കണ്ണന് കണികാണാന്‍ വിഭവങ്ങള്‍ എത്തി

Tuesday 12 April 2016 8:57 pm IST

ആലപ്പുഴ: എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലോ വിഷുക്കാലമല്ലേ...... എത്ര മനോഹരമായ വരികള്‍. ഒരു ആചാരത്തിനു വേണ്ടി പ്രകൃതിപോലും പങ്കാളിയാകുന്നുവെന്നതിന്റെ തെളിവല്ലേ കവിഭാവനയില്‍ വിരിഞ്ഞ കണിക്കൊന്നയുടെ ഈ ഭാവം... വിഷുവിന്റെ പ്രസക്തി. മേടം പുലരുമ്പോള്‍ ഓരോ മലയാളികളും മനസില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹമുണ്ട് വിഷുവിന് കണിയൊരുക്കണം. അതിന് കണിക്കൊന്നപ്പൂ വേണം. കണിവെള്ളരിക്ക വേണം, പഴവര്‍ഗ്ഗങ്ങള്‍ വേണം. അതും കാണാന്‍ ഭംഗിയും ഗുണമേന്മയുമുള്ളതുതന്നെ വേണം. കാരണം തങ്ങളുടെ ഒരു വര്‍ഷത്തെ കണ്ണന് കണിയൊരുക്കുകയെന്നത് ഓരോ വീട്ടമ്മയുടെയും അവകാശമാണ് ഭക്തിയുടെ നിറച്ചാത്തുകളാണ് വിശ്വാസമാണ് കണ്ണന് എന്റേതാണെന്ന വിശ്വാസം. അതാണ് മലയാളികള്‍ക്ക് വിഷു. പുലര്‍ച്ചേ കണികണ്ട് മുതിര്‍ന്നവരുടെ പക്കല്‍നിന്നും കൈനീട്ടം വാങ്ങി സന്തോഷിക്കാന്‍ ഒരു വിഷുക്കാലം കൂടി വന്നണഞ്ഞു. വിഷുവിനെ വരവേല്‍ക്കാന്‍ നിരത്തുകളില്‍ കണിവിഭവങ്ങളുമെത്തി കൊന്നപ്പൂ മുതല്‍ കൃഷ്ണവിഗ്രഹങ്ങള്‍ വരെ നിരത്തുകളിലെ മുക്കിലും മൂലയിലും അണിനിരന്നുകഴിഞ്ഞു. വില ജാസ്തിയാണെങ്കിലും വിഷുക്കണി വിഭവങ്ങള്‍ വാങ്ങുമ്പോള്‍ വീട്ടമ്മമാര്‍ വില പേശില്ല. കാരണം എല്ലാം ഉണ്ണിക്കണ്ണനല്ലേ കണ്ണന് വാങ്ങുന്ന ഓരോ വിഭവം മുന്തിയതായിരിക്കണമെന്നുള്ള കാര്‍ക്കശ്യമാണ് ഓരോ വീട്ടമ്മയ്ക്കും. അതുകൊണ്ടുതന്നെ വിഷുക്കാല വിഭവങ്ങള്‍ വില്‍ക്കുന്നവര്‍ക്കും നല്ലകാലം. ഉത്തരഭാരതത്തില്‍ നിന്ന് ഓടകാര്‍ വര്‍ണന്റെ വിഗ്രഹങ്ങള്‍ എത്തിക്കഴിഞ്ഞു. വിവിധ വര്‍ണങ്ങളില്‍പ്പെട്ടതുമുതല്‍ നീലവര്‍ണാങ്കിത രൂപമുള്ളതുവരെ. വിഷു വിപണി അറിഞ്ഞ് കച്ചവടക്കാര്‍ പലവധ തന്ത്രങ്ങളാണ് മെനയുന്നത്. കൊന്നപ്പൂവും വിഗ്രഹവുമുള്‍പ്പെടെയുള്ള കണിക്കുട്ടിന് 500 രൂപയ്ക്കു മുകളിലാണ് വില. കണിവിഭവങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ വില ആയിരത്തിനു മുകളിലാവും. എങ്കിലും കണി വിഭവങ്ങള്‍ വാങ്ങുന്നതില്‍ ആരും ലുബ്ധ് കാണിക്കാറില്ലെന്നുള്ളത് കച്ചവടക്കാരെ ഏറെ സന്തോഷത്തിലാക്കുന്നു. മനംനിറയെ കണികണ്ടുണരാന്‍ കണിക്കൊന്നയ്‌ക്കൊപ്പം കണിവെള്ളരി. കര്‍ഷകര്‍ സാധാരണയായി കണിവെള്ളരി വിഷുക്കാലത്തിന് തൊട്ടുമുമ്പാണ് കൃഷിയിറക്കാറുള്ളത്. വിഷു സംക്രമ ദിവസമായ ഇന്ന് കണിവെള്ളരിയ്ക്ക് വലിയ ഡിമാന്റാണ്. സാധാരണ വെള്ളരിയ്ക്ക് 20 രൂപയാണ് വിലയെങ്കില്‍ കണിവെള്ളരിയ്ക്ക് 25 രൂപയാണ്. വിലയെന്തായാലും കണ്ണനെ കണികണ്ടുണരാന്‍ എത്രപണം വേണമെങ്കിലും മുടക്കാന്‍ മലയാളി തയ്യാറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.