കലയുടെ പാര്‍വണേന്ദുമുഖി

Tuesday 12 April 2016 9:37 pm IST

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ 109 പേരുടെ ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പംക്തി എഴുതേണ്ടിവരുന്നത്. 'ഭ' എന്ന സംസ്‌കൃതവാക്കിന് പ്രകാശം എന്നാണര്‍ത്ഥം. രതഃ എന്നാല്‍ രമിക്കുന്നയാള്‍. ഭാരതീയന്‍ എന്നാല്‍ പ്രകാശത്തില്‍ രമിക്കുന്നവന്‍. പ്രകാശം എന്നാല്‍ ജ്ഞാനം എന്നാണിവിടെ അര്‍ത്ഥം. ഭാരതീയ പൈതൃകം ക്ഷേത്രങ്ങളാണ്. ക്ഷേത്രചൈതന്യം നിലനില്‍ക്കണമെങ്കില്‍ ക്ഷേത്രപരിസരവും സംശുദ്ധമായിരിക്കണം. ഇതിന് വെടിക്കെട്ടുകളുടെ ആവശ്യമുണ്ടോ? ഹൈന്ദവര്‍ ആഘോഷിക്കുന്നത് തിരുവോണം, ദീപാവലി, തിരുവാതിര, വിഷു മുതലായ ആഘോഷങ്ങളാണ്. വിഷു എന്നാല്‍ കണിക്കൊന്നയും കണിവെള്ളരിക്കയും വിഷുക്കൈനീട്ടവും. ഏവൂര്‍ വിശ്വദര്‍ശന ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നായര്‍ ഹോസ്പിറ്റലിലെ ഡോ. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ 30 പേരടങ്ങിയ 'അനുഷ്ഠാന' എന്ന സംഘടന ക്ഷേത്രസംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതാണ്. അവിടുത്തെ ക്ഷേത്രത്തില്‍ ഒരുക്കുന്ന വിഷുക്കണി, കണിക്കൊന്നകൊണ്ട് നടത്തുന്ന അലങ്കാരങ്ങള്‍ എന്നിവ പ്രസിദ്ധമാണ്. അനുഷ്ഠാന 12500 ഒരുരൂപാ നാണയം ഭക്തര്‍ക്ക് വിഷുക്കൈനീട്ടമായി കൊച്ചുകുട്ടികളെക്കൊണ്ട് കൊടുപ്പിക്കുന്നു. ത്രിമധുരത്തില്‍ ഐസ്‌ക്രീം ചേര്‍ത്ത് ഭക്തര്‍ക്ക് നല്‍കുന്നു. വിഷുക്കൈനീട്ടത്തിനൊപ്പം പച്ചക്കറിതൈകളും പഴച്ചെടികളും അമൃതാനന്ദമയീ മഠത്തില്‍നിന്നും ശേഖരിച്ച് വിതരണം ചെയ്യുന്നു. വെളുപ്പിനെ 3.30 മുതല്‍തന്നെ ഭക്തര്‍ ക്യൂനില്‍ക്കുമ്പോള്‍ അവിടെ ഓടക്കുഴല്‍ വായനയും നടത്തുന്നു. ഭക്തരുടെ മനസ്സ് ഭക്തിരസംകൊണ്ട് നിറയുന്നു. മറ്റൊരു സവിശേഷത ഇവിടുത്തെ വിഷുസദ്യ നല്‍കുന്നത് ഒരു മുസ്ലിം ആണെന്നതാണ്. വിഷുദര്‍ശനത്തിന്റെ മുദ്രാവചനം 'ജോയ് ഓഫ് ഗിവിങ്' എന്നാണെന്ന് ഡോ. ചന്ദ്രശേഖരന്‍ പറയുന്നു. വിഷു ആചാരങ്ങള്‍ സജീവമായി നില്‍ക്കുമ്പോഴും 'തിരുവാതിര' എന്ന ആചാരം ഇന്ന് ചരിത്രത്തിലേക്ക് മറയുകയാണ്. ഇത് കാലഹരണപ്പെടാതിരിക്കുന്നതിന് ഒരു പ്രധാന കാരണക്കാരി മാലതി മേനോന്‍ എന്ന തിരുവാതിരകളി വിദഗ്ധയാണ്. മാലതി മേനോന്‍ തിരുവാതിരകളിയില്‍ നൂതനചുവടുകള്‍, പിന്നല്‍ തിരുവാതിര പോലെ, കണ്ടുപിടിച്ച് ലിംക ബുക്‌സില്‍ ഇടംനേടിയ വ്യക്തിയാണ്. പിന്നല്‍ തിരുവാതിരയ്ക്ക് 12 കയറുകള്‍ കളിക്കാര്‍ ചുവടുവെച്ച് പിന്നിചേര്‍ത്തും അഴിച്ചുമുള്ള നടനചാരുതയാണുള്ളത്. ഇത് ദൃശ്യ പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ എണ്ണമറ്റ തിരുവാതിര പാട്ടുകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. എണ്‍പതില്‍ എത്തിനില്‍ക്കുന മാലതി മേനോന്‍ പതിനെട്ടുകാരിയുടെ ഉല്‍സാഹത്തോടും പ്രസരിപ്പോടുംകൂടിയാണ് കഴിഞ്ഞ 35 വര്‍ഷമായി തന്റെ വീട്ടില്‍ തിരുവാതിര കളി പഠിപ്പിക്കുന്നത്. 'പാര്‍വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിര' എന്നാണ് സ്ഥാപനത്തിന്റെ പേര്. തിരുവാതിര സ്ത്രീകളുടെ മാത്രം ആഘോഷമാണ്. എന്റെ ബാല്യകാലത്ത് ഗ്രാമത്തിലെ എല്ലാ വീടുകളിലെയും പെണ്‍കുട്ടികള്‍ തിരുവാതിരകളി അഭ്യസിച്ചിരുന്നു. എന്നുമാത്രമല്ല മകയിരം, തിരുവാതിര ദിവസങ്ങളില്‍ നൊയമ്പ് നോക്കുകയും ഉറക്കമിളയ്ക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ദിവസങ്ങളില്‍ സ്ത്രീകള്‍ അരിഭക്ഷണം കഴിച്ചിരുന്നില്ല. ചാമ അരി, ഗോതമ്പ്, ഏത്തപ്പഴം എന്നിവകൊണ്ടുള്ള കഞ്ഞിയും എല്ലാത്തരം കിഴങ്ങുകളും ഉപയോഗിച്ചുള്ള തിരുവാതിരപ്പുഴുക്കുമാണ് കഴിച്ചിരുന്നത്. സന്ധ്യ മുതല്‍ രാത്രി 12 മണിവരെ നിലവിളക്ക് കൊളുത്തി തിരുവാതിര കളിക്കും. പാതിരായ്ക്ക് പാതിരാപ്പൂ ചൂടല്‍ എന്ന ചടങ്ങുണ്ട്. ദശപുഷ്പങ്ങള്‍-കറുക, കൃഷ്ണക്രാന്തി, ചെറൂള, തിരുതാളി, മുയല്‍ചെവിയന്‍, പൂവാംകുരുന്ന്, മുക്കൂറ്റി, വള്ളി ഉഴിഞ്ഞ, കയ്യൂന്ന്യം മുതലായവ ചൂടി (ഇവ നേരത്തെ പറിച്ച് ശേഖരിക്കും) ദശപുഷ്പമാഹാത്മ്യം പാടി കളിക്കുന്നു. അതിനുശേഷമാണ് 'തുടിച്ചുകുളി'. വെളുപ്പിനെ അരയോളം വെള്ളത്തിലിറങ്ങിനിന്ന് പാട്ടുപാടി രണ്ട് കൈകൊണ്ടും വെള്ളംതെറിപ്പിച്ച് ശബ്ദമുണ്ടാക്കിയാണ് തുടിച്ചുകുളിക്കുന്നത്. തിരുവാതിര ദിവസം രാവിലെ കുളികഴിഞ്ഞ് അമ്പലത്തില്‍ പോയി പാരണ വീടും. മനോഹരമായ ഈ ആചാരമാണ് ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. മാലതി മേനോന്‍ എന്ന ഒറ്റ കലാകാരിയുടെ പ്രതിബദ്ധതയാണ് ഇന്ന് തിരുവാതിരകളി എന്ന വിശിഷ്ടമായ കലാരൂപത്തെ നിലനിര്‍ത്തുന്നത്. ഇക്കാലത്ത് പല പെണ്‍കുട്ടികള്‍ക്കും