വെടിക്കെട്ടുദുരന്തം: ഡിഎന്‍എ പരിശോധന തുടങ്ങി

Wednesday 13 April 2016 11:04 pm IST

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടുദുരന്തത്തിലെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധന തുടങ്ങി. രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. ബന്ധുക്കളെ കാണാനില്ലെന്ന് പരാതിപ്പെട്ടവരുടെ സഹോദരങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. തിരിച്ചറിയാതെ കിടക്കുന്നവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പരിശോധനയ്ക്കു വേണ്ടുന്ന അവയവ സാമ്പിളുകള്‍ പോലീസ് ഫോറന്‍സിക്‌ലാബിലേക്കും രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജി ലാബിലേക്കും അയച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രക്രാരം തീര്‍ത്തും സൗജന്യമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55 രോഗികളില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം വിലയിരുത്തി. ബേണ്‍സ് ഐസിയുവിലെ സത്യന്‍ (40) പരവൂര്‍, സര്‍ജിക്കല്‍ ഐസിയുവിലെ കണ്ണന്‍ (27) കഴക്കൂട്ടം, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ രാജീവ് (16), ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലെ ചന്ദ്രബോസ് (35) കളക്കോട്, അജിത് (16) തിരുവനന്തപുരം, യൂറോളജി ഐസിയുവിലുള്ള സുധീര്‍ (35) അട്ടക്കുളം എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ദല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജംഗ്, കോയമ്പത്തൂരിലെ ഗംഗ, കൊച്ചി അമൃത, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പ്രത്യേക സംഘത്തിലുള്ളത്. തുടര്‍ ചികിത്സയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി, അനസ്തീഷ്യ, നഴ്‌സിംഗ് എന്നീ വിഭാഗങ്ങളടങ്ങിയ പ്രത്യേക പത്തംഗ ടീമിനെയും നിയോഗിച്ചു. പൂര്‍ണമായി രോഗം ഭേദമായവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. അതത് സ്ഥലങ്ങളിലെ തഹസീല്‍ദാര്‍ മുഖേന ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് വെന്റിലേറ്ററുകളും ശബരിമലയില്‍ നിന്ന് ഒരു വെന്റിലേറ്ററും കൂടി മെഡിക്കല്‍ കോളേജിലെത്തിക്കും. വസ്ത്രം ധരിക്കാന്‍ കഴിയാത്ത പൊള്ളലേറ്റ രോഗികള്‍ക്ക് സുഗമമായി വായു കടക്കത്തക്ക രീതിയിലുള്ള പ്രത്യേകതരം 10 ക്രേഡിലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.