'സ്വപ്‌നം' തെരഞ്ഞെടുപ്പ് ചിഹ്നമാക്കി സാക്ഷാത്കരിച്ച സ്ഥാനാര്‍ത്ഥി

Friday 15 April 2016 8:16 pm IST

തന്റെ സ്വപ്‌നം തെരഞ്ഞെടുപ്പ് ചിഹ്നമായി വാങ്ങി മത്സരിച്ച് മത്സരിച്ച് ജനങ്ങളുടെ ആവശ്യമായി മാറ്റി സാക്ഷാത്കരിച്ച ഒരു സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. ആലപ്പുഴയുടെ തീരദേശത്ത് ജനിച്ച തീവണ്ടി പിള്ള എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ഓമനപ്പിള്ള. തീരദേശ റെയില്‍പാത എന്ന ആശയം അവതരിപ്പിച്ച കെ.എല്‍. ഓമനപ്പിള്ള ഇന്ന് രാഷ്ട്രീയക്കാരുടെ നന്ദികേടില്‍ വിസ്മൃതിയിലായി. ഓരോ തെരഞ്ഞെടുപ്പിലും മുതിര്‍ന്ന വോട്ടര്‍മാരുടെ ചിന്തയില്‍ മാത്രം ഒളിമിന്നുന്ന ആ പേര്‍ എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. തീരദേശ റെയില്‍വേ എന്ന ഓമനപ്പിള്ളയുടെ ആശയത്തെ അന്ന് രാഷ്ട്രീയക്കാരും ബന്ധപ്പെട്ട അധികാരികളും പുച്ഛിച്ച് തള്ളുകയായിരുന്നു. ''കടപ്പുറത്ത് കൂടി തീവണ്ടി ഓടിക്കാന്‍ പോകുന്ന വിഡ്ഢി' എന്ന് ചിലര്‍ പരിഹസിച്ചു. ചിലര്‍ 'തീവണ്ടിപ്പിള്ള' എന്നു വിളിപേര്‍ നല്‍കി. 'വടക്കേ ഇന്ത്യയില്‍ നിന്ന് എത്തി വിവരക്കേട് പറയുന്ന വക്കീല്‍' എന്ന് ചിലര്‍ പരിഹസിച്ചു. പരിഹസിക്കുന്നവരോട് ചിരിച്ചുകൊണ്ട് നിങ്ങളെ ഞാന്‍ ഒരിക്കല്‍ തീരദേശ വണ്ടിയില്‍ കയറ്റും എന്ന് മറുപടി നല്‍കി നടന്നുനീങ്ങിയ ഉയരമുള്ള മനുഷ്യന്‍. ആലപ്പുഴ ചെട്ടിക്കാട് കുരിശിങ്കല്‍ ലോനന്‍പിള്ള വക്കീലിന്റെ മകന്‍ വെറുതെ ജീവിതം പാഴാക്കുകയാണെന്ന് ചിലര്‍ പരിഹസിച്ചു. മുംബൈയില്‍ അഭിഭാഷകനായി ജോലി നോക്കിയ ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഓമന പിള്ള ആലപ്പുഴക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന തീരദേശ പാതയെന്ന ആശയം അവതരിപ്പിച്ചു. തന്റെ ആശയം അദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വത്തെയും അറിയിച്ചു. എന്നാല്‍ അവരെല്ലാം വിഡ്ഢി ആശയമായി വ്യാഖ്യാനിച്ച് തള്ളുകയായിരുന്നു. കേന്ദ്രം ഭരിച്ച ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഓമനപ്പിള്ളയുടെ നിരന്തര ആവശ്യം അവഗണിച്ചതോടെ ജനങ്ങള്‍ക്ക് മുമ്പില്‍ തന്റെ ആശയം വെക്കാന്‍ തീരുമാനിച്ചു. അതിന് പറ്റിയ ഏറ്റവും നല്ല അവസരമായി തെരഞ്ഞെടുപ്പിനെ കണ്ടു. അങ്ങനെ അഞ്ച് തവണ തീവണ്ടി ചിഹ്നത്തില്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചു. നാലുതവണയും സ്വതന്ത്രനായി. തീവണ്ടി എന്‍ജിന്‍ ചിഹ്നത്തിലാണ് മത്സരിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന മത്സരത്തില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങളില്‍ തന്റെ ആശയം എത്തിക്കുന്നതില്‍ ഓമനപ്പിള്ള വിജയിച്ചു. ഓമനപ്പിള്ളയുടെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായി ജനതാ ഭരണത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മധുദന്തവതെ തീരദേശ പാതക്ക് ആദ്യമായി അംഗീകാരം നല്‍കി. മന്ത്രിയുമായുള്ള തന്റെ വ്യക്തിബന്ധവും പാതക്ക് ഗുണമായി. പരിഹസിച്ചവരും അവഗണിച്ചവരും പതുക്കെ പതുക്കെ പിതൃത്വം ഏറ്റെടുക്കാന്‍ എത്തി. താന്‍ പ്രവര്‍ത്തന വിജയം നേടിയപ്പോഴേക്കും സ്വത്തില്‍ ഒരുഭാഗം നഷ്ടമായിക്കഴിഞ്ഞിരുന്നു. എന്ത് നഷ്ടപ്പെട്ടാലും ദുഃഖമില്ല. തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചല്ലോ എന്നായിരുന്നു ഓമനപ്പിള്ളയുടെ പ്രതികരണം. ഒടുവില്‍ പാത വന്നു. തീവണ്ടി ഓടുന്ന ദിനവും എത്തി. ആരാലും അവഗണിക്കപ്പെട്ട് വെറും കാഴ്ചക്കാരനായി നില്‍ക്കാനായിരുന്നു ഓമനപ്പിള്ളയുടെ യോഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.