ഐശ്വര്യത്തിന്റെ സ‌മൃദ്ധിയുമായി മലയാളികള്‍ വിഷു ആഘോഷിച്ചു

Friday 15 April 2016 10:36 am IST

കൊച്ചി: ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിച്ചു. ശബരിമലയിലും ഗുരുവായൂരിലും ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി വിഷുക്കണി ദര്‍ശനം നടന്നു. ശബരിമലയില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തിലും വിഷുക്കണിക്കായി തിരക്കേറെയായിരുന്നു. കൂടാതെ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും നല്‍കി. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് വിഷു. മലയാളിയുടെ പുതുവര്‍ഷമാണെങ്കിലും വടക്കന്‍ കേരളത്തിലാണ് വിഷുവിന്റെ ആഘോഷങ്ങളേറെയും. തേച്ചൊരുക്കിയ ഓട്ടുരുളിയും അരിയും നെല്ലും പാതി നിറച്ച്‌, അലക്കിയ മുണ്ടും, പൊന്നും വാല്‍ക്കണ്ണാടിയും വെള്ളരിയും കണിക്കൊന്നയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച്‌ വച്ച നിലവിളക്കും ഒക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ അപ്പം , അട എന്നിവ കണിക്കൊപ്പം വയ്ക്കുന്ന പതിവും വടക്കന്‍ കേരളത്തിലുണ്ട്. പിന്നീടിത് കുട്ടികള്‍ക്ക് വിതരണം ചെയ്യും. കണിയും വിഷുകൈനീട്ടത്തിനും ശേഷം പിന്നീട് ആഘോഷത്തിന്റെ മണിക്കൂറുകളാണ്.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആണ്ടുപിറപ്പിനെ വരവേല്‍ക്കും. വിഷുവിനോട് അനുബന്ധിച്ച്‌ അനവധി ആചാരങ്ങള്‍ കൃഷിയെ സംബന്ധിച്ച്‌ നിലനില്‍ക്കുന്നുണ്ട്. ചാലീടില്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച്‌ നടക്കുന്ന ആചാരങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.