തിരുവാതിര എന്താണെന്നുപോലും അറിയില്ല. കോളേജ്കുമാരികള്‍ മോഡേണ്‍ നൃത്തങ്ങളാണ് സ്‌റ്റേജില്‍ അവതരിപ്പിക്കുന്നത്. മലയാളികളായ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ സംസ്‌കാരം നിലനിര്‍ത്തണമെന്ന ആഗ്രഹം അശേഷമില്ല. അവര്‍ മറ്റ് രാജ്യങ്ങളിലെ കലാരൂപങ്ങളെ അനുകരിക്കാനാണ് താല്‍പര്യമെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാലതി മേനോന്‍ എന്ന മഹതിയുടെ സാംസ്‌കാരിക പ്രതിബദ്ധത നമ്മെ കോള്‍മയിര്‍കൊള്ളിക്കുന്നത്. എണ്ണമറ്റ തിരുവാതിര പാട്ടുകള്‍ കണ്ടുപിടിച്ചാണ് അവര്‍ തിരുവാതിരകളി സജീവമായി നിലനിര്‍ത്തുന്നത്. ഇവര്‍ ഈ കലയോട് അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തുന്നു. ഇതിന്റെഫലമായാണ് 'പിന്നല്‍ തിരുവാതിര' എന്ന നൂതന ആശയം ആവിഷ്‌കരിച്ച് സദസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കൃഷ്ണഭക്തി ഗാനങ്ങളും അവര്‍ പാടുന്നു. പതിറ്റാണ്ടുകളായി തിരുവാതിരകളിയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഊര്‍ജ്ജസ്വലയായ ഈ കലാകാരിയ്ക്ക് ഇപ്പോള്‍ വയസ്സ് 80. എണ്‍പതാം വയസ്സില്‍ കട്ടിലിനെ അഭയം പ്രാപിക്കുന്നവര്‍ക്ക് മാതൃകയാണ് മാലതീ മേനോന്റെ ഉന്മേഷവും ഊര്‍ജ്ജസ്വലതയും. ഹിന്ദി അധ്യാപികയായി പ്രവര്‍ത്തിച്ച് റിട്ടയര്‍ ചെയ്തശേഷമാണ് അവര്‍ തിരുവാതിരകളിയിലേക്ക് ശ്രദ്ധതിരിച്ചതും 2009 ല്‍ പാര്‍വണേന്ദു സ്‌കൂള്‍ സ്ഥാപിച്ചതും. പാര്‍വണേന്ദുമുഖി... എന്നു തുടങ്ങുന്ന ഒരു തിരുവാതിരപ്പാട്ടുമുണ്ടല്ലോ. ഈ സ്‌കൂളില്‍ കുട്ടികളും ഗൃഹസ്ഥകളും ഉദ്യോഗസ്ഥകളും പങ്കെടുക്കുന്നു. സ്‌കൂള്‍ ധാരാളം സ്റ്റേജ് ഷോകളും നടത്തിയിട്ടുണ്ട്. 'ആതിരാ കുളിര്‍നിലാ' എന്ന തിരുവാതിര കാസറ്റും അവര്‍ സംഗീതലോകത്തിന് നല്‍കിയിട്ടുണ്ട്. തലമുറകളെ തിരുവാതിര അഭ്യസിപ്പിച്ച ഇവര്‍ തിരുവാതിര മുത്തശ്ശി എന്ന് സ്‌നേഹപൂര്‍വം വിളിയ്ക്കപ്പെടുന്നു. ഏഴ് ടീമുകളിലായി 3026 പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചാണ് മാലതി മേനോന്‍ മെഗാ തിരുവാതിര അവതരിപ്പിച്ചത്. 