മലപ്പുറത്തെ യുഡിഎഫ് പ്രചരണം സര്‍ക്കാര്‍ ചെലവില്‍

Wednesday 13 April 2016 9:23 pm IST

മലപ്പുറം: സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ എത്തിയത് ഡിസിസിയിലും മുസ്ലീം ലീഗ് ഓഫീസിലും. ഇവ ഉപയോഗിച്ചാണ് മലപ്പുറത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നത്. സൗജന്യ വിതരണത്തിനായി സര്‍ക്കാര്‍ വന്‍ തുക ചിലവഴിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും കെട്ടുകണക്കിനാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഓഫീസുകളില്‍ എത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മലപ്പുറം പിആര്‍ഡി ഓഫീസില്‍ ഫിനാന്‍സ് വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ പിആര്‍ഡി ഓഫീസര്‍ വി.പി. സുലഭയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഒത്താശ ചെയ്യുന്ന മറ്റ് ജീവനക്കാരെ സ്ഥലം മാറ്റണമെന്നും ജില്ലാ ഫിനാന്‍സ് വിഭാഗം ഫിനാന്‍സ് വകുപ്പിന് ശുപാര്‍ശ നല്‍കി. എന്നാല്‍ നടപടി സ്വീകരിക്കുന്നതിന് പകരം ഫിനാന്‍സ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.പി.ചന്ദ്രമോഹന്‍ പിആര്‍ഡി ഓഫീസില്‍ വീണ്ടും വിശദമായ പരിശോധന നടത്താനാണ് ആവശ്യപ്പെട്ടത്. ശിക്ഷാ നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ട് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് പിആര്‍ഡി ഓഫീസറുടെ ഉന്നതതല ബന്ധം മൂലമാണെന്ന് പരാതി ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസടക്കം പിആര്‍ഡി ഓഫീസറെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്. 2015 സെപ്തംബറില്‍ മലപ്പുറം പിആര്‍ഡി ഓഫീസില്‍ ലഭിച്ച 15000 കോപ്പി 'കരുതല്‍' എന്ന പ്രസിദ്ധീകരണത്തില്‍ 4500 എണ്ണം ഡിസിസി ഓഫീസിലും 3000 എണ്ണം ലീഗ് ഓഫീസിലും നല്‍കിയതായി വിവരാവകാശരേഖയില്‍ വ്യക്തമാണ്. ബാക്കിയുള്ള പുസ്തകങ്ങളാണ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം പിആര്‍ഡി ഓഫീസ് നേരിട്ട് അച്ചടിച്ച 60000 കോപ്പി പോക്കറ്റ് ബുക്കുകളും ഇത്തരത്തിലാണ് വിതരണം ചെയ്തത്. 25000 കോപ്പി ഡിസിസിയിലും 15000 കോപ്പി ലീഗ് ഓഫീസിലുമാണ് എത്തിച്ചത്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട കെട്ടുകണക്കിന് ലഘുലേഖകള്‍ ഡിസിസി, ലീഗ് ഓഫീസിലേക്കാണ് കൊടുത്തുവിട്ടത്. എംഎല്‍എമാരായ സി.ദിവാകരന്‍, പി.ഉബൈദുള്ള എന്നിവരുടെ ചോദ്യത്തിന് ഫെബ്രുവരി 24ന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ ഈ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ അച്ചടി ജോലികള്‍ ഒരു സ്ഥാപനത്തിന് നല്‍കിയത്, ഓര്‍ഡര്‍ കൊടുത്ത എണ്ണത്തില്‍ നിന്നും കുറവായി അച്ചടിച്ചത്, കണക്കില്‍പ്പെടാത്ത പണം ഓഫീസില്‍ സൂക്ഷിച്ചത് തുടങ്ങിയ ക്രമക്കേടുകള്‍ മലപ്പുറം പിആര്‍ഡി ഓഫീസില്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം പിആര്‍ഡി ഓഫീസര്‍ക്കെതിരെ ഇതിന് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം സംരക്ഷിച്ചത് ഭരണകൂടമാണ്. സര്‍ക്കാരിന്റെ പണം കൊണ്ട് അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.