സംഘടനാ പാടവം

Friday 15 April 2016 7:46 pm IST

എന്തിനെയും സംഘടിതമായി നശിപ്പിക്കാനുള്ള ഒരു പ്രവണത ഇന്നുസമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. 'പ്രതികരണശേഷിയുള്ള തലമുറയുടെ' ചിഹ്നമായിട്ടാണ് പലപ്പോഴും ഇതിനെ വ്യാഖ്യാനിക്കുന്നത്. സംഭവങ്ങളോട് അക്രമാസക്തമായി പ്രതികരിക്കുന്നതിന് മുന്‍പ് ചെയ്യാന്‍ പോകുന്നതിന്റെ തെറ്റും ശരിയും ആത്മപരിശോധനയിലൂടെ അന്വേഷിച്ചു കണ്ടെത്തുക. അങ്ങനെ ചെയ്താല്‍ നശിപ്പിച്ചു പ്രതികരിക്കുന്നത് തെറ്റാണെന്ന് ബോധ്യപ്പെടും. വിവേകപൂര്‍വം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്തതാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ദുര്‍ബലത. വ്യക്തിമനസ്സിന്റെ ആഴങ്ങളിലെവിടെയോ അടിഞ്ഞുകൂടി കിടക്കുന്ന വെറുപ്പും വിദ്വേഷവും സമൂഹത്തോടു പ്രകടിപ്പിക്കുന്ന ഒരവസ്ഥയാണ് ഇന്നു നമ്മള്‍ കാണുന്നത്. സ്‌നേഹംകിട്ടേണ്ട സമയത്ത് അതു വേണ്ടത്ര കിട്ടാത്തതുകൊണ്ടാണോ ഇങ്ങനെ പലരും പെരുമാറുന്നത് എന്നു തോന്നിപ്പോകുന്നു. അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒക്കെ ഒരാള്‍ക്ക് വേണ്ട സമയത്ത് സ്‌നേഹം ലഭിക്കണം. അപ്പോഴാണ്, ആ വ്യക്തിക്കു മറ്റുള്ളവരെയും സ്‌നേഹപൂര്‍വം പരിഗണിക്കാന്‍ കഴിയുന്നത്. വളരുന്ന കുഞ്ഞിന് മറ്റെന്തിനെക്കാളും കൂടുതലായി നല്‍കേണ്ടത് സ്‌നേഹവും ലാളനയും ഒപ്പം കൃത്യമായ ശിക്ഷണവുമാണ്. അച്ഛനമ്മമാര്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് അല്പംപോലും ഒഴിഞ്ഞുമാറാന്‍ പാടില്ല. 'അവന്‍ കുഞ്ഞല്ലേ?' എന്നു വിചാരിച്ചു നാം നിസ്സാരമായി തള്ളിക്കളയുന്ന പല കാര്യങ്ങളും ഭാവിയില്‍ കുട്ടിയുടെ സ്വഭാവത്തെ ബാധിച്ചെന്നു വരും. വേണ്ടസമയത്തു വേണ്ടപോലെ ഉപദേശിച്ചാല്‍ അതു തീര്‍ച്ചയായും ഫലം ചെയ്യും. അമ്മ ഒരു കഥ ഓര്‍ക്കുന്നു: മൂന്നു രാജ്യങ്ങള്‍ പരസ്പരം എപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരുന്നു. ഇവരെ ഓര്‍ത്ത് ഈശ്വരന്‍ വളരെ ഉത്കണ്ഠപ്പെട്ടു. അവസാനം ഈശ്വരന്‍ മൂന്നു രാജ്യങ്ങളിലെയും പ്രതിനിധികളെ സന്ധിസംഭാഷണത്തിന് വിളിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: 'കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണിങ്ങനെ ശത്രുത വെച്ചുപുലര്‍ത്തുന്നത്. നിങ്ങള്‍ക്കെന്താണ് വേണ്ടത്? ' ഒന്നാമത്തെ രാജ്യത്തിന്റെ പ്രതിനിധിയുടെ നേരെ തിരിഞ്ഞ് ഈശ്വരന്‍ ചോദിച്ചു: പറയൂ, നിങ്ങള്‍ക്കെന്താണ് വേണ്ടത്? അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു: 'ഒന്നാമതായി ഈശ്വരന്‍ ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കണമെങ്കില്‍ ആദ്യം ഈശ്വരന്‍ ഉണ്ടെന്നതിന് തെളിവു വേണം.' 'എന്തു തെളിവാണ് വേണ്ടത്?' ഈശ്വരന്‍ ചോദിച്ചു. ഇതുകേട്ട ഉടന്‍ രണ്ടാമത്തെ രാജ്യത്തിന്റെ പ്രതിനിധിയെ ചൂണ്ടിക്കാട്ടി ഒന്നാമന്‍ പറഞ്ഞു. 'ദാ ഇവനെയും ഇവന്റെ രാജ്യത്തെയും നശിപ്പിക്കണം. അവരെ ഒന്നാകെ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കാം. അപ്പോള്‍ മാത്രം ക്ഷേത്രങ്ങളും പള്ളികളും പണിയാം. നിങ്ങളെ ആരാധിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.' ഇതുകേട്ട് ഈശ്വരന്‍ ഞെട്ടിപ്പോയി. നിശ്ശബ്ദനായിരുന്ന ഈശ്വരനെ നോക്കി ഒന്നാമന്‍ തുടര്‍ന്നു. 'മനസ്സിലായി നിങ്ങള്‍ക്കതിനു കഴിയില്ല. നിങ്ങള്‍ നിസ്സഹായനാണ്.' ഈശ്വരന്‍ രണ്ടാമത്തെ പ്രതിനിധിയുടെ നേരെ തിരിഞ്ഞു. അയാള്‍ പറഞ്ഞു. 'ഭഗവാനേ, ഞങ്ങള്‍ക്കു വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു ചെറിയകാര്യം സാധിച്ചു തന്നാല്‍ മതി. എന്റെ ഈ സുഹൃത്തിന്റെ രാജ്യം ഭൂപടത്തില്‍ കാണരുത്. അതിനെ അവിടെനിന്നു പൂര്‍ണമായി തുടച്ചുമാറ്റണം. ഇനിയൊരു പക്ഷേ, അങ്ങേയ്ക്കതു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങളതു ചെയ്തുകൊള്ളാം.' അപ്രതീക്ഷിതമായ അടിയേറ്റതുപോലെ, ഇത്തവണ ഈശ്വരന്‍ യഥാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചിരുന്നു പോയി. ഈശ്വരവിശ്വാസികള്‍ ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുടെ സ്ഥിതി എങ്ങനെയായിരിക്കും. കുറച്ചുസമയത്തേക്ക് ഈശ്വരനൊന്നും മിണ്ടാനേ കഴിഞ്ഞില്ല. അവസാനം, വളരെ ഭവ്യതയോടെയും വണക്കത്തോടെയും നിന്നിരുന്ന മൂന്നാമത്തെ രാജ്യത്തിന്റെ പ്രതിനിധിയുടെ നേര്‍ക്കു തിരിഞ്ഞു. അയാള്‍ ഈശ്വരനെ താണുതൊഴുതു നമസ്‌കരിച്ചു. ഈശ്വരനു സന്തോഷമായി. ഇയാളെങ്കിലും കാര്യം മനസ്സിലാക്കും. പുഞ്ചിരിച്ചുകൊണ്ടു ഭഗവാന്‍ ചോദിച്ചു: 'കുഞ്ഞേ നിനക്കെന്താണ് വേണ്ടത്?'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.