വിഷു വിപണിയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം; കുടുംബശ്രീ ഇടപെടല്‍ ഫലപ്രാപ്തിയിലേക്ക്

Tuesday 12 April 2016 8:36 pm IST

  കല്‍പ്പറ്റ : മിതമായ വിലയില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നു. പെണ്‍കരുത്ത് പൊന്ന് വിളയിച്ചതോടെ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ സമീപകാലത്തുണ്ടായ വന്‍ വളര്‍ച്ച വിഷു വിപണിയില്‍ പ്രതിഫലിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും അയല്‍കൂട്ടങ്ങളും കൃഷി ചെയ്ത നിരവധി ഉല്‍പന്നങ്ങളാണ് വിഷു വിപണിയിലെത്തിയിട്ടുള്ളത്. ജൈവകൃഷി മാര്‍ഗ്ഗത്തിലുടെ വിളയിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിഷുവിന് മാത്രമായി കുടുംബശ്രീ 27 ചന്തകളാണ് ആരംഭിച്ചത്. കാന്താരി മുതല്‍ കണിവെള്ളരി വരെയുള്ള പച്ചക്കറികളും നാടന്‍ കുത്തരി, പച്ചരി, ഗന്ധകശാല അരി തുടങ്ങിയവയും വിഷു ചന്തകളില്‍ യഥേഷ്ടം ലഭ്യമാണ്. മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സാമ്പാര്‍പൊടി, ധാന്യപ്പൊടികള്‍ തുടങ്ങിയവ മായം ചേര്‍ക്കാതെ ലഭിക്കുമെന്നതിനാല്‍ കുടുംബശ്രീ സംരംഭകരില്‍ നിന്നുമാത്രം വാങ്ങുന്ന പ്രവണത പലയിടങ്ങളിലും വര്‍ദ്ധിച്ചു വരുന്നു. വിഷു സദ്യക്കാവശ്യമായ എല്ലാ പച്ചക്കറികളും കൂടാതെ ചീര, മുരിങ്ങയില, ഇടിച്ചക്ക, കറിവേപ്പില, തുടങ്ങിയവക്കും ചന്തകളില്‍ ആവശ്യക്കാരേറെയാണ്. അച്ചപ്പം, കുഴലപ്പം, ചിപ്‌സ്, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി തുടങ്ങിയ നാടന്‍ പലഹാരങ്ങളും യഥേഷ്ടം വിറ്റഴിയുന്നു. ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ 4150 കൂട്ടുത്തരവാദിത്ത സംഘങ്ങളാണുള്ളത്. ഇവയില്‍ 3600 എണ്ണം സജീവമായികൃഷി ചെയ്യുന്ന ഗ്രുപ്പുകളാണ്. 500 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീ അംഗങ്ങള്‍ നെല്‍കൃഷി മാത്രം ചെയ്തുവരുന്നു. 200 ഹെക്ടര്‍ സ്ഥലത്ത് കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. സാധാരണ വിഷുകാലത്ത് വാണം പോലെ കുതിച്ചുയരുന്ന പച്ചക്കറിവില ഇത്തവണ പിടിച്ചു നിറുത്തിയതിന് പിന്നില്‍ കുടുംബശ്രീയുടെ ശക്തമായ ഇടപെടലുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുമെത്തുന്ന വിഷമയമായ പച്ചക്കറികള്‍ കൊണ്ട് സദ്യയുണ്ണേണ്ടി വന്നവര്‍ ഇന്ന് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ തേടിയെത്തുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക സര്‍വ്വകലാശാല പ്രാദേശിക ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കാര്‍ഷിക സംഘങ്ങള്‍ക്കും ജൈവകൃഷിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കിയുരുന്നു. ഇത് വന്‍ വിജയമാണെന്ന് തെളിയിക്കുന്നതാണ് വിപണിയിലെ പച്ചക്കറികളുടെ സാന്നിധ്യം, കുടുംബശ്രീ ചന്തകള്‍ക്ക് പുറമെ പൊതുവിപണിയിലും ധാരാളം ഉത്പന്നങ്ങള്‍ വിറ്റഴിച്ച് കാര്‍ഷിക മേഖലയ്ക്ക് തന്നെ മാതൃകയാവുകയാണ് ജില്ലയിലെ സഹോദരിമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.