സിപിഎം ഭരണ സമിതിക്കെതിരെ വ്യാപക പ്രതിഷേധം: ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പണിമുടക്കി

Tuesday 12 April 2016 6:27 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ അധ്യാപകരായ ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ചു മാസത്തെ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. പത്ത് ദിവസം പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാന്‍ തയ്യാറാവാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്ടര്‍മാര്‍ ഏകദിന പണിമുടക്ക് നടത്തിയത്. പ്രതിഷേധത്തിനൊടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ ശമ്പളം ഡോക്ടര്‍മാരുടെ അക്കൗണ്ടുകളിലെത്തി. വിഷു ആഷോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം മുടക്കിയ സിപിഎം നേതൃത്വത്തിലുളള ഭരണസമിതി നടപടിക്കെതിരെ ഡോക്ടര്‍മാര്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുളള നീക്കം ആരംഭിച്ച ഘട്ടംമുതല്‍ ശമ്പളവിതരണം ഉള്‍പ്പെടെയുളള സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത അനാസ്ഥയാണ് ഭരണസമിതി കാണിക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസവും ഇതുപോലെ ശമ്പള വിതരണം വൈകിയിരുന്നു. ഇത്തവണ 11 ന് ശമ്പളവും രണ്ടു വര്‍ഷമായി നല്‍കാത്ത ഡിഎയും നല്‍കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രേഖാമൂലം ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധത്തിനൊടുവില്‍ ഇന്നലെ ശമ്പളം മാത്രം നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ തയ്യാറാവാത്ത മാനേജ്‌മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒന്നാം തീയ്യതി തന്നെ ശമ്പളം നല്‍കിതയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതരുടെ പക്ഷപാതപരമായ നടപടിയും ചര്‍ച്ചയായിട്ടുണ്ട്. ശമ്പളം ലഭിക്കാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് ഇല്ലാത്ത 75 ശതമാനം ഡോക്ടര്‍മാരും കഴിഞ്ഞ പത്ത് ദിവസമായി ഏറെ ബുദ്ധിമുട്ടിയതായി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.ബിജോയ് ആന്റണി പറഞ്ഞു. എങ്ങനെ വിഷു ആഘോഷിക്കുമെന്ന കാര്യത്തില്‍ പോലും ആശങ്കയിലായിരുന്നു. ശമ്പളം വൈകുന്നതിനു പിന്നില്‍ കേരളാ സര്‍ക്കാറിന്റെ കാരുണ്യ ബെനിഫിറ്റിന്റെ പണം ലഭിക്കാത്തതാണെന്ന മാനേജ്‌മെന്റിന്റെ വാദം ബാലിശമാണെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്നാണെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് ലഭിക്കുന്നില്ലെങ്കില്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ സെമസ്റ്ററിന്റെ ഫീസടച്ചും രണ്ടും മൂന്നും സെമസ്റ്ററിന്റെ ഫീസ് ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയുമാണ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന് ചേരുന്നതെന്നും നിരവധി കോഴ്‌സുകള്‍ നടത്തുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുറവുകൊണ്ട് ഒരു സീറ്റു പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്നും ഒപി, ഐപി വിഭാഗങ്ങളിലായി ദിനംപ്രതി ലക്ഷങ്ങളാണ് മെഡിക്കല്‍ കോളേജിന് വരുമാനമെന്നും പിന്നെങ്ങനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാന്‍ മൂന്നുകോടി രൂപ വേണം. ഇത് വിതരണം ചെയ്യുകയും കേവലം 1.8 കോടി രൂപ മാത്രം വേണ്ട മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശബളം ഇത്രയും ദിവസം തടഞ്ഞുവെക്കുകയും ചെയ്തത് തീര്‍ത്തും അപലപനീയമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ആശുപത്രി ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ തയ്യാറാവുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് മുന്‍കൂട്ടി കണ്ട് ആശുപത്രിയുടെ വരുമാനങ്ങള്‍ വഴിമാറ്റിയതാവാം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും തൊഴിലാളി സ്‌നേഹികളെന്ന് പുറംമോടി നടിക്കുന്ന സിപിഎമ്മിന്റെ കീഴിലുളള സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 200 ലധികം വരുന്ന ഡോക്ടര്‍മാര്‍ക്ക് വിഷു ആഘോഷത്തിനിടയിലായിട്ടു പോലും ശമ്പളം മുടക്കിയ മാനേജ്‌മെന്റ് നടപടി വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.