അനധികൃത പടക്കവില്പന; രണ്ട് പേര്‍ പിടിയില്‍

Wednesday 13 April 2016 11:32 pm IST

തിരുവനന്തപുരം: അനധികൃത പടക്കവില്‍പ്പന തടയാന്‍ നഗരത്തിലെയും ജില്ലയിലെയും പടക്കവില്‍പ്പന ശാലകളിലും ഗോഡൗണുകളിലും ഇന്നലെ പോലീസ് റെയ്ഡ് നടത്തി. അനധികൃതമായി വീടുകളില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ തുമ്പ പോലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിന് സമീപം പുത്തന്‍ വീട്ടില്‍ സോമന്‍ (65) ക്ഷേത്രത്തിന് സമീപം കുട്ടന്‍ (38) എന്നിവരെയാണ് തുമ്പ എസ്‌ഐ ജയസനലിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ റെയ്ഡ് നടത്തി പിടികൂടിയത്. ഇവരുടെ വീടുകളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ പടക്കങ്ങള്‍ കണ്ടെടുത്തു. ഇരുവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. നഗരത്തിലെ എല്ലാ സ്‌റ്റേഷന്‍ പരിധികളിലും റെയ്ഡ് നടന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടു പടക്ക വില്‍പ്പന ശാലകളുണ്ടെങ്കിലും അനധികൃതമായി പടക്ക സാമഗ്രികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴക്കൂട്ടം സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കടയുണ്ടെങ്കിലും അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടന്നു. 39 സ്ഥലങ്ങളിലാണ് റെയിഡ് നടന്നത്. 42 കടകള്‍ക്കാണ് ജില്ലയില്‍ പടക്ക വില്‍പ്പനയ്ക്ക് ലൈസന്‍സുള്ളത്. റെയ്ഡ് വിവരം മുന്‍കൂട്ടി പുറത്തുവന്നിരുന്നതിനാല്‍ പല കടകളിലും നിയമാനുസൃമുള്ള സ്‌റ്റോക്കേ ഉണ്ടായിരുന്നുള്ളു. പടക്ക വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന് നേരത്തെ അപേക്ഷിച്ചിരുന്നവര്‍ക്കും ഇന്നലെ വൈകി മാത്രമാണ് ലൈസന്‍സ് നല്‍കിയത്. നഗരത്തിലെ പാതയോരങ്ങള്‍ കേന്ദ്രീകരിച്ചും മറ്റുമുള്ള വില്‍പ്പന തടയുകയായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും പരിശോധന തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.