2017 ഏപ്രിലില്‍ 10,000 കുട്ടികളെ പങ്കെടുപ്പിച്ച് കളിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. തിരുവാതിര കളിച്ചിരുന്ന തലമുറയ്ക്കുപോലും ഭാവനയില്‍ കാണാനാകാത്ത ദൃശ്യമായിരിക്കും അത്. മാലതി മേനോന്‍ ഒരു കലയില്‍ മാത്രം പ്രാവീണ്യം നേടുന്നതില്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ അവര്‍ ഇടയ്ക്ക, കീ ബോര്‍ഡ് ഇവ പഠിക്കുന്നു. കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയിരിക്കുന്നു. തൃപ്പൂണിത്തുറ കൃഷ്ണദാസിന്റെയടുത്തും കഥകളി കലാമണ്ഡലം ഗോപിനാഥിന്റെയടുത്തും കീബോര്‍ഡ് ചിന്മയാ ശ്രീകുമാറിന്റെ അടുത്തും ചെണ്ട കടവന്തറ രഞ്ജിത്തിന്റെ അടുത്തുമാണ് പഠിക്കുന്നത്. പഠിത്തം ഇവര്‍ക്ക് തുടര്‍ക്കഥയാണ്. പ്രായം അതിനൊരു തടസ്സമല്ല. 60 കഴിഞ്ഞാല്‍ ഏകാകിയായി വിഷാദരോഗത്തിനടിമപ്പെടുന്നവര്‍ക്ക് മാലതി മേനോന്‍ ഒരു മാതൃകയാണ്. മാലതി മേനോന്റെ നാട് കുമ്പളം. അമ്മ ശ്രീവിള കാര്‍ത്യായനി അമ്മയും അച്ഛന്‍ പാണാവള്ളി കാട്ടുങ്കല്‍ ദാമോദരന്‍പിള്ളയുമാണ്. ഭര്‍ത്താവ് കുമ്പളം കട്ടാഴത്ത് ഗോവിന്ദന്‍കുട്ടി മേനോന്‍. കുടുംബത്തിന്റെ പൂര്‍ണസഹകരണവും പ്രോത്സാഹനവും മാലതി അമ്മയ്ക്കുണ്ട്. മകള്‍ സുധാമണി കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലാണ്. മകന്‍ ജെ.പി. നാരായണന്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആണ്. മൂന്നാമത്തെ പെണ്‍കുട്ടി ഉഷാറാണിക്ക് ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ്, കഥകളി എന്നിവയറിയാം. മാലതി മേനോന്‍ മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ റേഡിയോ നാടകങ്ങളിലും ആല്‍ബങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വയസ്സ് എണ്‍പതു കഴിഞ്ഞിട്ടും നാല്‍പ്പത് കഴിയാത്ത യുവതികളെപ്പോലെ ആക്ടീവായ മാലതി മേനോന്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധകള്‍ക്കും ഒരു മാതൃകയാണ്. രാമായണത്തില്‍നിന്നുപോലും ഭരതന്റെ വനയാത്ര അവര്‍ തിരുവാതിരപ്പാട്ടാക്കിയിട്ടുണ്ട്. മാലതി മേനോന്റെ കഴിവുകളെ അംഗീകരിച്ച് അവര്‍ക്ക് കലാദര്‍പ്പണം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, രാമകൃഷ്ണ സേവശ്രമ അവാര്‍ഡ്, 2013 ലെ കേരള ഫോക്‌ലോര്‍ ഫെല്ലോഷിപ്പ്, കേരളശ്രീ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവോണവും ദീപാവലിയും വിഷുവും ആഘോഷിക്കുന്ന കേരളം തിരുവാതിരയിലേക്ക് തിരിച്ചുവന്നതില്‍ മാലതി മേനോന്റെ പങ്കും ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.