അംബേദ്ക്കറിന്റെ പ്രാധാന്യം നശിപ്പിച്ചത് കോണ്‍ഗ്രസ്: മോദി

Friday 15 April 2016 9:29 pm IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഭരണഘടനാ ശില്പി ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ പ്രാധാന്യം കോണ്‍ഗ്രസ് നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്രവര്‍ഷമായിട്ടും അംബേദ്ക്കറുടെ പ്രസക്തി രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാതിരുന്നത് വലിയ തെറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അംബേദ്ക്കറിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും കോണ്‍ഗ്രസ് ഒരിക്കലും പരിഗണിച്ചില്ല. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസ് ഇത്രവര്‍ഷങ്ങള്‍ക്കിടെ പാവപ്പെട്ടവര്‍ക്കായി എന്താണ് ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. അംബേദ്ക്കറുടെ 125-ാംജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മഹുവിലെ ഭീം ജന്മഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹുവില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഗ്രാമ വികസനത്തിലൂടെ ഭാരത ഉദയം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ശുഭദിനത്തില്‍ മോയിലെത്താന്‍ കഴിഞ്ഞത് തന്റെ വിശേഷഭാഗ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമൂഹത്തിലെ അനീതികള്‍ക്കെതിരെയാണ് ഡോ.അംബേദ്ക്കര്‍ പോരാടിയതെന്ന് അനുസ്മരിച്ചു. സമത്വത്തിനും അന്തസ്സിനും വേണ്ടിയുള്ളതായിരുന്നു ആ പോരാട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ് ഭീം വിളികളോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഈ മാസം 14 മുതല്‍ 24 വരെ നടക്കുന്ന ഗ്രാമ വികസനത്തിലൂടെ ഭാരതത്തിന്റെ ഉദയം എന്ന പദ്ധതിയുടെ കേന്ദ്രബിന്ദു ഗ്രാമങ്ങളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റ് കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കുമായിട്ടാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ വികസന സംരംഭങ്ങളെ മോദി വേദിയില്‍ പരാമര്‍ശിച്ചു. 1000 ദിവസത്തെ സമയപരിധി വച്ച് കൊണ്ട് 18,000 ഗ്രാമങ്ങളുടെ വൈദ്യുതീകരണം പൂര്‍ത്തിയായി വരികയാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പുരോഗതി ജി.എ.ആര്‍.വി ആപ്പിലൂടെ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ കണ്ക്ടിവിറ്റി അത്യന്താപേഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തെ കുറിച്ച് പരാമര്‍ശിക്കവെ ഗ്രാമീണ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചാല്‍ അത് ഭാരത സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 125-ാം ജന്മവാര്‍ഷികം രാജ്യമെങ്ങും സമുചിതമായി ആഘോഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.