കല്‍പ്പവൃക്ഷത്തണലില്‍ കാമധേനുവായ സുരഭി

Friday 15 April 2016 7:27 pm IST

വിമാനം തന്മനോവേഗം യത്ര സ്ഥാനാന്തരേ ഗതം ന ജലം തത്ര പശ്യാമോ വിസ്മിതാ:സ്‌മോ വയം തദാ വൃക്ഷാ: സര്‍വ്വഫലാ രമ്യ: കോകിലാരവമണ്ഡിതാ: മഹീ മഹീധരാ: കാമം വനാന്യൂപവനാനി ച ബ്രഹ്മാവ് പറഞ്ഞു: മനോവേഗത്തില്‍ ഞങ്ങള്‍ എല്ലാവരും ഒരിടത്തേയ്ക്ക് പറന്നെത്തി. അവിടെയെങ്ങും ജലമില്ലെന്നു കണ്ട് അത്ഭുതസ്തബ്ധരായി. ഫലഭൂയിഷ്ടമായ മരങ്ങളും കളകൂജനം പൊഴിക്കുന്ന കിളികളും പൂത്തുലഞ്ഞമരങ്ങളും ഞങ്ങളവിടെ കണ്ടു. സ്ത്രീപുരുഷന്മാര്‍, പശുക്കള്‍, നദികള്‍, വനങ്ങള്‍, തടാകങ്ങള്‍ എന്നുവേണ്ട സുന്ദരങ്ങളായ അനേകദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് കാണായി. യജ്ഞശാലകള്‍ നിറഞ്ഞ നഗരമതാ മുന്നില്‍ കാണുന്നു. മാളികകളും കോട്ടകളും അവിടെ സുലഭം. സ്വര്‍ഗ്ഗസമാനമായ ആ നഗരം ആരുടേതാണ്? ദേവതുല്യനായ ഒരു രാജാവ് വനത്തില്‍ വേട്ടയ്ക്കായി പോകുന്നതും ആകാശത്ത് സാക്ഷാല്‍ അംബികാദേവി വിമാനത്തില്‍ ഇരിക്കുന്നതും ഞങ്ങള്‍ കണ്ടു. നിമിഷനേരംകൊണ്ട് വിമാനം വീണ്ടും പറന്നു നീങ്ങി. വിമാനം മറ്റൊരു മനോഹരദേശത്താണിപ്പോള്‍. അവിടെ കല്‍പ്പവൃക്ഷത്തണലില്‍ കാമധേനുവായ സുരഭി നില്‍ക്കുന്നു. ആ ദിവ്യപശുവിന്റെ അടുക്കല്‍ നാലുകൊമ്പുള്ള ഒരാനയും, മേനക മുതലായ അപ്‌സരസ്സുകളും നില്‍ക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാധരന്മാരും ഗന്ധര്‍വ്വന്മാരും പലവിധ മുദ്രകളോടെ നൃത്തവും പാട്ടും പൊടിപൊടിക്കുന്നു. ദേവേന്ദ്രന്‍ പൌലോമിയോടുകൂടി അവിടെ ക്രീഡിക്കുന്നു. ആ ദേവലോകത്ത് വരുണന്‍, കുബേരന്‍, യമന്‍, സൂര്യന്‍, അഗ്‌നി എന്നിങ്ങനെ അനേകം ദേവന്മാരെ ആടയാഭരണവിഭൂഷിതരായി ഞങ്ങള്‍ കാണുകയുണ്ടായി. അപ്പോള്‍ ഒരു രാജാവ് ദേവേന്ദ്രനെപ്പോലെ ഒരുങ്ങിവന്ന്! ഒരു പല്ലക്കിലേറിപ്പോകുന്നതും ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ വിമാനം വീണ്ടും ഉയര്‍ന്നുപൊങ്ങി മുന്നോട്ടു നീങ്ങി. ദേവന്മാര്‍പോലും നമിക്കുന്ന ബ്രഹ്മലോകത്തേയ്ക്കാണ് വിമാനം ഇത്തവണ എത്തിയത്. അവിടെയിരിക്കുന്ന ബ്രഹ്മാവിനെക്കണ്ട് ഹരിയും ഹരനും വിസ്മയപ്പെട്ടു. ബ്രഹ്മസദസ്സില്‍ സര്‍വ്വദേവന്മാരും പ്രകൃതിവിഭൂതികളടക്കം സന്നിഹിതരായിരുന്നു. ഈ നാന്മുഖന്‍ ആരാണെന്ന് വിഷ്ണുവും ശിവനും എന്നോടു ചോദിച്ചു. 'ആരാണീ സൃഷ്ടാവെന്ന് എനിക്കറിയില്ല' എന്ന് ഞാന്‍ പറയുകയും ചെയ്തു. ഞാനും ഇവരും ഇദ്ദേഹവും എല്ലാം ആരാണ്? എന്താണീ മോഹദൃശ്യത്തിന്റെ അര്‍ത്ഥം? ഉടനെതന്നെ മനോവേഗത്തില്‍ വീണ്ടും വിമാനം പുറപ്പെടുകയായി. പെട്ടെന്നു തന്നെ യക്ഷഗണങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അതിരമണീയമായ കൈലാസത്തില്‍ വിമാനമെത്തി. വീണാമൃദംഗാദി നാദമേളങ്ങള്‍കൊണ്ട് മുഖരിതമായ കൈലാസത്തില്‍ തന്റെ വാഹനമായ കാളപ്പുറത്ത് പരമശിവന്‍ ആഗതനായി. മുക്കണ്ണനായ ഭഗവാന്‍ പുലിത്തോലണിഞ്ഞും ഗംഗയെ മുടിയില്‍ ചാര്‍ത്തിയും പഞ്ചമുഖനായി കാണപ്പെട്ടു. മഹാവീരന്മാരായ ഗണപതിയും സ്‌കന്ദനും, ശിവവാഹനമായ നന്ദിയും ഭൂതഗണങ്ങളോടൊപ്പം അവിടെ കാണപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഹരനെക്കൂടാതെ 'ആരാണീ 'അന്യ ശങ്കരന്‍?' എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഉടനെതന്നെ ഒരു മഞ്ഞുമലയ്ക്ക് മുകളിലേയ്ക്ക് വിമാനം പറന്നുപൊങ്ങി. ഇത്തവണ വൈകുണ്ഡത്തിലാണ് വിമാനം ഇറങ്ങിയത്. അവിടത്തെ ഐശ്വര്യം എങ്ങിനെ വര്‍ണ്ണിക്കാനാവും? അതിവിശിഷ്ടമായ ആ സ്ഥലം കണ്ടു വിഷ്ണുപോലും അത്ഭുതപ്പെട്ടു. കായാമ്പൂനിറം, മഞ്ഞപ്പട്ട്, നാല് തൃക്കൈകള്‍, ദിവ്യാഭരണങ്ങള്‍, ഗരുഡവാഹനം ഒക്കെയായി ഗരുഡ വാഹനത്തിന്മേല്‍ അതാ ഭഗവാന്‍ വിഷ്ണുവിരിക്കുന്നു. ലക്ഷ്മീദേവിയാല്‍ സേവിതനായി അവിടെയിരിക്കുന്ന വിഷ്ണുവിനെ വിമാനത്തിലുള്ള വിഷ്ണു സാകൂതം വീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.