എഐഎഡിഎംകെയുടെ സാന്നിധ്യം മുന്നണികള്‍ക്ക് ആശങ്ക

Wednesday 13 April 2016 10:11 pm IST

ഇടുക്കി: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ എഐഎഡിഎംകെ ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തുന്നു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നീ മണ്ഡലങ്ങളിലാണ് എഐഎഡിഎംകെ മത്സരിക്കുന്നത്. എല്ലാക്കാലത്തും തോട്ടം തൊഴിലാളികള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടി വിജയിച്ച് പോയ മുന്നണികള്‍ പിന്നീട് ഈ വഴിക്ക് വന്നിട്ടില്ല എന്ന നിലപാടാണ് തോട്ടം തൊഴിലാളികള്‍ക്കുള്ളത്. ഈ സാധ്യതയിലാണ് എഐഎഡിഎംകെ നോട്ടമിടുന്നത്. ദേവികുളം മണ്ഡലത്തില്‍ ധനലക്ഷ്മിയാണ് എഐഎഡിഎംകെയ്ക്ക് വേണ്ടി മത്സരിക്കുന്നത്. പീരുമേട്ടിലും ഉടുമ്പന്‍ചോലയിലും മലയാളികളാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍. ഉടുമ്പന്‍ചോലയില്‍ സോമനും പീരുമേട്ടില്‍ പ്ലാന്ററായ അക്ബറും മത്സരിക്കുമെന്നാണ് എഐഎഡിഎംകെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പീരുമേട്ടിലും ദേവികുളത്തും എഐഎഡിഎംകെ പ്രതിനിധികള്‍ വിജയിച്ചിരുന്നു. എഐഎഡിഎംകെയുടെ സാന്നിധ്യം കൊണ്ട് പല മണ്ഡലങ്ങളിലും മുന്നണികള്‍ പ്രതീക്ഷിച്ചിരുന്ന വിജയം നേടാന്‍ കഴിഞ്ഞതുമില്ല. എല്ലാ മണ്ഡലങ്ങളിലും രണ്ടായിരം വോട്ടുകള്‍ വീതം എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ നേടിയാല്‍ മുന്നണികളുടെ വിജയപ്രതീക്ഷകളാണ് തകിടം മറിയുന്നത്. ഇലക്ഷന്‍ അടുക്കുന്നതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എഐഎഡിഎംകെ പണം ഒഴുക്കുമെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ട് സംഭവങ്ങളില്‍ എഐഎഡിഎംകെ പ്രതിനിധികളെ പിടികൂടിയിരുന്നു. ഇടത്- വലത് മുന്നണികള്‍ എഐഡിഎംകെയെ ഭയന്ന് കഴിയുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.