വിഷു നാളെ: നാടും നഗരവും ആഘോഷ ലഹരിയില്‍ : വഴിയോരക്കച്ചവടം തകൃതി

Tuesday 12 April 2016 10:16 pm IST

കണ്ണൂര്‍: വിഷു നാളെ. നാടും നഗരവും ആഘോഷലഹരിയില്‍. വഴിയോരക്കച്ചവടമുള്‍പ്പെടെ വിഷുവിപണിയില്‍ കച്ചവടം തകൃതി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ നടക്കുന്ന കുടുംബശ്രീകളുടെ നേതൃത്വത്തിലുളള വിഷുച്ചന്തകള്‍, കൈത്തറി-കരകൗശല മേളകള്‍, വഴിയോര കച്ചവടം, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഷോറൂമുകള്‍ എന്നിവിടങ്ങളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പറവൂരിലുണ്ടായ സ്‌ഫോടനവും തുടര്‍ന്ന് പോലീസ് പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയതും പടക്കവിപണിയെ ചെറിയ തോതില്‍ ബാധിച്ചെങ്കിലും സംക്രമത്തലേന്നായ ഇന്നലെ പടക്കവില്‍പ്പനശാലകളില്‍ സാമാന്യം നല്ല തിരക്കു തന്നെ അനുഭവപ്പെട്ടു. ജില്ലയില്‍ കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ വിഷുക്കോടിയും മറ്റും വാങ്ങാനും വിഷു ആഘോഷങ്ങള്‍ പൊലിപ്പിക്കാനുമായി എത്തിച്ചേര്‍ന്നവരെക്കൊണ്ട് നിറഞ്ഞു. ഇതോടെ നഗര പ്രദേശങ്ങള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. കണ്ണൂര്‍ നഗരത്തില്‍ കുരുക്ക് ഇന്നലെ രാവിലെ മുതല്‍ പല സമയത്തും മണിക്കൂറുകളോളം നീണ്ടുനിന്നു. കുറഞ്ഞ വിലയ്ക്ക് കുഞ്ഞുടുപ്പുകളുള്‍പ്പെടെ ലഭിക്കുന്നുവെന്നതിനാല്‍ തന്നെ വഴിയോര കേന്ദ്രങ്ങളിലെ വസ്ത്രവില്‍പ്പന കേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ഇത്തരം വസ്ത്രങ്ങള്‍ ഈടുനില്‍ക്കുന്നത് കുറവാണെങ്കിലും വീട്ടിലും മറ്റും കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ഏറെ ഉപയോഗപ്പെടുമെന്നതിനാല്‍ തന്നെ സാധാരണക്കാരായ ജനങ്ങള്‍ ഉള്‍പ്പെടെ ഇത്തരം വഴിയോര കേന്ദ്രങ്ങളെയാണ് കൂടുതലായും ആഘോഷ വേളകളില്‍ ആശ്രയിക്കുന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുളള സാധനങ്ങളും കണി വെക്കാനുളള സാധനങ്ങളും പാക്കറ്റുകളിലാക്കി വഴിയോരങ്ങളില്‍ വില്‍ക്കുന്നതും വിഷുവിപണിയില്‍ പലയിടത്തും കാണാമായിരുന്നു. അന്യസംസ്ഥാനക്കാരായ തുണി വില്‍പ്പനക്കാര്‍ ദിവസങ്ങള്‍ക്കു മുമ്പേ കണ്ണൂര്‍ നഗരത്തിലെ വഴിയോരങ്ങളിലുള്‍പ്പെടെ സ്ഥാനം പിടിച്ചിരുന്നു. ഫുട്പാത്തുകളെല്ലാം ഇവര്‍ കീഴടക്കിയിരിക്കുകയാണ്. പച്ചക്കറി, അനാദിക്കടകളിലും കണി സാധനങ്ങളുള്‍പ്പെടെ വാങ്ങാനെത്തിയവരുടെ നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും കൈത്തറി സംഘങ്ങളും ഇലക്‌ട്രോണിക്‌സ് ഷോപ്പുകളും പതിവു പോലെ നിരവധി വാഗ്ദാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി വിഷുവിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.