എം.ഒ.എച്ച് ഫാറൂഖിന്റെ മൃതദേഹം ഖബറടക്കി

Friday 27 January 2012 6:15 pm IST

ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖിന്റെ മൃതദേഹം പുതുച്ചേരി ജുമാ മസ്ജിദില്‍ ഖബറടക്കി. കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി. ഇ .അഹമ്മദ്, നാരായണ സ്വാമി. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി, സ്പീക്കര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.10നായിരുന്നു ഫാറൂഖിന്റെ അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് രോഗം വഷളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നു വാര്‍ഡിലേക്കു മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായി. നിരവധി തവണ ഡയാലിസിസിനും വിധേയമാക്കി. ശവസംസ്‌ക്കാരം വൈകീട്ട് 4.30ന് പുതുച്ചേരിയില്‍ നടക്കും. ഫറൂഖിന്റെ അഭാവത്തില്‍ കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനായിരുന്നു കേരളത്തിന്റെ അധികച്ചുമതല. റിപ്പബ്ലിക് ദിനച്ചടങ്ങില്‍ ഗവര്‍ണര്‍ക്കു പകരം മുഖ്യമന്ത്രിയാണ് പങ്കെടുത്തത്. കേരളത്തിന്റെ പത്തൊന്‍പതാം ഗവര്‍ണറായി കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഫറൂഖ് ചുമതലയേറ്റത്. രണ്ടു തവണ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. മൂന്നു തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായി. ഝാര്‍ഖണ്ഡ് ഗവര്‍ണറായും സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 937 സെപ്റ്റംബര്‍ ആറിന് പുതുച്ചേരിയിലെ കാരയ്ക്കലിലാണ് എം.ഒ. ഹസന്‍ ഫറൂഖ് മരിക്കാര്‍ എന്ന എം.ഒ.എച്ച്. ഫറൂഖ് ജനിച്ചത്. 1953- 54 കാലഘട്ടത്തില്‍ ഫ്രഞ്ച് ഭരണത്തില്‍ നിന്നു പുതുച്ചേരിയെ മോചിപ്പിക്കാന്‍ നടത്തിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. 1967- 68, 1969- 74, 1985- 1990 കാലഘട്ടത്തില്‍ പുതുച്ചേരി മുഖ്യമന്ത്രിയായി. 1991, 1996, 1999 ല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി, 1991 ല്‍ കേന്ദ്ര വിനോദസഞ്ചാരസഹമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1975 മുതല്‍ 2000 വരെ മുബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായിരുന്നു. 2004 സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. 2010 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.