പുറ്റിങ്ങല്‍ ദുരന്തത്തിന് കാരണം ഭരണകൂടത്തിന്റെ പരാജയം; സിബിഐ അന്വേഷിക്കണം: കുമ്മനം

Wednesday 13 April 2016 5:53 pm IST

പരവൂര്‍: ഭരണകൂടത്തിന്റെ ദയനീയ പരാജയമാണ് 113 പേരുടെ മരണത്തിനും നാനൂറിലധികം പേര്‍ പരിക്കേറ്റ് ജീവച്ഛവമായി കിടക്കുന്നതിനും 100ലധികം വീടുകള്‍ തകരുന്നതിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവാനും കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഈ ദേവീസന്നിധിയില്‍ നടന്നിരിക്കുന്നത്. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു സര്‍ക്കാരിനും ക്ഷേത്രഭരണസമിതിക്കും രക്ഷപ്പെടാനാവില്ല. ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും ആ നിയമങ്ങളൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് ഇത് എത്തിനില്‍ക്കുന്നുവെന്നും കുമ്മനം പറഞ്ഞു. വെടിക്കട്ടപകടം നടന്ന ക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം ജനങ്ങളുടെ ജീവിതം പന്താടിയത് ക്രൂരതയാണ്. വെടിക്കെട്ട് കാണാന്‍വന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിന് സര്‍ക്കാര്‍ സമാധാനം പറയണം. കേവലമൊരു അപകടമല്ല. ദുരൂഹതകള്‍ ഏറെയുണ്ട്. നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ നടന്നിരിക്കുന്നു. വാസ്തവത്തില്‍ ആഭ്യന്തരമന്ത്രി മറുപടി പറയാത്തത് ഖേദകരമാണ്. ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച വെടിക്കെട്ട് രാഷ്ട്രീയ ഇടപെടലുകളിലൂടെ വളരെ സാഹസികമായി ഇവിടെ നടപ്പാക്കിയതിന് പിന്നില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേ പറ്റൂ. ജുഡിഷ്യറിയുടെയും സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരടക്കമുള്ളവരുടെയും അന്വേഷണം ആവശ്യമാണ്. അതില്ലെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ പാതകള്‍ തേടണം. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അപകടം അറിഞ്ഞതു മുതല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. മരുന്നുകള്‍ അടക്കമുള്ള വിദഗ്ധ സംഘവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലത്തെത്തിയത്. പ്രധാനമന്ത്രി കേരളത്തോടു കാണിച്ച ആത്മാര്‍ത്ഥതയുടെ ഒരംശംപോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നിയമവിരുദ്ധമായ സ്‌ഫോടകവസ്തുക്കള്‍ ഈ കമ്പത്തിന് ഉപയോഗിച്ചു. കമ്പത്തിന് ആവശ്യമായതില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കളും രാസവസ്തുക്കളും ശേഖരിച്ചിരുന്നു. എന്തിനാണ് ഇത്രയും കരുതിയിരുന്നതെന്ന് ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ട്. വെടിക്കെട്ട് നടത്താന്‍ ഉത്സാഹം കാണിച്ച കമ്മറ്റി ഈ വെടിക്കെട്ട് കാണാനെത്തിയ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിച്ചില്ല. മരിച്ചവരിലും പൊള്ളലേറ്റവരിലും പരിക്കേറ്റവരിലും കൂടുതല്‍ കോണ്‍ക്രീറ്റ് കഷണങ്ങള്‍ പതിച്ച് അപകടം പറ്റിയവരാണ്. അപകടം നടന്ന് ദിവങ്ങളേറെയായിട്ടും സാഹചര്യതെളിവുകള്‍ എന്തുകൊണ്ട് ലഭിക്കുന്നില്ല. എല്ലാ ദിശയിലേക്കുമുള്ള സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഇനി ആവര്‍ത്തിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുപറയുന്നു. മുമ്പും സര്‍ക്കാര്‍ ഇത്തരം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് വീണ്ടും അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കുമ്മനം. ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.