ ഉപദേശമനുസരിച്ച് അപ്പീല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. സ്‌കൂള്‍ അടച്ചുപൂട്ടില്ലെന്നും മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസവും കോഴിക്കോട്ട് വെച്ച് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപ്പീള്‍ നല്‍കിയില്ലെന്ന് മാത്രമല്ല പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ നിലപാട് മാനേജര്‍ക്കനുകൂലമായിരുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ദ്രുതഗതിയില്‍ ഉത്തരവുണ്ടായതെന്നും ആരോപണമുണ്ട്. സ്‌കൂള്‍ വളപ്പിനടുത്ത് സ്ഥലം സ്വന്തമായുള്ള മറ്റു ചിലരും ജില്ലയിലെ മുതിര്‍ന്ന ലീഗു നേതാവും അടങ്ങുന്നവരാണ് സ്‌കൂളിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. 8 അദ്ധ്യാപകരുടെയും ഒരു അനധ്യാപകന്റെയും 57 വിദ്യാര്‍ത്ഥികളുടെയും ഭാവി പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് രക്ഷിതാക്കളും അധ്യാപക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ 25 വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ചേരാനിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഭാസി മലാപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, വി. ടി. സത്യന്‍, അയിഷാബി, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ടി വി ബാലന്‍, ടി പി പ്രഭാകരകുറുപ്പ് അഡ്വ. എം.ജയദീപ്, ആര്‍.കെ. ഇരവില്‍ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.