ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്

Wednesday 13 April 2016 10:36 pm IST

ഗുരുവായൂര്‍: വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്.കണിദര്‍ശനം കാണാന്‍ ഇന്നലെ ഉച്ചയോടെ തന്നെ ഭക്തരുടെ ക്യൂ കിഴക്കേനട നിറഞ്ഞ് കവിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30-നുള്ള വിഷുക്കണി ദര്‍ശനത്തിനായിട്ടാണ് ഭക്തര്‍ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാത്രി തൃപ്പുകക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കിയത്. ഓട്ടുരുളിയില്‍ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവ കണിക്കാഴ്ചക്കായി ഒരുക്കി. ഇന്ന് പുലര്‍ച്ചെ 2.15-ന് ശ്രീകോവിലില്‍ പ്രവേശിച്ച മേല്‍ശാന്തി ഹരീഷ് നമ്പൂതിരി, കണിയൊരുക്കി ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചു. തുടര്‍ന്ന് അലങ്കാരത്തോടുകൂടിയ സ്വര്‍ണതിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നെള്ളിച്ച് വെച്ചു. മുന്നില്‍ കണിക്കോപ്പുകളും ഒരുക്കി. ശ്രീലക വാതില്‍ തുറക്കുന്നതോടെ കണി ദര്‍ശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങി. ഇന്ന് ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ്‌വിളക്കാണ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മേളപ്രമാണത്തില്‍ മൂന്ന് നേരവും നടക്കുന്ന എഴുന്നെള്ളിപ്പില്‍ നന്ദന്‍, വലിയ വിഷ്ണു, രാമന്‍കുട്ടി എന്നീ കൊമ്പന്മാര്‍ അണിനിരക്കും. സന്ധ്യക്ക് ശങ്കരന്‍കുട്ടിമാരാരും മക്കളായ ശ്രീരാജ്, ശ്രീകാന്ത് എന്നിവരും പങ്കെടുക്കുന്ന ത്രിബിള്‍ തായമ്പക അരങ്ങേറും. രാത്രി മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം ഗോപി, കൃഷ്ണ വേഷത്തില്‍ അരങ്ങിലെത്തുന്ന കുചേലവൃത്തം കഥകളി. എടമന വാസുദേവന്‍ നമ്പൂതിരി നാരായണീയം, സംഗീതക്കച്ചേരി ശൈലിയില്‍ ആലപിക്കും. വിഷു വിളക്കാഘോഷം ലണ്ടനിലെ വ്യവസായിയായ ഗുരുവായൂര്‍ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വഴിപാടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.